Thursday, November 17, 2011

കുംഭകോണത്തിലെ സായാഹ്നം

സായാഹ്ന സൂര്യന്റെ ഇളം വെയിലേറ്റ് ഞങ്ങൾ നടന്നു.ഇടുങ്ങിയ തെരുവുകളിലൂടെ കർപ്പൂരവും ജമന്തിയും മണക്കുന്ന വീഥികളിലൂടെ…കുംഭകോണം അങ്ങനെയാണ്. തെരുവകൾ തോറും മാനം മുട്ടുന്ന ഗോപുരങ്ങളുമായ് നിലകൊള്ളുന്ന ക്ഷേത്രങ്ങൾ..ക്ഷേത്രദർശനത്തിനെത്തുന്നവർക്കായ് കൂട നിറയെ പൂക്കളും നാളികേരവും കർപ്പൂരവും വിൽക്കുന്ന വഴിവാണിഭക്കാർ..തൊട്ടു തൊട്ടില്ല എന്ന രീതിയിൽ പായുന്ന വാഹനങ്ങൾ..പൗരാണികതയുടെ ചിതൽപ്പുറ്റിനകത്തെ ചെറുപട്ടണമായ് കുംഭകോണം നിലകൊള്ളുന്നു. ഏതാണ്ട് നൂറ്റിഎൺപതോളം ക്ഷേത്രങ്ങൾ കുംഭകോണത്തിനകത്തും പുറത്തുമായുണ്ട്. നവഗ്രഹക്ഷേത്രങ്ങളും ശൈവ വൈഷ്ണവ ദേവീക്ഷേത്രങ്ങളും നിറഞ്ഞു നിൽക്കുന്ന പട്ടണം. ചെറിയ നടപ്പാതകളും കവലകളും പിന്നിട്ട് ഞങ്ങളാ പൗരാണികതയെ അടുത്തറിഞ്ഞു.
കുംഭകോണം മാപ്പ് (കടപ്പാട്:ഗൂഗിൾ)
ചോളരും പാണ്ഡ്യരും മറാത്തികളും മാറി മാറി ഭരിച്ച പട്ടണത്തിന് ആയിരത്തോളം വർഷങ്ങളുടെ പഴക്കമുണ്ട്. ആ പഴമയുടെ പ്രതീകങ്ങളായ് ക്ഷേത്രങ്ങളും ഗോപുരങ്ങളും നിലകൊണ്ടു. ഇതെല്ലാം കൊണ്ടുതന്നെ ചരിത്രാന്വേഷകരുടെയും മോക്ഷപ്രാപ്തി തേടി വരുന്ന ജനസഹസ്രങ്ങളുടെയും താവളം കൂടിയാണ് കുംഭകോണം.കാവേരി നദീ തീരത്ത് സ്ഥിതിചെയ്യുന്ന പുണ്യഭൂമിയായ കുംഭകോണത്തിന് കാശിയോളം പ്രാധാന്യം പൂർവ്വികർ കല്പിച്ചു നൽകിയിട്ടുണ്ട്.
ആദികുംഭേശ്വര ക്ഷേത്രം
കുംഭകോണത്തിന്റെ ഉത്പത്തിയെക്കുറിച്ചൊരൈതിഹ്യമുണ്ട്. യുഗാരംഭത്തിൽ ബ്രഹ്മാവ് എല്ലാ ജീവജാലങ്ങളുടേയും വിത്ത് ഒരു കുടത്തിൽ സൂക്ഷിച്ചു. പക്ഷേ പ്രളയത്താൽ ആ കുടം കുംഭകോണത്തെത്തിച്ചേർന്നത്രേ.. അതിനാൽ കുംഭകോണത്തിനാ പേർ വന്നു ചേർന്നു…ഈ സംഭവത്തെ അനുസ്മരിച്ചാണ് പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മഹാമഹം ഉത്സവം നടത്തുന്നത്. മറ്റൊരു കുംഭമേളയായാണ് മഹാമഹത്തെ ജനങ്ങൾ കരുതുന്നത്. കുംഭകോണ പട്ടണത്തിന്റെ ഒത്ത നടുവിൽ നിലകൊള്ളുന്ന കുളത്തിലാണ് മഹാമഹം ഉത്സവം നടത്തിവരുന്നത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ഉത്സവത്തിന് ജനസഹസ്രങ്ങൾ കുംഭകോണത്ത് വരുന്നു.മഹാമഹം നടക്കുമ്പോൾ ഭാരതത്തിലെ പുണ്യനദികളെല്ലാം മഹാമഹക്കുളത്തിലേക്കൊഴുകുന്നുവെന്നാണ് വിശ്വാസം..
രാമക്ഷേത്രം
മാനം മുട്ടുന്ന ഗോപുരങ്ങളിൽ നിരവധി ചായം പൂശിയിരുന്നു.സായാഹ്ന സൂര്യകിരണങ്ങൾ അവയെ കൂടുതൽ സുന്ദരമാക്കി.മാനം മുട്ടിനിൽക്കുന്ന ഗോപുരം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ക്ഷേത്രഗോപുരത്തിനടുത്തെത്തിയപ്പോൾ മനസ്സിലായി ആദികുംഭേശ്വര ക്ഷേത്രഗോപുരമാണ് ഞങ്ങൾ കണ്ടത്.ചോളരാജ്യത്തിന്റെ പ്രൗഢി വെളിവാക്കുന്ന ഗോപുരം വർണ്ണശഭളമായിരുന്നു. വർണ്ണവിസ്മയമായ ക്ഷേത്രഗോപുരം കടന്ന് ഞങ്ങൾ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ചു. വിശാലമായ ചുറ്റമ്പലം,കരിങ്കൽ പാകിയ നടപ്പാത.കൊത്തുപണികളാൽ അലങ്കൃതമായ മണ്ഡപങ്ങൾ..കൽമണ്ഡപം കടന്നകത്തെത്തിയാൽ ആദികുംഭേശ്വരനെക്കാണാം..ദീപപ്രഭയിൽ നിൽക്കുന്ന ശിവലിംഗം!
സാരംഗപാണി ക്ഷേത്രം (കടപ്പാട്:വിക്കിപീഡിയ)
അല്പനേരം നിന്നശേഷം തൊട്ടടുത്തെ പാർവ്വതീസന്നിധിയിലും തൊഴുതു. മംഗളാംബികയാണിവിടെ പാർവ്വതി.എല്ലാവർക്കും മംഗളമരുളുന്ന ദേവിയുടെ സന്നിധിയിൽ നിന്നപ്പോൾ എന്തെന്നറിയാത്ത അനുഭൂതി… ചുവന്ന പട്ടണിഞ്ഞ ദേവിയെ നോക്കിനിന്ന് സമയം പോയതറിഞ്ഞില്ല. മുകുന്ദൻ വിളിച്ചപ്പോഴാണ് തിരിഞ്ഞു നോക്കിയത്..ക്ഷേത്രത്തിൽ നിന്നും പുറത്ത് വിശാലമായ കുളക്കടവുണ്ട്. അവിടെ നിന്നും നോക്കിയാൽ സാരംഗപാണി ക്ഷേത്രം കാണാം.108 വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ സാരംഗപാണീക്ഷേത്രത്തിലേക്ക് ഞങ്ങൾ നടന്നു.
സാരംഗപാണീ ക്ഷേത്രഗോപുരം കണ്ട് ഞങ്ങൾ വിസ്മയിച്ചു നിന്നു പോയി. ആകാശത്തോളമുയരമുള്ള ഗോപുരത്തിൽ ശില്പകലയുടെ വൈവിധ്യങ്ങൾ കാണാം ക്ഷേത്രഗോപുരത്തിനകത്ത് ഭരതനാട്യത്തിലെ നൂറ്റെട്ട് കരണങ്ങൾ കൊത്തിയിരുന്നു. ഗോപുരവും കടന്ന് അകത്തെത്തിയാൽ ദീപാലങ്കൃതമായ ശ്രീകോവിൽ കാണാം.പഞ്ചരംഗ ക്ഷേത്രങ്ങളിൽ രണ്ടാമതായ സാരംഗപാണീ ക്ഷേത്രം നിർമ്മിച്ചത് പല്ലവരാജാക്കന്മാരുടെ കാലത്താണ്..പിന്നീട് വിജയനഗര രാജാക്കന്മാർ ക്ഷേത്രത്തെ പുന:രുദ്ധരിച്ചു. സൂര്യൻ പടിഞ്ഞാറസ്തമിച്ചു. ചക്രവാളം ചുവപ്പിലമർന്നു.ഞങ്ങൾ രാമക്ഷേത്രത്തിലേക്ക് നടന്നു. നിരത്തിൽ തിരക്കേറിവന്നു.ഇടുങ്ങിയ വഴിത്താരകൾ പിന്നിട്ട് ക്ഷേത്രത്തിലെത്തിയപ്പോഴേക്കും നേരമിരുട്ടിയിരുന്നു.നിയോൺ ബൾബുകളാൽ അലങ്കരിച്ചിരുന്നു രാമക്ഷേത്രഗോപുരം..ഗോപുരവും കടന്ന് ഞങ്ങൾ ക്ഷേത്രത്തിലേക്ക് നടന്നു. രാമ,സീത,ലക്ഷ്മണ,ഭരത,ശത്രുഘ്ന,ഹനുമാൻ പ്രതിഷ്ഠയാണീ ക്ഷേത്രത്തിന്റെ പ്രത്യേകത. ദീർഘകായ പ്രതിഷ്ഠയുള്ള ക്ഷേത്രം അപൂർവ്വമായേ കാണുവാൻ സാധിക്കുകയുള്ളൂ.ശ്രീ കോവിലിനു മുന്നിൽ അല്പനേരം ചിലവഴിച്ചതിനുശേഷം ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു നടന്നു.

