Wednesday, October 5, 2011

ചിദംബര രഹസ്യം തേടിയൊരു യാത്ര…….

പ്രഭാതത്തിലെ തണുത്ത കാറ്റേറ്റാണു ഉണർന്നത്. ബസ് ഇനിയും ലക്ഷ്യത്തിലെത്തിയിട്ടില്ല, തമിഴ് നാടിന്റെ തീരങ്ങളിലൂടെ അത് കുതിക്കുകയായിരുന്നു, തൊട്ടടുത്ത സീറ്റിൽ മുകുന്ദൻ സുഖനിദ്രയിലാണു. ഉണർത്തേണ്ടെന്നു കരുതി ജനൽ പാളി പാതി തുറന്നു.സൂര്യനുദിച്ചു വരുന്നതേയുള്ളൂ..അരുണകിരണങ്ങൾ കാതങ്ങൾക്കപ്പുറത്തു നിന്നും ഉദിച്ചുയർന്നു..വിശാലമായ നെൽ വയലുകൾ..അകലെ കവുങ്ങിൻ തലപ്പുകൾ…കാഴ്ച മായുന്നു… പുതിയ തീരങ്ങൾ ഉയരുന്നു. അല്പനേരത്തെ യാത്രയ്ക്കു ശേഷം ദൂരെ ഒരു ക്ഷേത്രഗോപുരം കാണായി.. കൂടെ കണ്ടക്ടറുടെ വിളിയും…ചിദംബരം!!
കിഴക്കേഗോപുരം
ബസ് ഇറങ്ങിയതും , മുന്നിലതാ നടരാജൻ ആനന്ദതാണ്ഡവമാടിയ ചിദംബരം ക്ഷേത്രം..ഗാംഭീര്യമാർന്ന കിഴക്കേ ഗോപുരത്തിനു മുന്നിലായിരുന്നു ഞങ്ങളപ്പോൾ..നൃത്തമാടുന്ന മഹേശ്വരൻ..സാക്ഷാൽ നടരാജൻ ആനന്ദതാണ്ഡവമാടിയ സ്ഥലമാണു ചിദംബരം. നടന്നു കിഴക്കേ ഗോപുരത്തിനകത്തെത്തിയപ്പോൾ ഭരത നാട്യത്തിലെ 108 കരണങ്ങൾ ശില്പരൂപത്തിൽ കൊത്തിവച്ചിരിക്കുന്നതു കണ്ടു. ശില്പ വൈഭവം തുളുമ്പി നിൽക്കുന്ന മൂർത്ത ഭാവങ്ങൾ..ഗോപുരം കടന്ന് അകത്തെത്തിയപ്പോൾ കരിങ്കൽ പാകിയ ചുറ്റമ്പലവും ദൂരെ തീർഥക്കുളമായ ശിവഗംഗയും…പതിയെ ഞങ്ങൾ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു.
108കരണങ്ങൾ
ക്ഷേത്രത്തിനകത്ത് കടന്നയുടൻ കണ്ടത് ആയിരം കാൽ മണ്ഡപം…മണ്ഡപം കടന്ന് ഞങ്ങളെത്തിയത് ആനന്ദ താണ്ഡവമാടിയ നടരാജ സന്നിധിയിലായിരുന്നു. സാധാരണ ശിവക്ഷേത്രത്തിലെ ശിവലിംഗങ്ങളിൽ നിന്നും വ്യത്യസ്തമായി ആനന്ദതാണ്ഡവമാടുന്ന നടരാജ മൂർത്തിയാണു ഇവിടെ പ്രതിഷ്ഠ.. ക്ഷേത്രത്തിലെ പൂജാരിമാർ ദീക്ഷിതരെന്നറിയപ്പെടുന്നു.നടരാജ സന്നിധി പ്രണവ മന്ത്രധ്വനികളാൽ മുഖരിതമായി. ആനന്ദ താണ്ഡവമാടുന്ന നടരാജൻ നാട്യകലയിലെ രാജകീയ ഭാവത്താൽ നടനമാടുന്നു.. ചിദംബരത്തിലെ ഓരോ മണ്ഡപങ്ങളും സഭകളെന്നാണറിയപ്പെടുന്നത്.
രാജസഭ
ദീപാലങ്കൃതമായ ശ്രീ കോവിൽ.. ചിത് സഭയെന്നറിയപ്പെടുന്നു..ക്ഷേത്രാചാരാനുഷ്ഠാനങ്ങൾ നടത്തുന്നത് ചിത് സഭയോട് ചേർന്നുള്ള കനകസഭയിലാണു.കൊടിമരത്തിനടുത്തായി സ്ഥിതിചെയ്യുന്ന നൃത്തസഭ.. നൃത്തസഭയിലാണത്രേ ഭഗവാൻ കാളിയോട് ചേർന്ന് നൃത്തം ചെയ്തത്.പിന്നെ ആയിരം കാൽ മണ്ഡപമായ രാജസഭയും ദേവസഭയും.
ചിത്സഭയും കനകസഭയും..
ലോകത്തിന്റെ ഒത്ത നടുക്കാണു ചിദംബരക്ഷേത്രമെന്നാണു വിശ്വാസം…ത്രിഭുവനങ്ങളുടെയും മധ്യഭാഗത്ത് തില്ലൈ മരങ്ങളുടെ നടുവിൽ സാക്ഷാൽ മഹാദേവൻ ആനന്ദ താണ്ഡവമാടുന്നു. ലാസ്യ നടനമാടുന്ന പത്നി ശിവകാമി അരികെ… ശ്രീ കോവിലിലേക്ക് നോക്കിയപ്പോൾ സുവർണ്ണ ശോഭയിൽ വിളങ്ങുന്ന നടരാജ വിഗ്രഹം… പിൻ കൈകളിൽ ഢമരുവും, അഗ്നിയും..തൃക്കണ്ണുകളും ഉടലിൽ അലസമായ് കിടക്കുന്ന നാഗവും ശിരസ്സിലെ ഗംഗയും..അഭയമുദ്രയും!! മുയലകന്റെ പുറത്ത് മഹേശ്വരൻ ആനന്ദതാണ്ഡവമാടുന്നു..

