Friday, July 1, 2011

ആത്മാക്കളുറങ്ങുന്ന വിജയനഗരത്തിലേക്കൊരു യാത്ര…..

പ്രഭാത സൂര്യന്റെ ആദ്യകിരണങ്ങളേറ്റ് വാങ്ങി ബെല്ലാരി മലനിരകൾ കുങ്കുമനിറത്തിൽ മുങ്ങി.ട്രെയിൻ ഹോസ്പേട്ട് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരുന്നു. വേഗത കുറച്ച് ഒരേ താളത്തിലുള്ള അതിന്റെ കുതിപ്പിനു കാതോർത്ത് ഞാൻ ജനാലയഴികളിലൂടെ ബെല്ലാരിയുടെ പ്രകൃതിഭംഗി ആസ്വദിച്ചു. ബെല്ലാരിയിൽ നിന്നും പുറപ്പെട്ടതിനു ശേഷം ട്രെയിനിലെ തിരക്ക് അല്പം കുറഞ്ഞിരിക്കുന്നു.യാത്രക്കാർ ബ്രഷും പേസ്റ്റുമായി വാഷ് ബേസിനു ചുറ്റുമായി നിൽക്കുന്നു,ശ്രീ പാദിനു പേസ്റ്റ് കൊടുത്ത ശേഷം മുഖം തിരിച്ച് വീണ്ടും പ്രകൃതി ഭംഗിയിലേക്ക് മുഴുകി.ദൂരെ കുങ്കുമനിറത്തിലുള്ള സൂര്യൻ പേരറിയാത്ത കുന്നിൻ പുറത്ത് വർണ്ണങ്ങൾ വാരി വിതറി,കുന്നിനു മറുവശത്ത് ഭീമൻ പുകക്കുഴൽ കാണാമായിരുന്നു.

ബെല്ലാരിയ്ക്കും ഉത്തര കർണ്ണാടകയ്ക്കും വൈദ്യുതി നൽകുന്ന ബെല്ലാരി തെർമ്മൽ പവർ സ്റ്റേഷനാണത്..നേരം പുലരുമ്പോൾ തന്നെ ഗ്രാമീണർ അവരുടെ ജോലികൾ ആരംഭിച്ചിരുന്നു..കലപ്പ കൊണ്ട് നിലമുഴുതു മറിക്കുന്ന ഗ്രാമീണർ..ഒരു പുതിയ കാഴ്ചയായിരുന്നു..കുട്ടിക്കാലത്ത് കരുണാകരേട്ടൻ നിലമുഴുതു മറിക്കുന്നത് കണ്ടതിൽപ്പിന്നെ ഇപ്പോഴാണു കലപ്പ ഉപയോഗിച്ച് നിലമുഴുതു മറിക്കുന്നത് കാണുന്നത്..വികസനമിപ്പോഴുമെത്തിയില്ലെന്നു തോന്നുന്നു.നെൽകൃഷി കൂടാതെ ചിലയിടങ്ങളിൽ സവാള കൃഷിയും കണ്ടു. ഒറ്റ നോട്ടത്തിൽ നെല്ലാണെന്നു തോന്നുമെങ്കിലും ചിലയിടങ്ങളിലെ പൂക്കൾ നെൽകൃഷിയിൽ നിന്നുള്ള വ്യത്യാസം കാണിച്ചു തന്നു.കറുപ്പു നിറമുള്ള മണ്ണിൽ കർഷകർ തങ്ങളുടെ കൃഷിയിറക്കുന്നു.അല്പ ദൂരത്തെ യാത്രയ്ക്ക് ശേഷം വിശാലമായ സൂര്യകാന്തി കൃഷി കണ്ടു.കിലോമീറ്ററുകളോളം പടർന്നു കിടക്കുന്ന സൂര്യകാന്തികൾ, സൂര്യകിരണങ്ങൾക്കായുള്ള കാത്തിരുപ്പെന്നോണം തലകുനിച്ചു നിൽക്കുന്നു..അല്പ നേരത്തിനു ശേഷം ട്രെയിൻ തോരണഗല്ലു റെയിൽ വേ സ്റ്റേഷനിൽ വന്നു നിന്നു.ഇവിടെ മണ്ണും മരവും ,കെട്ടിടങ്ങളും മനുഷ്യരും ചുവന്നിരുന്നു.പ്രഭാത സൂര്യൻ ആ ചുവപ്പിനു കൂടുതൽ ഭംഗി പകർന്നു.സമീപ പ്രദേശത്തെ ഖനനം ആ നാടിനെ ചുവപ്പു നിറത്തിൽ ചാലിച്ചിരുന്നു.അല്പ നേരത്തെ വിശ്രമത്തിനു ശേഷം ഹംപി എക്സ്പ്രസ് വീണ്ടും യാത്ര തുടർന്നു. ലക്ഷ്യത്തിലെത്താനുള്ള വെപ്രാളമാണോ ട്രെയിനിനു എന്ന് തോന്നിപ്പിച്ചെങ്കിലും പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ വൈകിയാണു ട്രെയിൻ ഓടുന്നത്.കുതിച്ചും കിതച്ചും ഏഴരയോടെ ഹോസ്പേട്ടിൽ ട്രെയിൻ നിന്നു.ഉറക്കച്ചവടോടെ യാത്രക്കാർ ഹോസ്പേട്ടിൽ ഇറങ്ങി.ഒരു ചെറിയ റെയിൽ വേ സ്റ്റേഷൻ.അധികം തിരക്കില്ലാത്തതു കാരണമായിരിക്കാമങ്ങനെ തോന്നിയത്. റെയിൽ വേ സ്റ്റേഷനിലെ ബൂക്ക് സ്റ്റാളിൽ നിന്നു ഹംപിയെക്കുറിച്ചുള്ള ഒരു പുസ്തകം വാങ്ങി. പുറത്ത് ഓട്ടോക്കാർ നിരന്നു നിൽക്കുന്നു.അവർക്ക് പിടികൊടുക്കാതെ അടുത്തു കണ്ട ചായക്കടയിൽ കയറി ചായ കുടിച്ചു.ഒരൗൺസ് ഗ്ലാസിൽ കട്ടിയുള്ള ചായ. ഒരിറക്കിനു അതും തീർത്തു.കടക്കാരനോട് ഹംപിയിലേക്ക് എത്ര ദൂരമുണ്ടെന്ന് ചോദിച്ചു.കൂടെ ശ്രീ പാദും ബാലുവും ഉള്ളതിനാൽ ഭാഷ ഒരു പ്രശ്നമായ് തോന്നിയില്ല.ആറേഴു മാസത്തെ ബാംഗ്ലൂർ ജീവിതത്തിൽ അത്യാവശ്യം കന്നഡ മനസ്സിലാക്കിയിരുന്നു. പതിനാലുകിലോമീറ്ററാണു ഹംപിയിലേക്ക്.ഓട്ടോയ്ക്ക് 150 രൂപയാണു ചാർജ്. തത്കാലം ബസിൽ പോകാമെന്ന് വച്ചു.അതുകൊണ്ട് ബസ് സ്റ്റാന്റിലേക്ക് പുറപ്പെട്ടു.ഒരു കിലോമീറ്റർ ഓട്ടോയിൽ..താരതമ്യേന ചെറിയ ബസ് സ്റ്റാന്റ്.ബാംഗ്ലൂരിലെ BMTC ബസ്സുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ബസിൽ ഹംപിയിലേക്കുള്ള ടിക്കറ്റ് എടുത്തു.ഒരാൾക്ക് 14 രൂപ.സമയം 8മണി കഴിഞ്ഞിരുന്നു.ഉൾനാടൻ ഗ്രാമത്തിലൂടെയുള്ള യാത്ര ഹൃദ്യമായിരുന്നു. വഴിയരികിൽ തുംഗഭദ്രാ നദിയും കാണാം. ഏതാണ്ട് 45 മിനുട്ട് യാത്രയിൽ ഞങ്ങൾ ഹംപിയിലെത്തി.

