Friday, October 8, 2010

തിബറ്റന്‍ ബുദ്ധവിഹാരത്തിലേക്കൊരു യാത്ര

ദലൈലാമയുടെ തിബറ്റന്‍ കോളനി സന്ദര്‍ശനം പത്രങ്ങളില്‍ നിറഞ്ഞു നിന്ന ഒരു ദിവസമാണ് വിജയേട്ടന്‍ തിബറ്റന്‍ സുവര്‍ണ ക്ഷേത്രം കാണാന്‍ പോകാമെന്ന് പറഞ്ഞത്.ഇരിട്ടിയില്‍ നിന്ന് രണ്ടു മണിക്കൂര്‍ ദൂരമേയുള്ളൂ എന്നും വിജയേട്ടന്‍ കൂട്ടിച്ചേര്‍ത്തു.എന്തായാലും ഞാന്‍ വരാമെന്ന് പറഞ്ഞു.അങ്ങനെ ഒരു വെള്ളിയാഴ്ച രാവിലെ തിബറ്റന്‍ കോളനിയും സുവര്‍ണ ക്ഷേത്രവും കാണാന്‍ ഞങ്ങള്‍ പുറപ്പെട്ടു.രാവിലെ 7:30 യ്ക്ക് ഞങ്ങള്‍ കെ എസ് ആര്‍ ടി സി ബസില്‍ വിരാജ് പേട്ടയിലേക്ക് യാത്ര തുടങ്ങി.ഇരിട്ടിയില്‍ നിന്നും വളരെ അടുത്താണ് കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചെക്ക്‌ പോസ്റ്റ്‌ .അവിടെ ചായ കുടിക്കാന്‍ ബസ്‌ നിര്‍ത്തി.കൂട്ടുപുഴ പുഴയുടെ ഏതോ ഒരു കൈവഴി അതിലൂടെ ഒഴുകുന്നുണ്ടായിരുന്നു.മുന്‍പ് ബാംഗളൂര്‍ക്ക് പോകുമ്പോള്‍ പല തവണ ഈ വഴി പോയിരുന്നു എങ്കിലും പകല്‍ വെളിച്ചതിലാദ്യമായി ഈ പ്രദേശങ്ങള്‍ കാണാന്‍ കഴിയുന്നതിപ്പോഴാണ്.