നടരാജശില്പം (കടപ്പാട്: ഗൂഗിൾ)
ആനന്ദ താണ്ഡവമാടുന്ന മഹേശ്വര വിഗ്രഹം തന്നെ ചോള സാമ്രാജ്യത്തിന്റെ മുഖമുദ്രയെന്ന് കരുതാം.. സൂക്ഷ്മമായ് നിരീക്ഷിച്ചാൽ താണ്ഡവമാടുന്ന ആനന്ദമൂർത്തിയ്ക്ക് നിരവധി നിഗൂഢമായ അർത്ഥതലങ്ങൾ കാണാനാകും.സൃഷ്ടി,സ്ഥിതി, സംഹാരങ്ങളുടെ ഏകീഭാവമാണു ആനന്ദതാണ്ഡവമൂർത്തി..പിൻ കൈകളിലെ ഢമരുവിൽ നിന്ന് ജീവതാളമായ നാദമുണരുന്നു..മറുകൈയിലെ അഗ്നി സംഹാരത്തെ ദ്യോതിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെ സൂചിപ്പിക്കുന്നു. അജ്ഞാനമാകുന്ന മുയലകന്റെ പുറത്തേറി ആനന്ദ താണ്ഡവമാടുമ്പോൾ അജ്ഞാനമാകുന്ന അന്ധകാരം നശിപ്പിക്കപ്പെടുകയും വിദ്യയുടെ പ്രകാശം അവിടേക്ക് ഒഴുകുകയും ചെയ്യുന്നു.വാമഭാഗമായി ശിവകാമസുന്ദരിയായി ശ്രീ പാർവ്വതി നിലകൊള്ളുന്നു. അല്പനേരം തൊഴുകൈയ്യോടെ നിന്ന ശേഷം ശ്രീ കോവിലിനു മുന്നിലേക്കു നടന്നു. സാധാരണ ശിവക്ഷേത്രത്തിൽ നിന്നും വ്യത്യസ്തമായി വശങ്ങളിലൂടെ മാത്രമേ ശ്രീകോവിലിനു മുന്നിലേക്ക് പ്രവേശിക്കാനാകൂ..നടരാജമൂർത്തിയുടെ അരികിലെത്തിയപ്പോൾ സുവർണ്ണശോഭയ്ക്ക് പ്രഭ വർദ്ധിച്ചതുപോലെ തോന്നി.
സോമസ്കന്ദമൂർത്തി (ഒരു ചുവർ ചിത്രം)
നടരാജമൂർത്തിയുടെ അരികെ തന്നെയാണു പുകൾപെറ്റ ചിദംബര രഹസ്യവും..തിരശ്ശിലകൊണ്ട് മറച്ച നിലയിൽ കാണപ്പെട്ടതാണു ചിദംബര രഹസ്യം. എന്താണു തിരശ്ശിലയ്ക്കു പിന്നിലെന്നറിയുവാൻ ആകാംക്ഷ തോന്നി. അല്പനേരം കാത്തിരിക്കുവാൻ ദീക്ഷിതർ പറഞ്ഞതനുസരിച്ച് ഞങ്ങൾ കാത്തിരുന്നു.
ക്ഷേത്രഗോപുരം
അല്പനേരത്തിനു ശേഷം ദീക്ഷിതർ തിരശ്ശില മാറ്റിയപ്പോൾ കണ്ടത് കൂവളത്തിന്റെ സുവർണ്ണഹാരം..എന്താണു ഇതിന്റെ പിന്നിലെ രഹസ്യമെന്നാലോചിച്ചിട്ട് മനസ്സിലായില്ല. ശൂന്യതയെയാണു ഹാരമണിയിച്ചിരിക്കുന്നതെന്ന് പിന്നീട് മനസ്സിലായി.സർവ്വജഗത്തിലും വ്യാപിയായ ഭഗവാനെ കേവലം ഒരു വിഗ്രഹത്തിൽ സങ്കൽപ്പിക്കുകയെന്ന അബദ്ധം ഇവിടെ തിരുത്തപ്പെടുന്നു. ഇതാണു ചിദംബര രഹസ്യവും.മഹേശ്വരനെ ആകാശരൂപത്തിൽ സങ്കല്പിക്കുന്നതിനാൽ ചിദംബരം പഞ്ചഭൂതസ്ഥലങ്ങളിൽ ആകാശത്തെ പ്രതിനിധീകരിക്കുന്നു..ഈശ്വരൻ സകലവ്യാപിയാണെന്ന പരമസത്യം മനസ്സിലാക്കി ഞങ്ങൾ കനകസഭയിൽ നിന്നും പുറത്തുവന്നു.