ഹംപി ബസ് സ്റ്റാന്റിൽ ഇറങ്ങിയ ശേഷം ഒരു റൂം അന്വേഷിച്ചു നടന്നു.ബസ് സ്റ്റാന്റിൽ നിന്നും വീരുപാക്ഷാ ക്ഷേത്രം കാണാമായിരുന്നു. ക്ഷേത്രത്തിനടുത്തു തന്നെയുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു. വാടക 800 പറഞ്ഞെങ്കിലും നാന്നൂറിൽ ഒതുക്കി. കുളികഴിഞ്ഞാവാം ബാക്കി പരിപാടികൾ. 9 മണിയോടെ റൂമിൽ നിന്നും പുറത്തുവന്നു. വരുന്ന വഴിക്ക് സൈക്കിൾ ഷോപ്പിൽ 3 സൈക്കിൾ പറഞ്ഞു വച്ചിരുന്നു. 50 രൂപ നിരക്കിൽ സൈക്കിൾ ഷോപ്പിൽ ദിവസവാടക കൊടുത്ത് ഞങ്ങൾ വീരുപാക്ഷ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.

ഞങ്ങളുടെ കൈവശമുണ്ടായിരുന്ന മാപ്പ് എടുത്ത് ആദ്യമേ ഒരു വിശദമായ പഠനം നടത്തിയിരുന്നു.അതിനാൽ പോകേണ്ട സ്ഥലങ്ങളെക്കുറിച്ച് ഒരു ധാരണയിലെത്താൻ സാധിച്ചു. റൂമിൽ നിന്ന് 2 മിനുട്ട് ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക്.


വിജയനഗര സാമ്രാജ്യത്തിന്റെ മുഴുവൻ കരവിരുതുകളും വീരുപാക്ഷാ ക്ഷേത്രഗോപുരത്തിൽ കാണാമായിരുന്നു. ക്ഷേത്രത്തിനടുത്തു തന്നെയുള്ള കടകൾക്ക് മുന്നിൽ സൈക്കിൾവച്ച് ഞങ്ങൾ ക്ഷേത്രത്തിലേക്ക് കടന്നു.ക്ഷേത്ര കവാടത്തിൽ സഞ്ചാരികളെക്കാത്ത് ഗജവീരൻ കാത്തുനിൽക്കുന്നു.യുണെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിലൊന്നാണു ഹംപി.ഹൊയ്സാല രാജവംശത്തിന്റെ ഭരണകാലത്താണു ഈ ക്ഷേത്രം പണികഴിപ്പിച്ചത്.


ശിവ പാർവ്വതി പ്രതിഷ്ഠയാണു ക്ഷേത്രത്തിൽ.ഹംപിക്ക് രാമായണവുമായുള്ള ബന്ധം അഭേദ്യമാണു. അതിനുള്ള സാക്ഷ്യമാണു മാതംഗമലയും സുഗ്രീവഗുഹയുമെല്ലാം രാമായണത്തിലെ കിഷ്കിന്ധാ കാണ്ഡമറിയാത്തവർ വിരളമാണു.കിഷ്കിന്ധാകാണ്ഡത്തിലെ കിഷ്കിന്ധാപുരിയാണു ഹംപി.അതെ! ബാലി മഹാരാജാവ് ഭരിച്ച വാനരസാമ്രാജ്യമാണു ഹംപിയെന്ന കിഷ്കിന്ധാപുരി.

ദിവാസ്വപ്നത്തിൽ മുഴുകിയ എന്റെ മുന്നിലേക്ക് ഒരു വാനരൻ കുതിച്ചു വന്നു.നൊടിയിടയിൽ വഴിമാറിയെങ്കിലും പാർശ്വവശങ്ങളിൽ കണ്ട വാനരസേനയുടെ സേനാബലം ആരിലും അത്ഭുതം ജനിപ്പിക്കും.വാനരന്മാർക്ക് വീരുപാക്ഷയിൽ യഥേഷ്ടം വിഹരിക്കാം.വീരുപാക്ഷയിലെ ഓരോ ശിലയ്ക്കും വർഷങ്ങളുടെ കഥ പറയാനുണ്ടാകും.ഒരു ദേശത്തിന്റെ സാംസ്കാരിക പൈതൃകം നമുക്ക് തൊട്ടറിയാനാകും. കലാകാരന്മാരുടെ കരസ്പർശമേൽക്കാത്ത ഒരു ശിലയും കാണുവാനും കഴിയില്ല.

വീരുപാക്ഷയുടെ പ്രധാന ഗോപുരം തന്നെയാണു അതിനു ഉദാഹരണം.50 മീറ്ററിലധികം ഉയരമുള്ള ഗോപുരത്തിനു മീതെ സൂര്യരശ്മികൾ പതിക്കുമ്പോഴുള്ള നിറപ്പകർച്ച ഏതു ചിത്രകാരനാണു ആവിഷ്കരിക്കാനാവുക! പക്ഷേ ആശ്ചര്യമുളവാക്കുന്ന വസ്തുതയെന്തെന്നാൽ വിജയനഗര സാമ്രാജ്യത്തിലെ ഏതു കാലഘട്ടത്തിലാണു ഗോപുരം പണിതതെന്ന് അറിയുവാൻ ഇന്നും വസ്തുതാപരമായ രേഖകളില്ല.