അല്‍പ സമയത്തിന് ശേഷം ബസ്‌ പതുക്കെ ചുരം കയറാന്‍ തുടങ്ങി,അപ്പോഴേക്കും മഴ എവിടെ നിന്നോ ഓടിയെത്തി.മഴ വന്നത് ബസിന്റെ വേഗത കുറച്ചു.ഇടതൂര്‍ന്ന വനത്തിലൂടെയായിരുന്നു.രാവിലെ പെയ്യുന്ന മഴയും ചെറിയ തണുത്ത കാറ്റും നല്ല കാടും,എല്ലാം കൊണ്ടും സുഖകരമായ ഒരു അന്തരീക്ഷം.ബസില്‍ ആളുകളും നന്നേ കുറവ്.ചില സ്ഥലങ്ങളില്‍ ഉറവ പൊട്ടി ചെറിയ നീര്‍ച്ചാലുകള്‍ ഒഴുകുന്നുണ്ടായിരുന്നു.വിരാജ് പേട്ട എത്താനായപ്പോള്‍ കാപ്പി കൃഷിയും ഓറഞ്ച് കൃഷിയുമൊക്കെ കണ്ടു തുടങ്ങി.ദൂരെ മലമടക്കുകളില്‍ അങ്ങിങ്ങായി ചെറിയ വീടുകള്‍.കുറച്ചു കൂടി പോയപ്പോള്‍ ഒരു ചായക്കടയും ചെക്ക്‌ പോസ്റ്റും കണ്ടു.വീരാജ് പേട്ട ബസ്‌ സ്ടാണ്ടില്‍ ഞങ്ങള്‍ ബസ്‌ ഇറങ്ങി.വിരാജ് പേട്ട,കര്‍ണാടകയിലെ കുടഗ് ജില്ലയിലെ ചെറിയ ഒരു മലയോര പട്ടണം.കാര്യമായി വികസനം എത്തിയിട്ടില്ലാത്ത ബസ്‌ സ്ടാണ്ടും പരിസരവും.പല കടകളും മലയാളികളുടെതാണ്.അടുത്ത ബസ്‌ കുശാല്‍ നഗരിലേക്കാണ്.ഇനി ഒരു മണിക്കൂര്‍ കൂടി വേണം കുശാല്‍ നഗറില്‍ എത്താന്‍.അവിടെ നിന്ന് അടുത്താണ് ബൈലക്കുപ്പയിലുള്ള തിബറ്റന്‍ കോളനിയും സുവര്‍ണ ക്ഷേത്രവും.ബസ്‌ വരാന്‍ 20 മിനിറ്റ് എടുക്കും എന്നറിയാന്‍ കഴിഞ്ഞു.വെറുതെ ബസ്‌ കാത്തു നിന്നപ്പോഴാണ് പണ്ടെവിടെയോ വായിച്ചു മറന്ന ഇഗ്ഗുത്തപ്പനെ ഓര്‍മ വന്നത്.വിജയെട്ടനാണ് ഇഗ്ഗുത്തപ്പനെ കുറിച്ച് പറഞ്ഞത്.കുടകരുടെ ദേവനാണ് ഇഗ്ഗുത്തപ്പന്‍,സുബ്രഹ്മണ്യന്റെ അവതാരമായും ഇഗ്ഗുത്തപ്പനെ കരുതുന്നു.ധന ധാന്യങ്ങളുടെ ദേവനാണ് ഇഗ്ഗുത്തപ്പന്‍.മടിക്കേരിയില്‍ നിന്നും കാക്കബെയിലേക്ക് പോയാല്‍ ഇഗ്ഗുതപ്പന്റെ അമ്പലം കാണാമെന്നു വിജയേട്ടന്‍ പറഞ്ഞു.ഇഗ്ഗുത്തപ്പനെ കുറിച്ച് പറഞ്ഞു തീരുമ്പോഴേക്കും കുശാല്‍നഗര്‍ ബസ്‌ വന്നു.ഒരു പ്രൈവറ്റ് ബസ്‌ ,ഗവണ്മെന്റ് ബസ്‌ അര മണിക്കൂറില്‍ ഒന്ന് എന്ന രീതിയിലാണ് ഉള്ളത്.ഏതായാലും ഇന്ന് തന്നെ സുവര്‍ണ ക്ഷേത്രം കാണണം അതുകൊണ്ട് വേഗം ബസില്‍ ചാടി കയറി.ടിക്കറ്റ്‌നു 35 രൂപയായി ബസിലെ തിരക്ക് കണ്ടാല്‍ നാടുകാരെല്ലാം കൂടി കുശാല്‍ നഗറിലേക്ക് പോകുകയാണെന്ന് തോന്നും.പിന്നീടാണ് അറിഞ്ഞത് പച്ചക്കറിയും മറ്റും മടിക്കേരിയിലെ ചന്ദയിലെത്തിക്കാനാണ് ഈ തിരക്ക് എന്ന്.ബസ്‌ പോയിക്കൊണ്ടിരുന്നത് വിശാലമായ കാപ്പി തോട്ടങ്ങളുടെ നടുവിലൂടെയായിരുന്നു.അല്‍പ സമയത്തിനകം ഞങ്ങള്‍ സിദ്ധാപുരം ബസ്‌ സ്ടാണ്ടില്‍ എത്തി.ബസ്‌ സ്റ്റാന്‍ഡില്‍ ഒരു മുത്തപ്പന്‍ ക്ഷേത്രത്തിന്റെ പ്രവേശന കവാടം കണ്ടു.കണ്ണൂരിലെ പോലെ തന്നെ കുടഗിലും മുത്തപ്പന്‍ ക്ഷേത്രങ്ങള്‍ ധാരാളമുണ്ടെന്നു വിജയേട്ടന്‍ പറഞ്ഞു.മുത്തപ്പന്റെ ഐതിഹ്യങ്ങളില്‍ കുടഗിനുള്ള പ്രാധാന്യം വളരെ അധികമാണ്.താമസിയാതെ ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു.വീണ്ടും യാത്ര മലഞ്ചെരിവിലേക്ക് വഴിമാറി.ദൂരെ ഞങ്ങള്‍ പിന്നിട്ട പാതകള്‍ കോട മഞ്ഞു കൊണ്ട് മൂടിയിരുന്നു.റോഡെല്ലാം പൊട്ടി പൊളിഞ്ഞിരിക്കുന്നു.മഴ തോര്‍ന്നു.പലയിടത്തും കുടഗ് ശൈലിയിലുള്ള വീടുകള്‍ കാണാം.വഴിയരികില്‍ ഓറഞ്ച് മരങ്ങള്‍ കാണാം.പഴുത്തു വരുന്നതെയുള്ളു.ചില സ്ഥലങ്ങളില്‍ ഏലയ്ക്കയും കാപ്പിയും കൃഷി ചെയ്യുന്നു.കുടഗിനെ ഇന്ത്യയിലെ സ്കോട്ട് ലാന്‍ഡ്‌ എന്നാണ് വിളിക്കുന്നത്.കുന്നുകള്‍ പിന്നിട്ട ഞങ്ങള്‍ താഴ്ന്ന പ്രദേശങ്ങളില്‍ എത്തി.