5 comments:

  1. അങ്ങനെ കുംഭകോണവും കണ്ടു. നന്ദി വിവേക്. പെട്ടെന്ന് തീർന്ന് പോയി :(

    ReplyDelete
  2. ക്ഷേത്രം മാത്രമേ ഉള്ളൂ.....? നന്ദി വിവേക്

    ReplyDelete
  3. കുംഭകോണത്തിന്റ്റെ പേരിന്റെ കഥ ഇപ്പോഴാ മനസ്സിലായത്..നോഹയുടെ പെട്ടകവുമായി എന്തോ ഒരു സാമ്യം...

    ReplyDelete
  4. നല്ല വിവരണം
    ആശംസകള്‍

    ReplyDelete
  5. മനോജേട്ടാ കുംഭകോണം ഒരിടത്താവളം ആയേ കരുതിയിരുന്നുള്ളൂ നവഗ്രഹസ്തലങ്ങള്‍ ആയിരുന്നു ലക്‌ഷ്യം.

    ശിഖണ്ടി : കുംഭകോണം നിറയെ ക്ഷേത്രമാണ് ..അത് കൊണ്ട് തന്നെ തീര്‍ഥാടകര്‍ മാത്രമേ പോകാറുള്ളൂ.

    എല്ലാവരുടെയും കമാന്റ്കള്‍ക്ക് നന്ദി .

    ReplyDelete