ക്ഷേത്രഗോപുരം കടന്ന് അകത്തളത്തിലെത്തിയാൽ കാണുന്നത് കൃഷ്ണദേവരായരുടെ കിരീടധാരണം നടന്ന മണ്ഡപമാണു.AD 1510ലാണത്രേ കൃഷ്ണദേവരായർ രാജ്യഭരണമേറ്റെടുത്തത്.കരിങ്കല്ലിൽ തീർത്തമണ്ഡപത്തിൽ ആയിരം തൂണുകൾ പണിതിരിക്കുന്നു. ക്ഷേത്രത്തിനകത്ത് കരിങ്കല്ലല്ലാതെ മറ്റൊരു വസ്തുവും പണിയുവാനായ് ഉപയോഗിച്ചിട്ടില്ല എന്ന വസ്തുത ശ്രദ്ധേയം. മുഖമണ്ഡപത്തിനടുത്തെത്തിയപ്പോൾ മറ്റേതു ശിവക്ഷേത്രത്തിലേയും പോലെ നന്ദി മഹേശ്വരനഭിമുഖമായിരിക്കുന്നു. നന്ദി മുഖത്തുനിന്നും കണ്ണെടുത്ത് അകത്തളത്തിലേക്ക് കടന്നപ്പോൾ ദീപാലങ്കൃതമായ ശ്രീ കോവിൽ കാണാനായി..ശിവലിംഗത്തിൽ പൂജാരി അർച്ചന നടത്തുന്നു. അല്പനേരം കണ്ണടച്ച് ആ ചൈതന്യംഉൾക്കൊള്ളുവാനൊരു വിഫലശ്രമം നടത്തി. സാധാരണ ക്ഷേത്രത്തിലുള്ളതു പോലുള്ള ശാന്തമായ ഒരന്തരീക്ഷമുണ്ടായിരുന്നില്ല.സഞ്ചാരികളൂടെ തിക്കും തിരക്കുമായിരുന്നു എങ്ങും.തൊട്ടടുത്തു തന്നെയാണു ശ്രീ പാർവ്വതി ദേവിയുടെ പ്രതിഷ്ഠ.പംപാദേവിയെന്നാണു പാർവ്വതി ദേവി ഇവിടെ അറിയപ്പെടുന്നത്.പിന്നീട് ഭുവനേശ്വരി ദേവിയുടെ പ്രതിഷ്ഠയിലും തൊഴുത് കനകഗിരി ഗോപുരം വഴി മന്മദ തീർത്ഥക്കുളത്തിലേക്കിറങ്ങി.കുളം നിറയെപായൽ.ഒരു കാലത്ത് ക്ഷേത്രാവശ്യങ്ങൾക്കായ് ഈ കുളമാണത്രേ ഉപയോഗിച്ചിരുന്നത്. തിരിച്ച് പ്രധാനകവാടത്തിലേക്ക് നടന്നു. ആയിരം തൂണുകളുള്ള മണ്ഡപത്തിലേക്ക് കയറി.

തൂണുകളിലെ കൊത്തുപണികളുംമുകൾഭാഗത്തെ ചുവർചിത്രവും സസൂക്ഷ്മം നിരീക്ഷിച്ചു. ഏതാണ്ട് 200 വർഷം മുൻപാണു വീരുപാക്ഷാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടന്നത്. അതിനു ശേഷം ഇത്രയും വർഷം ഈ ചിത്രങ്ങൾ കാലത്തെ അതിജീവിച്ചു.ഇനിയും മതിയായ സുരക്ഷ നൽകിയില്ലെങ്കിൽ വരും തലമുറയ്ക്ക് വെറുമൊരു കടലാസിൽ പതിച്ച ചിത്രങ്ങളായേക്കാമീ അത്ഭുതങ്ങളെന്ന് ഞാനോർത്തു പോയി.അധികം സമയം കളയാതെ ഞങ്ങൾ ക്ഷേത്രത്തിനു പുറത്ത് വന്നു.വഴിയരികിൽ നിന്നും സൈക്കിളെടുത്ത് ഒരു ഹോട്ടലിലേക്ക് വച്ച് പിടിച്ചു.

ഹംപിയിലെ പ്രധാന കടകളെല്ലാം വീരുപാക്ഷ ക്ഷേത്രത്തിനു ചുറ്റുവട്ടത്തു തന്നെയാണു. ഒരു കന്നഡ ഹോട്ടലിൽ കയറി ഇഡ്ഡലിയും ചായയും കഴിച്ചു. മാപ്പ് എടുത്ത് വിരിച്ച് അടുത്ത ലക്ഷ്യമായ ഹേമകൂടാ കുന്നുകളിലേക്കുള്ള വഴി മനസ്സിലാക്കി. വീരുപാക്ഷാ ക്ഷേത്രത്തിന്റെ ഇടതുഭാഗത്ത് കാണുന്ന കുന്നാണു ഹേമകൂടാ . ബസ് സ്റ്റാന്റിനു സമീപത്തുള്ള റോഡിലൂടെ പോയാൽ പത്ത് മിനുട്ട് കൊണ്ട് കുന്നിനു മുകളിലെത്താം.കാണാൻ ചെറിയ കുന്നാണെങ്കിലും സൈക്കിൾ ചവിട്ടി പാതി ദൂരം പിന്നിട്ടപ്പോഴേക്കും വിയർത്തു കുളിച്ചു. പിന്നെ സാഹസം മതിയാക്കി സൈക്കിളിൽ നിന്നിറങ്ങി നടന്നു. വഴിയരികിലെ തണലിൽ സൈക്കിൾ വച്ചതിനു ശേഷം ഹേമകൂടാ കുന്നിൻ മുകളിലേക്ക് നടന്നു. വഴിയരികിൽ ഒറ്റക്കല്ലിൽ തീർത്ത ഗണപതിയുടെ പ്രതിഷ്ഠയുള്ള ഒരമ്പലമുണ്ട്.കടലെകാളു ഗണേശ എന്നറിയപ്പെടുന്ന ഗണപതി ക്ഷേത്രം.നടന്ന് ക്ഷേത്രത്തിനകത്തെത്തിയപ്പോൾ ഒറ്റക്കല്ലിൽ തീർത്ത ഭീമാകാരമായ ഗണപതിയെയാണു കണ്ടത്.

ഏതാണ്ട് 4.5 മീറ്റർ ഉയരമുണ്ട് ഗണേശ വിഗ്രഹത്തിനു. ക്ഷേത്രത്തിലെ തൂണുകളിലെ ശില്പങ്ങളും മനോഹരമായിരുന്നു. രാധാകൃഷ്ണ സങ്കല്പങ്ങളും ദശാവതാരവും നിറഞ്ഞു നിൽക്കുന്നു. വെയിൽ കൂടി വന്നു. ഹേമകൂടാ കുന്നിലെ ക്ഷേത്ര സമുച്ചയം കാണാൻ ഞങ്ങൾ നടന്നു.കുന്നിൻ ചെരിവിലൂടെ നടന്ന് കൽമണ്ഡപങ്ങളും കല്പടവുകളും കടന്ന് ഒരു കവാടത്തിനു മുന്നിലെത്തി.

കവാടം കടന്നു ചെന്നപ്പോൾ ഹേമകൂടാ കുന്നുകളിലെ ക്ഷേത്ര സമുച്ചയം കാണാനായി.പ്രത്യേക രീതിയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളുടെ കൂട്ടം.ചെറുതും വലുതുമായ ധാരാളം ക്ഷേത്രങ്ങൾ.

പുരാണത്തിൽ പംപാദേവിയെ വിവാഹം ചെയ്യുന്നതിനു മുൻപ് സാക്ഷാൽ ശ്രീ പരമേശ്വരൻ തപസ്സു ചെയ്ത സ്ഥലമാണത്രേ ഹേമകൂടാകുന്നുകൾ.ഭഗവാന്റെ തപസ്സിളക്കാൻ ശ്രമിച്ച കാമദേവനെ ഭസ്മമാക്കിയതും ഇവിടെ വച്ചു തന്നെ.അമ്പലങ്ങളിലെല്ലാം മേൽക്കൂരയെല്ലാം തട്ടു തട്ടായ് പണിതിരുന്നത് കണ്ടപ്പോൾ മായൻ സാംസ്കാരത്തിൽ പണിത പിരമിഡുകൾ പോലെ തോന്നി.