നെല്‍കൃഷി ചെയ്തിരുന്ന പാടശേഖരത്തിലൂടെയായി പിന്നീടുള്ള യാത്ര.ഏതാണ്ട് കുട്ടനാട്ടില്‍ എത്തിയ ഒരു അനുഭൂതിയായിരുന്നു മനസ്സില്‍.പാടങ്ങളിലെ പച്ചപ്പും ഇളം വെയിലും ദൂരെയുള്ള തെങ്ങുകളും കേരളത്തിന്റെ പ്രതീതി ജനിപ്പിച്ചു.കുശാല്‍ നഗര്‍ എത്താറായപ്പോള്‍ കുറച്ചു വലിയ കെട്ടിടങ്ങള്‍ കണ്ടു തുടങ്ങി.10 മണിയോടെ ഞങ്ങള്‍ കുശാല്‍ നഗര്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി.പേരിനൊരു ബസ്‌ സ്റ്റാന്റ് ,കാര്യമായി ബസ്സുകള്‍ ഒന്നുമില്ല.വിരാജ് പെട്ടയിലെതിനെക്കാളും വലിയ ടൌണ്‍.കഴിഞ്ഞ വര്ഷം ഞാന്‍ ബാംഗ്ലൂരില്‍ നിന്നും ബൈക്കില്‍ വന്നിരുന്നു.അന്ന് കണ്ട അതെ പോലെ തന്നെയാണ് ഇപ്പോഴും.കാര്യമായി മാറ്റമൊന്നുമില്ല.കുശാല്‍ നഗറില്‍ നിന്നും ബൈലക്കുപ്പയിലേക്ക് ബസിനു 6 രൂപ ദൂരമേ ഉള്ളൂ.ബസിനു കാത്തു നില്‍ക്കാതെ ഒരു ഓട്ടോയില്‍ ഞങ്ങള്‍ ബൈലക്കുപ്പയിലേക്ക് പുറപ്പെട്ടു.ബൈലക്കുപ്പയിലാണ് വിജയേട്ടന്റെ സുഹൃത്തിന്റെ വീട്.അദ്ദേഹം അവിടത്തെ കേന്ദ്രിയ വിദ്യാലയത്തില്‍ പഠിപ്പിക്കുന്നു.10 മിനിറ്റ് നുള്ളില്‍ ഞങ്ങള്‍ സുഹൃത്തിന്റെ വീട്ടിലെത്തി.ഉച്ചയൂണിനു ശേഷം തിബറ്റന്‍ ബുദ്ധ വിഹാരവും,സുവര്‍ണ ക്ഷേത്രവും കാണാമെന്നു വിജയേട്ടന്‍ പറഞ്ഞു.12 :30 യ്ക് ഞങ്ങള്‍ തിബറ്റന്‍ കോളനി യിലേക്ക് പുറപ്പെട്ടു.ബൈലക്കുപ്പയില്‍ നിന്നു ഏഴു കിലോമീറ്റര്‍ പോയാല്‍ തിബറ്റന്‍ സുവര്‍ണ ക്ഷേത്രത്തില്‍ എത്താം.അവിടെ ഏതാണ്ട് 15 ഓളം ക്യാമ്പ് ഉണ്ട്.ഓരോ ക്യാമ്പിലും നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നു.ഒരു ഓട്ടോയില്‍ ഞങ്ങള്‍ ബൈലക്കുപ്പയില്‍ നിന്നും പുറപ്പെട്ടു.വഴിയരികില്‍ പലയിടത്തിലും പല നിറത്തിലുള്ള തുണികള്‍ കെട്ടിയിരുന്നു.പല പല മന്ത്രങ്ങള്‍ അവയില്‍ തിബറ്റന്‍ ഭാഷയില്‍ എഴുതിയിരുന്നു.എനിക്ക് നേപ്പാളില്‍ എത്തിയ പോലെ തോന്നി.എവിടെ തിരിഞ്ഞു നോക്കിയാലും ലാമമാര്‍.ഏക്കറുകണക്കിന് ചോളം കൃഷി ചെയ്തിരിക്കുന്നു.ഒരു കുന്നു മുഴുവന്‍ ചോളം അതിനറ്റത്തായി ഒരു ബുദ്ധവിഹാരം.തെളിഞ്ഞ ആകാശം.മനോഹരമായ കാഴ്ചയായിരുന്നു അത്.ചില സ്ഥലങ്ങളില്‍ മെറൂണും മഞ്ഞയും കലര്‍ന്ന വസ്ത്രങ്ങളിട്ടു ലാമമാര്‍ ഒറ്റയ്ക്കും കൂട്ടത്തോടെയും നടക്കുന്നു.വഴിയരികില്‍ ഒരു വോളി ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നു.ഗാലറി മുഴുവന്‍ ലാമമാര്‍.ആര്‍പ്പു വിളികള്‍ ഉച്ചത്തിലായിരുന്നു.സമയം നട്ടുച്ചയായതായി തോന്നിയില്ല.കുറച്ചു കൂടി പോയപ്പോള്‍ ഒരു മാര്‍ക്കറ്റ്‌ കണ്ടു.തിരിച്ചു വരുമ്പോള്‍ മാര്‍ക്കറ്റില്‍ കയറാം എന്ന് തോന്നി.അവസാനം ഞങ്ങളുടെ ഓട്ടോ തിബറ്റന്‍ സുവര്‍ണ ക്ഷേത്രത്തിനു മുന്‍പില്‍ നിര്‍ത്തി.അവിടെ നാം ഡ്രോ ലിങ്ഗ് മൊണാസ്ട്രി എന്ന് എഴുതി വച്ചിരുന്നു. ഓട്ടോയ്ക്ക് കാശ് കൊടുത്തു ഞാനും വിജയേട്ടനും മൊണാസ്ട്രിയിലേക്ക് കയറി.കയറിയ സ്ഥലം തന്നെ ലാമമാരുടെ ഒരു ഹോസ്റ്റല്‍ ആയിരുന്നു.മുന്നോട്ടു കുറച്ചു നടന്നപ്പോള്‍ തിബറ്റന്‍ സുവര്‍ണ ക്ഷേത്രം അഥവാ പദ്മസംഭവ ബുദ്ധ വിഹാരം കണ്ടു.1999 ലാണ് തിബറ്റന്‍ സുവര്‍ണ ക്ഷേത്രം പണിതത്.മനോഹരമായ ഒരു ഉദ്യാനത്തിന്റെ മധ്യത്തിലാണ്‌ ക്ഷേത്രം.തനത് തിബറ്റന്‍ ശൈലിയില്‍ വിവിധ വര്‍ണങ്ങളിലുള്ള ചിത്രപ്പണികള്‍ നിറഞ്ഞ ഒരു ക്ഷേത്രം.1963 ല്‍ നാം ഡ്രോ ലിങ്ഗ് മൊണാസ്ട്രി പെനോര്‍ റിമ്പോച്ചേ സ്ഥാപിച്ചു.ബുദ്ധ മതത്തിലെ