നന്ദിപ്രതിഷ്ഠ..
കനകസഭയുടെ എതിർവശത്താണു രാജസഭ. ഊർദ്ധതാണ്ഡവമൂർത്തിയായ മഹാദേവനാണിവിടെ പ്രതിഷ്ഠ.ഊർദ്ധതാണ്ഡവമൂർത്തിയേയും തൊഴുത് ഗോവിന്ദരാജനായ്, അനന്ദശായിയായ മഹാവിഷ്ണു പ്രതിഷ്ഠയുടെ മുന്നിലേക്ക് ഞങ്ങൾ നടന്നു.ചോളസാമ്രാജ്യത്താൽ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളിൽ ശൈവ വൈഷ്ണവ സങ്കല്പങ്ങൾ ഒരേ സമയം കാണുവാൻ കഴിയുകയെന്നത് അപൂർവ്വമാണു.
ഗോവിന്ദരാജപെരുമാൾ ഗോപുരം
അത്തരത്തിലെ അപൂർവ്വസങ്കല്പമാണു ചിദംബരത്തിലേതും..ആനന്ദതാണ്ഡവമാടുന്ന മഹേശ്വരമൂർത്തിയുടെ നടനമാസ്വദിക്കാൻ ഗോവിന്ദരാജപ്പെരുമാളായി വിഷ്ണു സന്നിഹിധനായെന്നാണു ഐതിഹ്യം..
ക്ഷേത്രഗോപുരംമറ്റൊരു ദൃശ്യം..
ചിദംബരക്ഷേത്ര നിർമ്മിതിയിൽ ഇത്തരം അപൂർവ്വതകൾ ദർശിക്കാനാകും. ക്ഷേത്രത്തിലെ അഞ്ച് പ്രകാരങ്ങൾ മനുഷ്യശരീരത്തിലെ അഞ്ച് കോശങ്ങളുടെ പ്രതീകമാണു. ചിദ്സഭയുടെ സുവർണ്ണ മേൽക്കൂരയിലുള്ള ഇരുപത്താറായിരം സുവർണ്ണ ഇലകൾ മനുഷ്യൻ ഒരു ദിവസമെടുക്കുന്ന ശ്വാസ നിശ്വാസങ്ങളാണു.
ചിത്സഭ
ഇത്രയും ഇലകൾ ഉറപ്പിക്കുവാനുപയോഗിച്ചിരിക്കുന്ന ആണികൾ എഴുപത്തിരണ്ടായിരം നാടീവ്യൂഹത്തെ ഓർമ്മിപ്പിക്കുന്നു. മനുഷ്യശരീരത്തിൽ ഹൃദയമെന്നപോൽ ചിദബരപ്രതിഷ്ഠയും അല്പം ഇടതുവശത്തേക്ക് മാറിയിരിക്കുന്നു.
ശിവഗംഗകുളക്കടവ്
ചിദ്സഭയുടെ മുകളിലുള്ള കലശങ്ങൾ ഒൻപത് ശക്തിയെ ദ്യോതിപ്പിക്കുന്നു. അർത്ഥമണ്ഡപത്തിലെ ആറുതൂണുകൾ ആറുശാസ്ത്രത്തെയും തൊട്ടടുത്തു കിടക്കുന്ന മണ്ഡപത്തിലെ പതിനെട്ട് തൂണുകൾ പതിനെട്ട് പുരാണങ്ങളെയും സൂചിപ്പിക്കുന്നു.
ശിവഗംഗ
അതു പോലെ ചിദ് സഭയിലെ നാലുതൂണുകൾ നാലു വേദത്തെയും കയറാനുള്ള അഞ്ച് പടവുകൾ പഞ്ചാക്ഷരി മന്ത്രമായ നമ: ശിവായ യുടെ പ്രതീകമാണു.
ക്ഷേത്രദർശനത്തിനു ശേഷം ക്ഷേത്രക്കുളമായ ശിവഗംഗയുടെ പടവുകളിൽ ഞങ്ങളിരുന്നു. ബലികർമ്മങ്ങളിലേർപ്പെട്ടിരുന്നൂ ചിലർ..
ക്ഷേത്രഗോപുരം
ഗാംഭീര്യമാർന്ന ഗോപുരത്തിനുമുകളിൽ നിന്നും പക്ഷികൾ ചിറകടിച്ച് പറന്നകന്നു. മടങ്ങാനുള്ള സമയമായെന്ന ഓർമ്മപ്പെടുത്തലായിരുന്നു അത്…..