ഹേമകൂടയുടെ സൗന്ദര്യമാസ്വദിച്ചു നടക്കുന്നതിനിടയിലാണു ദൂരെ ചെമ്പക മരച്ചുവട്ടിൽ ഒറ്റപ്പെട്ട് കിടക്കുന്ന ഹനുമാനമ്പലം ശ്രദ്ധയിൽപ്പെട്ടത്..പൂത്ത് നിൽക്കുന്ന ചെമ്പകപ്പൂക്കൾ വായുപുത്രനു തണൽ നൽകി, പുഷ്പാർച്ചന നടത്തുന്നതു പോലെ തോന്നി. ആഞ്ജനേയ പ്രതിഷ്ഠയുടെ മുന്നിൽ അല്പനേരം കൈ കൂപ്പി നിന്നതിനു ശേഷം ഹേമകൂടയുടെ ബാക്കി ഭാഗങ്ങൾ കാണാൻ നടന്നു.

ഹേമകൂടയുടെ മുകളിൽ ഒരു സൺസെറ്റ് വ്യൂ പോയിന്റ് ഉണ്ട്. മാതംഗ മലനിരകൾക്കപ്പുറം അസ്തമിക്കുന്ന സൂര്യദേവനെ കാണാൻ വൈകുന്നേരം വരാമെന്ന് തീരുമാനിച്ച് സൈക്കിൾ വച്ച വൃക്ഷച്ചുവട്ടിലേക്ക് നടന്നു.ഇനിയൊരു ഇറക്കമാണു. പതുക്കെ സൈക്കിൾ ചവിട്ടി ഞങ്ങൾ മറ്റൊരു ഗണേശ പ്രതിമയ്ക്കു മുന്നിലെത്തി.അർദ്ധ പത്മാസനത്തിലിരിക്കുന്ന വിഘ്നേശ്വരൻ, ശശിവേകാലു ഗണേശ എന്നറിയപ്പെടുന്ന ഗണേശ പ്രതിഷ്ഠ.ഏതാണ്ട് 2.4 മീറ്റർ ഉയരമുണ്ട് ഈ ഗണേശ പ്രതിഷ്ഠയ്ക്ക്. ഇതും ഒറ്റക്കല്ലിൽ തീർത്തതു തന്നെ. AD 1506 ൽ സാലുവ രാജവംശത്തിലെ നരസിംഹ രാജാവിന്റെ സ്മരണയ്ക്കായി നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു ഈ പ്രതിഷ്ഠ.കർണ്ണാടക ടൂറിസം അധികൃതർ ഇവിടെയെല്ലാം നല്ലരീതിയിൽ സംരക്ഷിച്ചിരിക്കുന്നു.കുറച്ചകലെയായ് നിലകൊള്ളുന്ന കൃഷ്ണക്ഷേത്രമാണു അടുത്ത ലക്ഷ്യം. സൈക്കിൾ ചവിട്ടി കൃഷ്ണ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോഴേക്കും മീനച്ചൂട് കഠിനമായിരുന്നു.അടുത്തു കണ്ട കടയിൽ നിന്നും ഒരു ലിറ്റർ വെള്ളം വാങ്ങി ദാഹമകറ്റി.

കൃഷ്ണക്ഷേത്രത്തിനു മുന്നിലെത്തുന്ന ഏതൊരാളും ആദ്യം ശ്രദ്ധിക്കുക ആ ഗോപുരത്തിന്റെ ഗാംഭീര്യമാണു.ഏറ്റവും മുകളിൽ ഇഷ്ടിക കൊണ്ട് പണിത ഗോപുരത്തിന്റെ വലിയൊരു ഭാഗവും നശിച്ചിരിക്കുന്നു,ഇപ്പോൾ അവശേഷിക്കുന്നത് കരിങ്കല്ലിൽ കൊത്തിയ കീഴ്ഭാഗം മാത്രമാണു.എല്ലാ സ്ഥലങ്ങളുടെ പ്രസക്തിയറിയിക്കുന്നതിനായ് ചിലഫലകങ്ങൾ സ്ഥാപിച്ചിരിക്കുന്നു.

കൃഷ്ണ ക്ഷേത്രത്തിന്റെ പ്രത്യേകതയും അതിൽ പ്രതിപാദിച്ചിരിക്കുന്നു.കൃഷ്ണദേവരായരുടെ ഒറിസ്സാ ആക്രമണവും തുടർന്നുള്ള വിജയത്തിന്റെ സ്മരണയ്ക്ക് നിർമ്മിച്ചതാണു കൃഷ്ണ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. ബാലകൃഷ്ണന്റെ ഗ്രാനൈറ്റിൽ തീർത്ത വിഗ്രഹം ഉദയഗിരിയിലെ(ആന്ധ്രാപ്രദേശ്) ൽ നിന്ന് കൊണ്ടൂ വന്നതാണു.ഒരു ക്ഷേത്രത്തിലെ ശില്പങ്ങളും തൂണുകളും ആരെയും അത്ഭുതപ്പെടുത്തും.

കൽമണ്ഡപങ്ങളിൽ സാലഭഞ്ജികമാർ വശ്യമായ ചിരിയോടെ നിലകൊള്ളുന്നു.

പല തൂണുകളിലും കൃഷ്ണ ചരിതവും രാധാകൃഷ്ണ സങ്കല്പങ്ങളും കൊത്തി വച്ചിരിക്കുന്നു മുഖ മണ്ഡപവും ക്ഷേത്രവും കണ്ടതിനു ശേഷം ക്ഷേത്രക്കുളമായ പുഷ്കരണിയിലേക്ക് നടന്നു.പാതയ്ക്കെതിർ വശം കൽമണ്ഡപങ്ങൾ പണിതിരിക്കുന്നു. കൽമണ്ഡപങ്ങളിലൂടെ നടന്ന് പുഷ്കരണിയിലെത്തിയപ്പോൾ മലിനമാക്കപ്പെട്ട കുളമാണു കാണാൻ കഴിഞ്ഞത്.

വിജനമായ വഴിയിലൂടെ സൈക്കിളിൽ ഞങ്ങൾ കുന്നിറങ്ങി. പരന്നു കിടക്കുന്ന കരിമ്പിൻ തോട്ടങ്ങൾ..സുഖകരമായ കാറ്റും ..തുംഗഭദ്രയിൽ നിന്നും കനാൽ വഴി വെള്ളം തിരിച്ചുവിട്ടിരിക്കുന്നു. ഒരു വാഴത്തോപ്പിന്റെ വലതു വശത്ത് ഹംപിയുടെ മുഖമുദ്രയെന്ന് വിളിക്കാവുന്ന ഉഗ്രനരസിംഹ മൂർത്തിയുടെ ശില്പം.കൃഷ്ണ ദേവരായരുടെ കാലത്താണത്രേ ഈ നരസിംഹ പ്രതിമ സ്ഥാപിച്ചത്.ക്രുദ്ധനായ മുഖത്തോടു കൂടിയ നരസിംഹ മൂർത്തിയെ നോക്കി ഞങ്ങൾ നിന്നു.