തന്നെ ന്യിംഗ് മ പാരമ്പര്യമുള്ള ഒരു മൊണാസ്ട്രിയാണ് നാം ഡ്രോ ലിങ്ഗ് മൊണാസ്ട്രി.ഇന്ത്യയില്‍ നിന്നും ബുദ്ധ മതത്തെ തിബത്തിലേക്ക് പ്രചരിപ്പിച്ചിരുന്ന കാലത്ത് എഴുതപ്പെട്ടു എന്ന് കരുതുന്ന പല ഗ്രന്ഥങ്ങളിലും ന്യിംഗ് മ പാരമ്പര്യത്തെ കുറിച്ച് പറയുന്നുണ്ട്.ന്യിംഗ് മ പാരമ്പര്യത്തിലുള്ളവരുടെ ആത്മീയ ഗുരു റിംപോച്ചേ പദ്മസംഭവയുടെ ജനനവും വളരെ വിചിത്രമാണ്.താമരയില്‍ നിന്നും സ്വയം ഭു ആയാണ് പദ്മസംഭവയുടെ ജനനം എന്ന് കരുതപ്പെടുന്നു.അതിനാല്‍ ഇദ്ദേഹത്തെ ബുദ്ധന്റെ മകനായും രണ്ടാം ബുദ്ധനായും കരുതുന്നു.ആദ്യത്തെ ബുദ്ധ വിഹാരം തിബറ്റില്‍ പണിതത് പദ്മസംഭവയാണ് .അതിനാല്‍ തന്നെ സുവര്‍ണ ക്ഷേത്രത്തിലുള്ള പല തങ്ക ചിത്രങ്ങളിലും പദ്മസംഭവയെയാണ് വരച്ചിരിക്കുന്നത്.ഞങ്ങള്‍ ലാമമാര്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്ന ഒരു ഹാളിലേക്ക് പോയി.അവിടെ ബുദ്ധ മത പ്രകാരമുള്ള ചില പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുന്നുണ്ടായിരുന്നു.
കുറച്ചു നേരം അത് കണ്ടു നിന്ന ശേഷം ഞങ്ങള്‍ പ്രധാന ഗോപുരതിനുള്ളിലേക്ക് കടന്നു.പ്രധാന ഹാളില്‍ വലിയ മൂന്നു പ്രതിമകള്‍.നടുവില്‍ ശ്രി ബുദ്ധനും,ഇടതുവശത്തായി ഗുരു പദ്മസംഭവനും വലതു വശത്തായി ബുദ്ധ അമിതായുസ്സുമാണ്.
പല വ്യാളി രൂപങ്ങളും സ്വര്‍ണ നിറത്തിലുള്ള താമരയുമെല്ലാം ബുദ്ധ വിഹാരത്തിന്റെ ഭംഗി കൂട്ടുന്നു.ഞങ്ങള്‍ കുറച്ചു നേരം അവിടെ ഇരുന്നു.പിന്നീട് മനോഹരമായ തങ്ക പെയിന്റിംഗ് കാണാന്‍ ചുവരുകളില്‍ കണ്ണോടിച്ചു.എല്ലാ പെയിന്റിംഗ്കളും അതിസുന്ദരം,വളരെ സൂക്ഷ്മമായി ഗുരു റിംപോചെയുടെ ജീവിതം വരച്ചു ചേര്‍ത്തിരിക്കുന്നു.ചില പെയിന്റിംഗ് സ്വര്‍ണ വരകള്‍ കൊണ്ട് മാത്രം തീര്‍ത്തതും മറ്റു ചിലത് വിവിധ വര്‍ണങ്ങളില്‍ തീര്‍ത്തിരിക്കുന്നു.
അല്‍പ സമയത്തിന് ശേഷം ഞങ്ങള്‍ മൊണാസ്ട്രിയുടെ മറ്റൊരു വഴിയിലൂടെ പുറത്തു കടന്നു.അവിടെ കുറെ മണികള്‍ കറങ്ങുന്നുണ്ടായിരുന്നു.അവയിലെല്ലാം തന്നെ "ഓം മണി പദ്മേ ഹും"എന്ന് ആലേഖനം ചെയ്തിരിക്കുന്നു.ഈ മണികള്‍ ക്ലോക്കിന്റെ വിപരീത ദിശയില്‍ തിരിച്ചു കൊണ്ടിരുന്നാല്‍ സമാധാനവും സന്തോഷവും വരുമെന്നാണ് ബുദ്ധ മത വിശ്വാസം.കുറച്ചകലെ ലാമമാര്‍ ഫുട്ബോള്‍ കളിക്കുന്നത് കണ്ടു.