9 comments:

 1. നേരിട്ടു കണ്ടതുപോലെ..

  ReplyDelete
 2. സൂക്ഷ്മനിരീക്ഷണവും വിശദീകരണവും ഈ യാത്രാവിവരണത്തെ അതിന്റെ തലക്കെട്ടിൽ പറയുന്നത് പോലെ തന്നെ രഹസ്യം അനാവരണം ചെയ്യുന്ന ഒരു വിവരണമാക്കുന്നു.

  ReplyDelete
 3. നല്ല വിവരണം, നല്ല ചിത്രങ്ങൾ. അല്പം കൂടി തെളിച്ചം ആകാമായിരുന്നു, ചിത്രങ്ങൾക്ക്.

  ReplyDelete
 4. നല്ല യാത്രയുടെ ഭംഗിയുള്ള വിവരണം. ചിത്രങ്ങള്‍ കൂടെ ചേര്‍ന്ന് നല്ലൊരു അനുഭവം.

  ReplyDelete
 5. എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് നന്ദി…
  ശ്രീ എ ജെ ..അടുത്ത തവണ ചിത്രങ്ങളെടുക്കുമ്പോൾ നന്നായി എടുക്കാൻ ശ്രമിക്കാം..

  ReplyDelete
 6. ചെറുതെങ്കിലും മികവുറ്റ വിവരണം.നന്നായിരിക്കുന്നു വിവേക്..

  ReplyDelete
 7. നന്ദി കൃഷ്ണകുമാർ.

  ReplyDelete
 8. വിവരണം ഹൃദ്യം

  ReplyDelete