ശില്പ വൈദ്ഗ്ദ്ധ്യം തെളിഞ്ഞു കാണാവുന്ന മൂർത്ത ഭാവം. അരികത്തുണ്ടായിരുന്ന ലക്ഷ്മീദേവിയുടെ ശിൽപ്പത്തെ തകർത്തുകളഞ്ഞതിനാലാണത്രേ ശൃംഗാര രൂപത്തിലുണ്ടായിരുന്ന നരസിംഹ മൂർത്തിയെ ഉഗ്രമൂർത്തിയായ് തെറ്റിദ്ധരിക്കാൻ കാരണം. തന്റെ വാമ ഭാഗത്തെ നശിപ്പിച്ചത് കാരണമായിരിക്കാം നരസിംഹ മൂർത്തി ശൃംഗാര ഭാവം വെടിഞ്ഞ് ക്രുദ്ധനാകാൻ കാരണമെന്നെനിക്കു തോന്നി. വെയിൽ കത്തിക്കയറുന്നു. വിയർപ്പ് കണങ്ങൾ നെറ്റിയിൽ ചാലു കീറി. ഉച്ചയ്ക്ക് മുൻപ് വിജയനഗരത്തിലെ റോയൽ സെന്റർ കാണണം. ശ്രീ പാദ് ഓർമ്മിപ്പിച്ചു. മുന്നോട്ട് നടന്നപ്പോൾ ബാദവ ലിംഗം കണ്ടു. ഒറ്റക്കല്ലിൽ തീർത്ത ശിവലിംഗം. ചുറ്റിനും ജലപ്രവാഹം.

ഇതും വിജയനഗരത്തിന്റെ സംഭാവന തന്നെ. കരിമ്പിൻ തോട്ടങ്ങൾക്കിടയിലൂടെ നീളുന്ന വഴിത്താരകൾ.മാപ്പ് എടുത്ത് നിവർത്തി.അടുത്ത ലക്ഷ്യം ചണ്ഡികേശ്വര ക്ഷേത്രം. റോഡിനു വലതു വശത്തായി നില കൊള്ളൂന്നു. വരിവരിയായി നിൽക്കുന്ന തൂണുകളിൽ വ്യാളീമുഖം കൊത്തിവച്ചിരിക്കുന്നു.കാളീ പ്രതിഷ്ഠയുണ്ടായിരുന്ന ക്ഷേത്രത്തിലേക്ക് ഞങ്ങൾ കയറി. ശ്രീ കോവിലിൽ കയറി നോക്കിയപ്പോൾ ഒരു സായിപ്പ് ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. ശല്യപ്പെടുത്തേണ്ടെന്ന് കരുതി പുറത്തേക്ക് വനൽപ്പോൾ സായിപ്പും പുറകേ വന്നു.

ഇവാൻ എന്നാണത്രേ അദ്ദേഹത്തിന്റെ പേരു.ഫ്രെഞ്ച് പൗരൻ.നാട്ടിൽ സ്വന്തമായ് സ്റ്റുഡിയോയുണ്ട് കക്ഷിക്ക്. ആറുമാസം മുൻപ് ഇന്ത്യ കാണാനിറങ്ങിയതാണു ഇവാൻ. അല്പ നേരത്തെ കുശലാന്വേഷണത്തിനൊടുവിൽ ഇവാനോട് യാത്ര പറഞ്ഞു. ചണ്ഡികേശ്വര ക്ഷേത്രത്തിനെതിർ വശത്താണു ഉദ്ദാന വീരഭദ്ര ക്ഷേത്രം.

ക്ഷേത്രത്തിൽ സ്ഥിര പൂജയുണ്ട്.ഇപ്പോൾ ഹംപിയിലെ വിവാഹ ചടങ്ങുകൾ നടക്കുന്നത് വീരഭദ്ര സന്നിധിയിലാണു.3.5 അടിയോളം ഉയരമുള്ള വീരഭദ്ര പ്രതിമയും വിജയനഗരകാലഘട്ടത്തിൽ പണിതതാണു.വീരഭദ്ര ദർശനത്തിനു ശേഷം റോയൽ സെന്ററിലേക്കുള്ള യാത്ര തുടർന്നു.വഴിയരികിൽ ഹനുമാൻ ക്ഷേത്രത്തിനു സമീപം ചെമ്മൺ പാതയിലേക്ക് വഴി രണ്ടായ് തിരിയുന്നു.ഇടത്തേക്ക് തിരിഞ്ഞ് ഭൂഗർഭ ശിവക്ഷേത്രത്തിലേക്ക് സൈക്കിൾ ചവിട്ടി.സമീപ കാലത്ത് നടന്ന ഖനനത്തിലാണു ഈ ശിവക്ഷേത്രം കണ്ടെടുത്തത്.

സമതലത്തിൽ നിന്നും താഴേക്ക് പടവുകൾ പണിതിരിക്കുന്നു. പടവുകളിറങ്ങിച്ചെന്നാൽ നന്ദികേശ്വര പ്രതിഷ്ഠ കാണാം.നന്ദികേശ്വരനു ചുറ്റും ജലമാണു. തുംഗഭദ്രയിലെ തെളിനീർ,മുട്ടറ്റം വെള്ളമുണ്ട്. വെള്ളത്തിലൂടെ നടന്നാൽ ഇരുട്ടുനിറഞ്ഞ ശ്രീ കോവിൽ.പ്രതിഷ്ഠയൊന്നുമില്ലെങ്കിലും കടുത്ത വെയിലിൽ നിന്നും വന്ന ഞങ്ങൾക്ക് തുംഗഭദ്രയിലെ തെളിനീർ കുളിർമ്മ പകർന്നു. അല്പ നേരമവിടെ ചിലവഴിച്ച ശേഷം വിജയനഗര രാജധാനി ലാക്കാക്കി യാത്ര തുടർന്നു. ഈ ശിവക്ഷേത്രവും തുടർന്ന് കാണുന്ന കെട്ടിടാവശിഷ്ഠങ്ങളും രാജധാനിയുടെ ഭാഗമാണു. പലയിടത്തും ശില്പകലയിലെ പേർഷ്യൻ ചായ് വ് കാണാൻ സാധിക്കും.നിരീക്ഷണ ഗോപുരത്തിലെ ആർച്ചും മറ്റും മുഗൾ വാസ്തു ശൈലിയെ അനുസ്മരിപ്പിച്ചു.