പിന്നീട് ഞങ്ങള്‍ തിബത്തന്‍ ബുദ്ധ വിഹാരത്തിന്റെ മുന്‍ ഭാഗത്ത്‌ വന്നു.ബുദ്ധമതത്തിന്റെ തനിമ ചോരാതെ നില്‍ക്കുന്ന പദ്മസംഭവ ബുദ്ധ വിഹാരത്തോട്‌ ഞങ്ങള്‍ വിടപറഞ്ഞു.

Sunday, October 3, 2010

ആയില്യം നാളില്‍ പെരളശ്ശേരി അമ്പലത്തിലേക്കൊരു യാത്ര

ഉത്തര കേരളത്തിലെ പ്രധാന നാഗക്ഷേത്രങ്ങളില്‍ ഒന്നാണ് കണ്ണൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പെരളശ്ശേരി അമ്പലം.കണ്ണൂരില്‍ നിന്നും കൂത്തുപറമ്പ് ലേക്കുള്ള വഴിയില്‍ ഏതാണ്ട് 15 കി മി സഞ്ചരിച്ചാല്‍ പെരളശ്ശേരിയില്‍ എത്താം,ടി.വ.എസ് ല്‍ നിന്നും രാജിവച്ചു വീട്ടിലിരുന്ന ഒരു ദിവസമാണ് പെരളശ്ശേരി യില്‍ പോകണമെന്ന് തോന്നിയത്.അടുത്ത ദിവസം വൈകുന്നേരം ഞാനും അമ്മയും പെരളശ്ശേരിയിലേക്ക് പുറപ്പെട്ടു.വൈകുന്നേരം 5 മണിയോടെ ഞങ്ങള്‍ അമ്പലത്തിലെത്തി.വൈകുന്നെരമായതിനാലാകണം നല്ല തിരക്കുണ്ട്.ഞാന്‍ അമ്മയോട് പറഞ്ഞു.പക്ഷെ ക്ഷേത്രത്തിനകത്ത് എത്തിയപ്പോഴാണ് ആയില്യം നാളാണ് എന്നറിഞ്ഞത്.നാഗ പൂജയ്ക്ക് പ്രാധാന്യമുള്ള ദിവസമാണല്ലോ ആയില്യം.പെരളശ്ശേരിയില്‍ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യനാണ്.വടക്കേ മലബാറിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്നാണ് പെരളശ്ശേരി അമ്പലം.കൂടാതെ നാഗ പ്രതിഷ്ഠയും,ശാസ്താവും ഗണപതി പ്രതിഷ്ഠയും ഉണ്ട്. മുന്‍പ് ഈ ക്ഷേത്രം ഒരു അയ്യപ്പന്‍ കാവായിരുന്നത്രേ അതിനു ശേഷം ശ്രീരാമനാണ് ഇപ്പോള്‍ കാണുന്ന സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയത്.അതിനു മുന്‍പ് അയ്യപ്പക്ഷേത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.ഈ സ്ഥലം അയ്യപ്പന്‍കാവ് എന്നാണ് അറിയപ്പെട്ടിരുന്നത്.
‌വനവാസകാലത്ത് രാവണന്‍ സീതയെ അപഹരിച്ചപ്പോള്‍ ശ്രീരാമന്‍ ഇവിടെ എത്താനിടയായി.ക്ഷേത്രം ദര്‍ശിച്ച ശ്രീരാമനു ഇവിടെ സുബ്രഹ്മണ്യ സാന്നിധ്യം അനുഭവപ്പെടുകയും ആ ചരിത്രം ഹനുമാനോടും
ലക്ഷ്മണനോടും പറഞ്ഞു.ഒരിക്കല്‍ ബാല സുബ്രഹ്മണ്യന്‍ ബ്രഹ്മാവിനൊട് ഒം കാരത്തിന്‍റെ പൊരുള്‍ ചോദിച്ചു.എന്നാല്‍ ബ്രഹ്മാവിനു അതിന്‍റെ അര്ത്ഥംയഥാവിധി പറഞ്ഞു കൊടുക്കാന്‍ പറ്റിയില്ല.ഇതില്‍ ദേഷ്യം വന്ന സുബ്രഹ്മണ്യന്‍
ബ്രഹ്മാവിനെ തടവിലിടാന്‍ ‌വീരബാഹുവിനോട് പറഞ്ഞു.പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവ് തടവിലായത് പ്രപഞ്ചത്തില്‍ സ്രഷ്ടി നിലയ്ക്കാന്‍ കാരണമായി.പിന്നീട് പരമേശ്വരന്‍റെ നിര്‍ദേശപ്രകാരം ബ്രഹ്മാവിനെ സുബ്രഹ്മണ്യന്‍ മോചിപ്പിച്ചു.പക്ഷേ പ്രായശ്ചിത്തം ചെയ്യേണ്ടി വന്നു.കുറച്ചുകാലം അജ്ഞാത വാസത്തില്‍ കഴിയേണ്ടി വന്നു.അതനുസരിച്ചു അയ്യപ്പന്‍ കാവിലെ പൊട്ടക്കിണറ്റില്‍ സര്‍പ്പരൂപത്തില്‍ ഏകാന്തവാസം നയിച്ചു.‌വെയിലും മഴയും കൊള്ളാതെ സര്‍പ്പങ്ങള്‍ തന്നെ കിണറിനു മുകളില്‍ ഫണം കുടയാക്കി പിടിച്ചു അദ്ദേഹത്തെ കാത്തു പോന്നു.
അതു കൊണ്ട് ഇവിടെ സുബ്രഹ്മണ്യസ്വാമിക്ക് സുപ്രധാന സ്ഥാനം നല്കി പൂജിക്കണമെന്നു പറഞ്ഞു.
അങ്ങനെ അവര്‍ ക്ഷേത്രദര്‍ശനം നടത്തുകയും,ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തേണ്ടതിന്‍റെ ഔചിത്യത്തെക്കുറിച്ച് അയ്യപ്പനുമായി ആശയവിനിമയം നടത്തുകയും ചെയ്തു.അയ്യപ്പന്‍ താനിരിക്കുന്ന പ്രധാന ശ്രീകോവില്‍ സുബ്രഹ്മണ്യ പ്രതിഷ്ഠയ്ക്കു തരാമെന്ന് പറഞ്ഞു.ആ ശ്രീകോവിലിന്‍റെ തെക്കു ഭാഗത്തായ് തനിക്ക് സ്ഥാനം നല്കിയാല്‍ മതിയെന്നും ശ്രീ രാമനോട് പറഞ്ഞു. ‌വിഗ്രഹത്തിനായി ശ്രേഷ്ഠമായ ശില കണ്ടെത്താന്‍ ശ്രീ രാമന്‍ ഹനുമാനെ പറഞ്ഞു വിട്ടു.വിഗ്രഹത്തിനു പോയ ഹനുമാന്‍ പ്രതിഷ്ഠാമുഹുര്ത്തമായിട്ടും തിരിച്ചെത്തിയില്ല.ശുഭമുഹുര്ത്തം തെറ്റാതിരിക്കാന്‍ ശ്രീ രാമന്‍ തന്‍റെ കൈയ്യിലെ പെരുവള ഊരിയെടുത്ത് ബിംബത്തിന്‍റെ സഥാനത്ത് പ്രതിഷ്ഠിച്ചു.അപ്പോഴേക്കും ഹനുമാന്‍ ബിംബവുമായ് എത്തി.ശ്രീ രാമന്‍ വളയുടെ മുകളില്‍ തന്നെ പ്രതിഷ്ടിക്കാന്‍ നോക്കുന്നതു കണ്ട ഹനുമാന്‍ വള എടുത്തിട്ടു പ്രതിഷ്ഠിച്ചുകൂടെ എന്നു ചോദിച്ചു.‌വള തിരിച്ചെടുക്കാന്‍ ഹനുമാന്‍ ശ്രമിച്ചപ്പോള്‍ വള ഇളകിയില്ലെന്നു മാത്രമല്ല ഒരു സര്‍പ്പം വന്നു വളയില്‍ ഇരുന്നു എടുക്കരുതെന്ന് ഫണം കാണിച്ചു.തുടര്‍ന്ന് ശ്രീ രാമന്‍ വളയുടെ മുകളില്‍ തന്നെ ബിംബം പ്രതിഷ്ഠിച്ചു.
അങ്ങനെ പെരുവള ഊരി പ്രതിഷ്ഠിച്ചതിനാല്‍ പെരുവളശ്ശേരി എന്ന് അറിയപ്പെട്ടു,കാലാന്തരത്തില്‍ ലോപിച്ചു പെരളശ്ശേരി എന്നു രൂപാന്തരം പ്രാപിച്ചു.