വിജയനഗരത്തിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാൽ പ്രധാനമായ നാലു രാജവംശങ്ങളുടെ ഭരണ കാലഘട്ടങ്ങൾ കാണാം. ആദ്യ രാജവംശമായ സംഗമ രാജവംശവും,ശാലുവ രാജവംശവും, കൃഷ്ണ ദേവരായർ ഉൾപ്പെടുന്ന തുളുവ രാജവംശവും അവസാനത്തെ രാജപരമ്പരയായ അരവിഡു രാജവംശവുമാണവ. ഇതിൽ സംഗമ രാജവംശത്തിലെ ഹരിഹര രായരും ബുക്ക രായരുമാണു വിജയനഗരത്തിന്റെ സ്ഥാപകർ എന്ന് ചരിത്രകാരന്മാർ അനുമാനിക്കുന്നു. പോർച്ച്ഗീസുകാരായ ഫെർണോ നൂനിസ്സിന്റെയും ഡോമിങോ പേസിന്റേയും ലേഖനങ്ങളിൽ നിന്നാണു വിജയനഗരത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നമുക്ക് ലഭിക്കുന്നത്. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ആക്രമണത്തെ ചെറുത്ത് തോൽപ്പിക്കാൻ വേണ്ടിയുണ്ടാക്കിയ രാജ്യമായിരുന്നത്രേ വിജയനഗരം. പിന്നീടത് തെക്കേ ഇന്ത്യയിലെ ശക്തികേന്ദ്രമായ് മാറുകയായിരുന്നു. ലോകപ്രശസ്ഥിയിലേക്ക് വിജയനഗരം കുതിച്ചുയർന്നത് തുളുവ രാജവംശത്തിലെ കൃഷ്ണദേവരായരുടെ ഭരണകാലത്താണു. AD 1509 ൽ അധികാരമേറ്റ കൃഷ്ണദേവരായർ തന്റെ സാമ്രാജ്യത്തേയും സാംസ്കാരത്തേയും അതിന്റെ പരമോന്നതിയിലെത്തിച്ചു. കർണ്ണാടിക് സംഗീതത്തിന്റേയും വാസ്തുശില്പ കലയുടേയും സുവർണ്ണ കാലഘട്ടമായിരുന്നു കൃഷ്ണദേവരായരുടെ ഭരണകാലം. പിന്നീട് വന്ന കഴിവുകെട്ട ഭരണാധികാരികളാൽ വിജയനഗരം ദുർബലപ്പെടുകയും ഡെക്കാൺ സുൽത്താനേറ്റിനോട് യുദ്ധത്തിൽ പരാജയപ്പെടുകയും ചെയ്തു. അന്നത്തെ യുദ്ധത്തിൽ തോറ്റ വിജയനഗരം ശ്മശാന തുല്യമാകുകയും ചെയ്തു.രാജാധാനിയോടടുക്കും തോറും നശിപ്പിക്കപ്പെട്ട നിലയിലുള്ള കെട്ടിടങ്ങളാണു കാണാൻ കഴിഞ്ഞത്. മുസ്ലീം ഭരണാധികാരികൾ സ്ഥാപിച്ച മുഹമ്മദൻ നിരീക്ഷണ കെട്ടിടവും മറ്റും കാണാൻ കഴിഞ്ഞു.വഴിയരികിൽ കണ്ട കെട്ടിടാവശിഷ്ടത്തിനു നോബിൾമാൻസ് ക്വാർട്ടേഴ്സ് എന്ന് പേരിട്ടിരിക്കുന്നു. പടവുകൾ കയറി മുകളിലെത്തിയാൽ കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന കെട്ടിടങ്ങളുടെ ശവപ്പറമ്പ്.

നേരം ഒരു മണി കഴിഞ്ഞിരുന്നു. കടുത്ത ചൂടും ദാഹവും ഞങ്ങളെ കീഴടക്കി. ഒരു കടയെങ്കിലും കണ്ടെത്താമെന്ന പ്രതീക്ഷയോടെ സൈക്കിൾ ചവിട്ടി. അല്പദൂരത്തിനു ശേഷം പൊടിമണ്ണ് നിറഞ്ഞ പാതയുടെ അവസാനത്തെത്തി. കുറച്ചകലെയായ് ഹസാര രാമക്ഷേത്രം.അതിനെതിർവശത്തായ് പാൻസുപാരി ബസാർ. ഹംപിയുടെ വാണിജ്യാവശ്യങ്ങൾ നിറവേറ്റിയിരുന്നതിവിടെയായിരിന്നുവത്രേ. ഹസാര രാമക്ഷേത്രത്തിനു മുന്നിലെ പെട്ടിക്കടയിൽ നിന്നും വെള്ളം വാങ്ങിക്കുടിച്ചതിനു ശേഷം രാമക്ഷേത്ര ദർശനത്തിനായ് നടന്നു. രാമായണ കഥ കല്ലിൽ ഒരു കവിത പോലെ കൊത്തിവച്ചിരിക്കുന്നു. ഒരു മണ്ഡപത്തിനു മുന്നിലാണു ഞങ്ങളെത്തിയത്.

നൃത്തം ചെയ്യുന്ന സ്ത്രീകളും ആനകളും ഭടന്മാരുമെല്ലാം കല്ലിൽ കൊത്തിവച്ചിരിക്കുന്നതു കണ്ടാൽ ഒരു ഘോഷയാത്രയുടെ പ്രതീതി. മണ്ഡപത്തിൽ വീരഭദ്രന്റെയും മഹിഷാസുര മർദ്ധിനിയുടെയും ശില്പങ്ങൾ.

കൽപ്പടവുകൾ കടന്ന് അകത്തെത്തിയപ്പോൾ കണ്ട കാഴ്ച ആരേയും വിസ്മയിപ്പിക്കും.ജീവസ്സുറ്റ ശില്പങ്ങൾ..രാമായണത്തിലെ 108 സന്ദർഭങ്ങൾ ശില്പരൂപത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു.മുകളിൽ നിന്നു താഴേക്കും,ഇടത്തു നിന്ന് വലത്തേക്കും വായിച്ചെടുക്കാവുന്ന രീതിയിലാണു ശില്പങ്ങൾ പണികഴിപ്പിച്ചിരിക്കുന്നത്. കവാടത്തിൽ കൃഷ്ണദേവരായർ പംപാ ദേവിയാൽ സംരക്ഷിക്കപ്പെടുന്നു എന്ന് സംസ്കൃതത്തിൽ കൊത്തി വച്ചിരിക്കുന്നു.

വാൽമീകി രാജക്കന്മാർക്ക് രാമായണം പറഞ്ഞ് കൊടുക്കുന്നതും ദശരഥന്റെ പുത്രകാമേഷ്ഠി യാഗവുമെല്ലാം ജീവസ്സുറ്റതു പോലെ തോന്നി.

പ്രധാന ക്ഷേത്രത്തിനു വലതു വശത്തായ് നരസിംഹ പ്രതിഷ്ഠയും ലക്ഷ്മി പ്രതിഷ്ഠയും പണികഴിപ്പിച്ചിരിക്കുന്നു.മഹാവിഷ്ണുവിന്റെ പത്തവതാരങ്ങൾ ശില്പരൂപത്തിൽ തൂണുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.പുറം ചുവരിൽ രാമായണ കഥ പലയാവർത്തി കൊത്തിവച്ചിരിക്കുന്നു.

ഊണു കഴിക്കാൻ അടുത്തു കണ്ട പെട്ടിക്കടയിൽ കയറി.ഒരു മരത്തിൽ ടാർപോളിൻ കെട്ടി മറച്ചിരിക്കുന്നു.അതിനു കീഴെയിരുന്നു ഞങ്ങൾ മഞ്ഞച്ചോറും വാഴയ്ക്കാ ബജിയും കഴിച്ചു.വിശന്നു വലഞ്ഞു വന്ന ഞങ്ങൾക്ക് ആ ഭക്ഷണം സ്വാദിഷ്ഠമായ് തോന്നി.ഭക്ഷണത്തിനു ശേഷം സെനേന എൻക്ലോഷർ എന്ന ഭാഗത്തേക്ക് ഞങ്ങൾ പോയി.വിജയ നഗരത്തിലെ രാജ്ഞിമാർ താമസിച്ചതിവിടെയായിരിക്കണം.ചുറ്റുമതിലാൽ സംരക്ഷിക്കപ്പെട്ട ഇടത്തേക്ക് പ്രവേശിക്കണമെങ്കിൽ പുരാവസ്തു വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിൽ നിന്നും 10 രൂപയുടെ ടിക്കറ്റെടുക്കണം.അകത്തേക്ക് കയറിയ ഉടനെ ഇടതുവശത്തായ് കാണുന്നതാണു രാജ്ഞിയുടെ കൊട്ടാരം.

പക്ഷേ ഇപ്പോൾ കൊട്ടാരത്തിന്റെ തറ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.നശിപ്പിക്കപ്പെട്ട ഒരു സാംസ്കാരത്തിന്റെ ദുരന്തസാക്ഷിയെന്ന നിലയിൽ ആ കെട്ടിടാവശിഷ്ടം അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

എന്റെ ശ്രദ്ധ അവിടെ നിന്നും തിരിഞ്ഞ് ദൂരെ ഉദ്ദ്യാനത്തിന്റെ നടുവിലായ് കാണപ്പെട്ട ലോട്ടസ് മഹാലിൽ ചെന്നു നിന്നു. രാജാക്കന്മാരുടേതെന്ന് പറയാൻ ഉത്തമ ഉദാഹരണമാണു ലോട്ടസ് മഹാൽ.

പ്രൗഢ ഗംഭീരമായ കെട്ടിടം ! വിജയനഗര ശൈലിയിൽ അല്പം പേർഷ്യൻ വാസ്തുകല കലർന്നിട്ടുണ്ടോ എന്ന സംശയം തോന്നാതിരുന്നില്ല.

നിറയെ ആർച്ചുകൾ അതിനു മുകളിൽ ഹേമകൂടാ കുന്നുകളിലെ ക്ഷേത്രസമുച്ചയത്തിലെ മേൽക്കൂര പോലെ കെട്ടിയുയർത്തിയിരിക്കുന്നു. ലോട്ടസ് മഹാലിന്റെ മറ്റൊരു പ്രത്യേകതയെന്തെന്നാൽ ആ കെട്ടിടത്തിന്റെ ഏതു കോണിൽ നിന്നു നോക്കിയാലും രൂപത്തിലുള്ള സാദൃശ്യമാണു. തൊട്ടടുത്തു തന്നെ

ഒരു കിണറും കുറച്ചകലെയായ് ഒരു നിരീക്ഷണഗോപുരവും കാണാം.അല്പ ദൂരം നടന്ന് ഞങ്ങൾ പരേഡ് ഗ്രൗണ്ട് എന്നറിയപ്പെടുന്ന ഒരു പുൽ മൈതാനിയിലെത്തി. നിരവധി ആനകളെ തളയ്ക്കാവുന്ന എലിഫന്റ് സ്റ്റേബിൾ ഇതിനടുത്താണു.

തികച്ചും പേർഷ്യൻ ശൈലിയിലാണു ഇതിന്റെ നിർമ്മാണം. അടുത്ത് തന്നെ മട്ടൊരു കെട്ടിടവുമുണ്ട്.വിജയനഗരത്തിൽ നിന്നും കണ്ടെടുത്ത ശില്പങ്ങളും മറ്റും ഇവിടെ സംരക്ഷിച്ചിരിക്കുന്നു. അവിടെയും നടന്നു കണ്ടതിനു ശേഷം ഞങ്ങൾ മുന്നോട്ട് നടന്നു. വിജനായ വഴിത്താരകൾ വഴിയവസാനിക്കുന്നിടത്ത് ചില കെട്ടിടങ്ങൾ പുരാവസ്തു വകുപ്പ് പുനർ നിർമ്മിക്കുന്നതു കണ്ടു. അവയും താണ്ടി നടന്നപ്പോൾ മറ്റൊരു മലയുടെ പാർശ്വഭാഗത്ത് ഞങ്ങളെത്തി.കാടു പിടിച്ചു നിൽക്കുന്ന പ്രദേശത്ത് അങ്ങിങ്ങായി ശില്പങ്ങളും തൂണുകളും കാണാം.അവ പുതുമഴയിൽ മുളച്ച കൂണുകളെപ്പോലെ തോന്നിച്ചു. കാടുകൾ വകഞ്ഞുമാറ്റി മുന്നോട്ട് നടന്നു. കൽമണ്ഡപങ്ങളും ശില്പങ്ങളും കാടിനുള്ളിൽ മറഞ്ഞിരിക്കുന്നു.പലതും അതിന്റെ ജീർണ്ണാവസ്ഥയിൽ നിലകൊള്ളുന്നു.കാലത്തെ വെല്ലുവിളിച്ച് ഇനിയെത്ര കാലം.! തിരിച്ച് ഞങ്ങൾ അടുത്തു തന്നെയുള്ള രംഗക്ഷേത്രവും മറ്റും കണ്ടു.അവയൊക്കെ തന്നെ പുരാവസ്തു വകുപ്പ് പുനർ നിർമ്മിച്ചു കൊണ്ടിരിക്കുന്നു.കൂറ്റൻ കരിങ്കല്ലുകളും തൂണുകളും പുനർനിർമ്മിക്കുക എന്നത് ശ്രമകരമായ ജോലി തന്നെ.രംഗ ക്ഷേത്രത്തിൽ നിന്നും തിരിച്ച് ഹസാര രാമ ക്ഷേത്രത്തിനു മുന്നിലെത്തി.ഹസാര രാമ ക്ഷേത്രത്തിനടുത്താണു മഹാനവമി ടിബ്ബ, വലിയ ഒരു സ്റ്റേജ് പോലെ തോന്നി. പടവുകൾ കെട്ടിയിരിക്കുന്നു. നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിവിടെയാണു. മൺ മറഞ്ഞുപോയ സാംസ്കാരത്തിന്റെ സ്പന്ദനം തൊട്ടറിയുകയായിരുന്നു ഓരോ പടവുകൾ കയറുമ്പോഴും. പടവുകൾ കയറി അതിന്റെ നെറുകയിലെത്തിയപ്പോൾ വിജയനഗരത്തിന്റെ നെറുകയിലെത്തിയ പോലെ തോന്നി. മുന്നിൽ വിശാലമായ മൈതാനം, അതിനപ്പുറം തകർന്നടിഞ്ഞ മൺപുറ്റുകൾലെ വിജയനഗരം.അതിനെ വലം വച്ച് തുംഗഭദ്ര..സമയം 3 മണിയോടടുത്തു.തിരിച്ച് ഹോട്ടലിൽ പോകാമെന്ന് ശ്രീ പാദ്.വൈകുന്നേരം വിട്ടല ക്ഷേത്രദർശനമാകാമെന്ന് കരുതി.സമയം 5 മണി കഴിഞ്ഞിരുന്നു.ചെറിയൊരു കുളി ദേഹത്തെ തണുപ്പിച്ചു.വീണ്ടും മാപ്പെടുത്ത് വിട്ടലക്ഷേത്രത്തിലേക്കുള്ള വഴി മനസ്സിലാക്കി. വീരുപാക്ഷായുടെ എതിർവശത്താണു ഹംപി ബസാർ.ഹംപി ബസാറിൽ ഒറ്റക്കല്ലിൽ തീർത്ത നന്ദികേശ്വര പ്രതിമ കാണാം,വീരുപാക്ഷായിലെ മഹേശ്വരനഭിമുഖമായാണു നന്ദികേശ്വരന്റെ നില്പ്.അല്പനേരമവിടെ ചിലവഴിച്ചതിനു ശേഷം വിട്ടലയിലേക്ക് യാത്ര തുടർന്നു. തുംഗഭദ്രയുടെ കരയിലൊരിടത്ത് സൈക്കിൾ വച്ചതിനു ശേഷം കരിങ്കൽ പാകിയ വഴിയിലൂടെ നടന്നു. തുംഗഭദ്രയ്ക്കക്കരെ കൂറ്റൻ മലകൾ പാറക്കെട്ടുകളായ് പരിണമിച്ചിരുന്നു.ചലനമറ്റ തുംഗഭദ്ര, സഞ്ചാരികളെ കാത്ത് ചെറുതോണികൾ, ദൂരെ പാറക്കെട്ടുകൾക്കിടയിൽ കൽമണ്ഡപങ്ങൾ വഴിയരികിൽ കോദണ്ഡ രാമ ക്ഷേത്രം കുറെ വിദേശികൾ ക്ഷേത്ര ദർശനത്തിനായി നിൽക്കുന്നു. വലിയൊരു അരയാൽ ക്ഷേത്രാങ്കണത്തിൽ തണൽ വിരിക്കുന്നു.