ക്ഷേത്രത്തില്‍ ദീപാരാധന തുടങ്ങുന്ന സമയമായിരുന്നു.ഞങ്ങള്‍ നാലമ്പലത്തില്‍ കടന്നു.ക്ഷേത്രത്തില്‍ ദീപാരാധന തുടങ്ങുന്ന സമയമായിരുന്നു.ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച ചുറ്റമ്പലത്തില്‍ കയറിയപ്പോള്‍ മുന്‍പെങ്ങും കിട്ടാത്ത ഒരു ശാന്തത തോന്നി.സുബ്രഹ്മണ്യനെ തൊഴുതു ക്ഷേത്രം വലം വച്ചു.അതിനു ശേഷം ഗണപതിയെയും അയ്യപ്പനെയും തൊഴുതു.പുറത്തു നാഗ പ്രതിഷ്ഠയില്‍ മുട്ട ഒപ്പിച്ചു.സര്‍പ്പ ബലിയും നാഗ പ്രതിഷ്ഠയിലെ മുട്ട ഒപ്പിക്കലുമാനത്രേ ഇവിടത്തെ പ്രധാന വഴിപാട്.എല്ലാ മാസത്തിലെയും ഷഷ്ടിയും ആയില്യവും പ്രധാന ദിവസങ്ങളായി കരുതിപ്പോരുന്നു.ക്ഷേത്രത്തിനു പുറത്തു എത്തിയപ്പോഴേക്കും സമയം 7 മണി കഴിഞ്ഞു.ദീപപ്രഭയില്‍ കുളിച്ചു നില്ക്കുന്ന സുബ്രഹ്മണ്യനെ കണ്ട സംതൃപ്തിയോടെ തിരിച്ചു വീട്ടിലേക്കു പുറപ്പെട്ടു.

Saturday, September 4, 2010

ദക്ഷിണ മൂകാംബികയിലെക്കൊരു യാത്ര

എന്‍റെ പല യാത്രകളും അപ്രതീക്ഷമായിരുന്നു.ഒരിക്കലും ശരിയായ തയ്യാരെടുപ്പില്ലാതെയായിരുന്നു യാത്ര ചെയ്തിരുന്നത്.അത് പോലെയുള്ള ഒരു യാത്രയിലായിരുന്നു ഞാന്‍ ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് അമ്പലം സന്ദര്‍ശിച്ചത്.പതിവുപോലെ ഒരു ഓഫീസ് ദിവസം വയ്കുന്നേരം സോനു പറഞ്ഞു കോട്ടയം പോകാമെന്ന്.ഒരു സുഹൃത്തിന്റെ പെങ്ങളുടെ കല്യാണത്തിന്.പിറ്റേന്ന് ഞായരഴ്ച്യായതിനാല്‍ ഞാനും സമ്മതിച്ചു.അങ്ങനെ ഞങ്ങള്‍ യാത്ര തിരിച്ചു.കോട്ടയത്തില്‍ എത്തിയപ്പോള്‍ ഞായറാഴ്ച ഉച്ചയായിരുന്നു.കുമരകവും പരിസരവും ഒക്കെ കറങ്ങി ഞങ്ങള്‍ ഹോട്ടല്‍ റൂമിലെത്തി.രാത്രി സുഹൃത്തിനെ കാണാന്‍ ചിങ്ങവനത്തിലേക്ക് പുറപ്പെട്ടു.ചിങ്ങവനതിലെത്തും മുന്പ് പനച്ചിക്കാട് എന്ന ബോര്‍ഡ്‌ കണ്ടു.പിറ്റേന്ന് കാലത്ത് പോകാമെന്ന് തോന്നി.രാവിലെ 6 മണിക്ക് എഴുന്നേറ്റു.ഞങ്ങളുടെ പല സുഹൃത്തുക്കളും വന്നിരുന്നു.അതിലൊരുവനായ നിഖിലിനെയും കൂട്ടി ഞാന്‍ കോട്ടയം ബസ്‌ സ്റ്റാന്റ്ലേക്ക് പുറപ്പെട്ടു. മഴ കുറേശ്ശെ പെയ്യുന്നുണ്ടായിരുന്നു.കോട്ടയം നഗരത്തില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയാണ് പനച്ചിക്കാട് അമ്പലം സ്ഥിതിചെയ്യുന്നത്.കേരളത്തിലെ ഏക സരസ്വതി ക്ഷേത്രമെന്ന ഖ്യാതിയും ഈ ക്ഷേത്രത്തിനു ഉണ്ട്. മുന്‍പൊരിക്കല്‍ ഈ ക്ഷേത്രം കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.പക്ഷെ അവസരം ഒത്തു വന്നത് ഇപ്പോഴാണെന്നു മാത്രം.

തലേന്നു രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ ബസ്‌ സ്ടാണ്ടും പരിസരവുമെല്ലാം ചളിക്കുളമായിരുന്നു.മഴ ശക്തിപ്പെടുന്നതിന് മുന്പ് ബസ്‌ സ്ടാണ്ടില്‍ എത്തണം.ഞങ്ങള്‍ നടത്തത്തിനു വേഗത കൂട്ടി.ബുസ്സ്ടാണ്ടില്‍ എത്തിയപ്പോഴേക്കും മഴ ശക്തിയായി പെയ്തു.അടുത്ത് കണ്ട പീടികയില്‍ കയറി ചിങ്ങവനതിലെയ്ക്കുള്ള ബസ്‌ നിര്‍ത്തുന്ന ഇടം ചോദിച്ചു മനസ്സിലാക്കി.ഒരു വിധം ബസ്‌ കണ്ടു പിടിച്ചു.തിരക്ക് കൂടുന്നതിന് മുന്പ് ബസില്‍ കയറി പറ്റി.ബസില്‍ നല്ല തിരക്കുണ്ടായിരുന്നെങ്ങിലും ഇരിക്കാന്‍ സീറ്റ്‌ കിട്ടി.ശക്തമായ മഴയായതിനാല്‍ പലരും മഴയെ ശപിച്ചുകൊണ്ട് ബസില്‍ കൂനിക്കൂടിയിരുന്നു.ഏതാണ്ട് 40 മിനിറ്റ് കൊണ്ട് ഞങ്ങള്‍ ചിങ്ങവനം സ്റ്റോപ്പില്‍ എത്തി.അവിടെ നിന്നും 4 കിലോമീറ്റര്‍ മാത്രമേ ഉള്ളൂ പനചിക്കാട്ടിലേക്ക്.