പാറക്കെട്ടുകൾക്കിടയിൽ പാതയസ്തമിക്കുന്നു. പുതിയ വഴികൾ തേടി നടന്നു. തുംഗഭദ്രയിൽ നിന്നകന്ന് മാതംഗമലയുടെ ഓരം പറ്റി…ദൂരെ ഒരു ക്ഷേത്രത്തിന്റെ ഗോപുരം കാണായി..

വിട്ടല ക്ഷേത്രമെന്ന ഫലകവും..ഇഷ്ടിക കൊണ്ടുണ്ടാക്കിയ പ്രവേശന കവാടം കടന്ന് അകത്ത് ചെന്നപ്പോൾ കണ്ടത് കരിങ്കല്ലിൽ തീർത്ത രഥം.രഥം വലിക്കാൻ കല്ലിൽ തീർത്ത രണ്ടാനകൾ.വിജയ നഗര ശില്പകലയുടെ പൂർണ്ണത കാണിക്കുന്ന ശില്പം.വിഷ്ണു വാഹനമായ ഗരുഡന്റെ പ്രതിഷ്ഠ രഥത്തിലുണ്ട്.

കൃഷ്ണ ദേവരായരുടെ മറ്റൊരു സംഭാവന.രഥത്തിനഭിമുഖമായി മണ്ഡപം. മണ്ഡപം പുതുക്കിപ്പണിയുന്നതിനാൽ ശ്രീ കോവിലിലേക്ക് പോകാൻ കഴിഞ്ഞില്ല.

ക്ഷേത്രത്തിനു തെക്കു വശത്തായി നൂറുതൂണുകളോടു കൂടിയ മറ്റൊരു മണ്ഡപം. സപ്തസ്വരങ്ങൾ പൊഴിക്കുന്ന തൂണുകളാണത്രേ മണ്ഡപത്തിലുള്ളത്.

വടക്ക് വശത്ത് ഒരു ചെമ്പകം പൂത്ത് നിൽക്കുന്നു മണ്ഡപത്തിൽ നൃത്തം ചെയ്യുന്ന ദാസിമാർ,വിഷ്ണുവിന്റെ ദശാവതാരങ്ങൾ, നിരവധി വ്യാളീ മുഖങ്ങൾ…അസ്തമയ സൂര്യൻ ചക്രവാളസീമയെ തൊട്ടു. ആ സ്പർശന സുഖമെന്നോണം ചുവപ്പ് നിറമാകാശത്ത് പടർന്നു. പിന്നീടത് മാതംഗമലയിലൂടെ തുംഗഭദ്രയിലേക്കൊലിച്ചിറങ്ങി. ഹംപി ആ ചുവപ്പിലമരുകയാണു. മടക്കയാത്രയ്ക്ക് സമയമടുക്കുന്നു..

വിട്ടലക്ഷേത്രത്തിൽ നിന്നകന്ന്..തുംഗഭദ്രയിൽ നിന്നകന്ന് ഞങ്ങൾ നടന്നു. കുറച്ചകലെയായ് കരിങ്കല്ലിൽ പണിത തൂണുകൾ കണ്ടു. തുലാഭാരം തൂക്കുന്ന തൂണുകളാണവ…

രാജാക്കന്മാർ തങ്ങളുടെ ഭാരത്തിന്റെ അളവിൽ രത്നവും സ്വർണ്ണവും ദാനമായി നൽകിയിരുന്നുവത്രേ…

കുറച്ചകലെ അച്യുതരായ ക്ഷേത്രം നിലകൊണ്ടു. ഏതാണ്ട് 200 മീറ്ററോളം നടക്കണം അതിനടുത്തേക്ക് പോകുവാൻ. ശ്രീ പാദും ബാലുവും മടിച്ചു നിന്നു.സൈക്കിൾ വച്ചിടത്ത് കാത്തുനിൽക്കാമെന്ന് പറഞ്ഞവർ നടന്നു.മാതംഗമലയെ സ്പർശിച്ചുകൊണ്ടാണു ക്ഷേത്രത്തിന്റെ നില്പ്. വിശാലമായ മൈതാനത്തിനിരുവശവും മണ്ഡപങ്ങൾ..ദൂരെ അച്യുതരായ ക്ഷേത്ര കവാടം.നിശബ്ദയായ് ഹംപി.നടന്ന് ക്ഷേത്രകവാടത്തിലെത്തിയപ്പോൾ ആർപ്പുവിളികൾ കേട്ടു..തിരിഞ്ഞു നോക്കിയപ്പോൾ ശൂന്യമായ മൈതാനം..ക്ഷേത്രത്തിൽ ദീപാരാധന തുടങ്ങുകയായിരിക്കാം.. കവാടത്തിലെ സാലഭഞ്ജികമാർ ചിരിച്ചു പിന്നെ ചലിച്ചു..അവരുടെ സൗന്ദര്യം നിമിഷം കഴിയുന്തോറും വർദ്ധിച്ചു.

മുന്നോട്ട് നടന്നപ്പോൾ ഗർവ്വോടെ നിൽക്കുന്ന ദ്വാര പാലകർ..നരിച്ചീറുകൾ വസിക്കുന്ന ശ്രീ കോവിലിലേക്ക് നോക്കി..ഇരുട്ടിന്റെ നിഗൂഢത തളംകെട്ടിനിന്നു. തിരികെ നടന്നപ്പോൾ വിളക്കുകൾ തെളിഞ്ഞു..മണികൾ മുഴങ്ങി..ഹംപിയിലെ ആത്മാക്കൾ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു.

സൈക്കിളെടുത്ത് റൂമിൽ തിരിച്ചെത്തി. തിരിച്ച് ബാംഗ്ലൂരിലേക്ക് പോകണമെങ്കിൽ ഹോസ്പേട്ടിലേക്ക് പോകണം..ബസ് സ്റ്റാന്റിലേക്ക് നടന്നു..തിരിഞ്ഞ് നോക്കി.നിശ അതിന്റെ കറുത്ത ചിറകുകളാൽ ഹംപിയെ പൊതിയുന്നു.നിശബ്ദയായ് നിഗൂഢമായ് ഹംപി നിലകൊണ്ടു.ബസ് അകലുമ്പോൾ മനസ്സു മന്ത്രിച്ചു

……………മഹാ സാംസ്കാരമേ നിനക്കു വിട……………..