അടുത്തുകണ്ട ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോ പിടിച്ചു. 11 മണി വരെ മാത്രമേ നട തുറക്കൂ. സമയം ഏതാണ്ട് 10 മണിയായി.അടുത്ത മഴ ഞങ്ങളില്‍ പെയ്തിറങ്ങി.താമസിയാതെ ഓട്ടോ ക്ഷേത്രഗോപുരത്തിന് മുന്‍പില്‍ നിര്‍ത്തി.ഓട്ടോ ഡ്രൈവര്‍ 50 രൂപ വാങ്ങി.ക്ഷേത്ര ഗോപുരവും കടന്നു ഞങ്ങള്‍ പ്രധാന പ്രതിഷ്ഠയായ വിഷ്ണു ക്ഷേത്രത്തിലെത്തി.അവിടെ തൊഴുതു.
അടുത്ത് തന്നെയാണ് സരസ്വതി പ്രതിഷ്ഠ.ഒരു കുളക്കടവിന്റെ പ്രതീതിയാണ് അവിടെ ചെന്നാലുണ്ടാകുക. സരസ്വതി ദേവിയെ ഒരു ബിംബത്തിലാണ് പ്രതിഷ്ടിച്ചിരിക്കുന്നത്. അടുത്തുള്ള ഒരു മണ്ഡപത്തില്‍ ഒരു വൃദ്ധന്‍ വിദ്യാരംഭം കുറിക്കുന്നത് കണ്ടു. ഞാന്‍ അദ്ദേഹത്തോട് ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ച് ചോദിച്ചു.അദ്ദേഹം പറഞ്ഞു തുടങ്ങി.പണ്ട് വിഷ്ണു ക്ഷേത്രം മാത്രമേ ഉണ്ടായിരുന്നഉള്ളുവെന്നും,പിന്നീടാണ് സരസ്വതി പ്രതിഷ്ഠ ഉണ്ടായത് എന്നും.ക്ഷേത്രത്തിനു സമീപത്തെ ഒരു ബ്രാഹ്മണന്‍ മൂകാംബിക അമ്പലത്തില്‍ ഭജനയിരിക്കുകയും വൃദ്ധനായതിനാല്‍ തനിക്കിനി വരാന്‍ കഴിയില്ല എന്ന് കരുതി ദുഖിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം പനച്ചിക്കാട് തിരിച്ചു വന്നു.ഇപ്പോള്‍ സരസ്വതി പ്രതിഷ്ഠയുള്ള സ്ഥലം പണ്ട് ഒരു കുളക്കടവായിരുന്നു.വൃദ്ധ ബ്രാഹ്മണന്‍ കുളിക്കാന്‍ വേണ്ടി കുളക്കടവിലെത്തി തന്റെ ശീലക്കുട പടവില്‍ വച്ചു.കുളി കഴിഞ്ഞു തിരിച്ചെത്തിയ ബ്രാഹ്മണന്‍ കുടയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട പടവില്‍ ഉറച്ചതായി കാണപ്പെട്ടു.അത്ഭുതതോടെ നിന്ന ബ്രാഹ്മണന്റെ മുന്‍പില്‍ മഹാവിഷ്ണു ഒരു ബ്രാഹ്മണ രൂപത്തില്‍ വന്ന് പറഞ്ഞു കുടയില്‍ സരസ്വതി ദേവിയാണ് എന്നും അവിടെ ആ കുടയോടെ പ്രതിഷ്ടിക്കനമെന്നും പറഞ്ഞു.അതിന്‍ പ്രകാരം ബ്രാഹ്മണന്‍ സരസ്വതി ദേവിയെ അവിടെ പ്രതിഷ്ടിച്ചു.പിന്നീടു പൂജകള്‍ ചെയ്യാന്‍ വേണ്ടി ഇപ്പോള്‍ കാണുന്ന ബിംബം പ്രതിഷ്ടിച്ചു അത് ശീലക്കുടയുടെ എതിര്‍ വശത്താണ് സ്ഥിതി ചെയ്യുന്നത്.ശീലക്കുടയില്‍ പൂജ ചെയ്യാന്‍ ആ ബ്രാഹ്മണന് മാത്രമേ അധികാരമുള്ളൂ.അതിനാല്‍ ബിംബം ഒരു കണ്ണാടി പോലെ വര്‍ത്തിക്കുന്നതായി സങ്കല്പിച്ചു ബിംബത്തെ പൂജിക്കുന്നു.ശീലക്കുടയെ പിന്നീടു കാട് വന്ന് മൂടി.അങ്ങനെ സ്ഥലം പനച്ചിക്കാട് എന്ന പേരില്‍ അറിയപ്പെട്ടു.വൃദ്ധനോട് നന്ദി പറഞ്ഞു ഞങ്ങള്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്തു.സരസ്വതി പ്രതിഷ്ഠയ്ക്ക് ചുറ്റും പൂഴി മണല്‍ ഉണ്ട്.അതില്‍ പലരും ഹരി ശ്രി ഗണപതായെ നമഹ്: എന്ന് എഴുതിക്കൊണ്ടിരുന്നു,വിദ്യാരംഭത്തിലും നവരാത്രിയിലും ആണ് പ്രധാന ആഘോഷം.

അടുത്ത മഴയ്ക്ക്‌ മുന്പ് ഞാനും നിഖിലും തിരിച്ചു കോട്ടയത്തിലേക്ക് പുറപ്പെട്ടു,