Friday, February 18, 2011

തിരുവണ്ണാമലൈയിലേക്ക് ഏകനായി.......

വീണ്ടും ഒരു യാത്ര ..ഇത്തവണ ഒറ്റയ്ക്കായിരുന്നു ഞാന്‍ ..തിരുവണ്ണാമലയിലെ കാര്‍ത്തിക ദീപം കാണണം എന്നുണ്ടായിരുന്നു,എങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ യാത്ര കുറച്ചു മുന്‍പേ തീരുമാനിക്കപ്പെട്ടിരുന്നു.ആദ്യമായിട്ടാണ് ഒറ്റയ്ക്കൊരു യാത്ര. തിരുവണ്ണാമലയിലേക്ക് മുന്‍പ് പോയപ്പോഴൊക്കെ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.ഇത്തവണ പല പല കാരണങ്ങളാല്‍ അവസാനം ഞാന്‍ ഒറ്റയ്ക്കായി.വൈകുന്നേരം ഓഫീസില്‍ നിന്നും റൂമില്‍ എത്തിയപ്പോഴേക്കും സമയം 8 മണി കഴിഞ്ഞിരുന്നു.എത്രയും പെട്ടന്ന് പുറപ്പെട്ടാല്‍ മാത്രമേ രാവിലെ തിരുവണ്ണാമലയിലെത്താന്‍ കഴിയു.9 മണിയോടെ റൂമില്‍ നിന്നും ഇറങ്ങി.എന്തെങ്കിലും കഴിക്കണം.അടുത്ത് കണ്ട ഹോട്ടലില്‍ നിന്നും ഒരു ദോശ കഴിച്ചു പുറത്തിറങ്ങുമ്പോഴേക്കും ശക്തമായ മഴ ആരംഭിച്ചിരുന്നു.നഗരം ചെളി കുളമായി.എത്രയും പെട്ടെന്ന് ലക്ഷ്യത്തിലെതാനുള്ള വെമ്പല്‍ കാരണം വിശപ്പ്‌ മറന്നിരുന്നു. അതുകൊണ്ട് കാര്യമായൊന്നും കഴിക്കാന്‍ പറ്റിയില്ല.സില്‍ക്ക് ബോര്‍ഡില്‍ ചെന്നാലേ തിരുവണ്ണാമലയിലേക്കുള്ള ബസ്‌ കിട്ടു.സമയം 9 :30 കഴിഞ്ഞിരുന്നു.10 മണിക്കെങ്കിലും സില്‍ക്ക് ബോര്‍ഡ്‌ എത്തണം.അല്‍പ നേരത്തിനുശേഷം അധികം തിരക്കില്ലാത്ത ഒരു ബസ്‌ വന്നു.കയറി ടിക്കറ്റ്‌ എടുത്തു അപ്പോഴേക്കും മഴ മുഴുവനും നനഞ്ഞിരുന്നു.തൂവാലയെടുത്ത്‌ തല തോര്‍ത്തിയെന്നു വരുത്തി.അക്ഷമയോടെ ഒരു സീറ്റില്‍ ഇരുന്നു.10 മണി കഴിഞ്ഞു ..അല്‍പ സമയത്തിനകം സില്‍ക്ക് ബോര്‍ഡില്‍ എത്തി.വേഗം ചാടിയിറങ്ങി.മഴയിനിയും തോര്‍ന്നിട്ടില്ല.എന്നെ പോലെ ഒരുപാട് ഹതഭാഗ്യവാന്മാര്‍ ബസ്‌ കാത്തു നില്‍ക്കുന്നു.കയറി നില്‍ക്കാന്‍ പോലും ഇടമില്ല മഴ നനയുക തന്നെ,കാത്തിരുപ്പ് അര മണിക്കൂറോളം നീണ്ടു.തമിഴ്‌നാടിന്റെ TNRTC ബസ്‌ വന്നു;ബസ്‌ നില്ക്കാന്‍ കാത്തു നില്‍ക്കാതെ ഓടി കയറിയതുകൊണ്ട് ഇരിക്കാന്‍ സീറ്റ്‌ കിട്ടി.ഏതാണ്ട് 4 :30 യ്ക്ക് ബസ്‌ തിരുവണ്ണാമലയിലെത്തി.യാത്രക്കാരില്‍ ഞാന്‍ മാത്രമേ തിരുവണ്ണാമലയില്‍ ഇറങ്ങാന്‍ ഉള്ളൂ ,നേരം വെളുത്തു വരുന്നതെ ഉള്ളൂ.എവിടെ ഇറങ്ങണം എന്നറിയാതെ മിഴിച്ചു നിന്നു,അവസാനം കണ്ടക്ടരോട് ക്ഷേത്ര ഗോപുരത്തിന് മുന്നില്‍ നിര്‍ത്താന്‍ പറഞ്ഞു.ദൂരെ ദീപാലംകൃതമായ ക്ഷേത്ര ഗോപുരം കണ്ടു .ഡ്രൈവര്‍ ബസ്‌ നിര്‍ത്തി തന്നു.ദൂരെ ഒരു രഥം കണ്ടു.അവിടെ മാത്രം അല്പം തിരക്കുണ്ടായിരുന്നു.ഞാന്‍ അവിടേക്ക് നടന്നു.


രഥം എഴുന്നള്ളത്

തലേന്ന് വൈകുന്നേരം ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട രഥം ആണെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.ഇന്ന് കാര്‍ത്തിക ഉത്സവത്തിന്റെ 8 മത്തെ ദിവസമാണ് .അല്‍പ നേരം രഥം കണ്ടു നിന്ന ശേഷം ഞാന്‍ പ്രധാന ഗോപുര വാതില്‍ തേടി നടന്നു.രാജഗോപുരം എന്നാണ് പ്രധാന ഗോപുരം അറിയപ്പെടുന്നത്.ശബരിമല സീസണ്‍ ആയതിനാല്‍ വഴിയില്‍ കുറച്ചു സ്വാമിമാരും ഉണ്ടായിരുന്നു.അല്‍പ നേരത്തിനു ശേഷം ഞാന്‍ രാജഗോപുരത്തിന് മുന്നിലെത്തി.നൂറ്റാണ്ടുകള്‍ പഴക്കമുള്ള,രാജ പ്രൌഡിയോടെ നില്‍ക്കുന്ന രാജഗോപുരം ഒരു കാലഘട്ടത്തിന്റെ എല്ലാ ഗാംഭീര്യവും വെളിവാക്കുന്നു.വിജയനഗര രാജാവായിരുന്ന കൃഷ്ണ ദേവരായര്‍ ആണ് ഈ ഗോപുരം പണി കഴിപ്പിച്ചത്,217 അടി ഉയരത്തില്‍ 11 നിലകളോട് കൂടിയാണ് ഈ ഗോപുരം സ്ഥിതി ചെയ്യുന്നത്,

രാജ ഗോപുരം
സമയം 5 മണിയാകുന്നതേയുള്ളൂ ഗോപുരം തുറക്കാന്‍ ഇനിയും സമയമുണ്ട്.ചെരുപ്പ് അടുത്തുള്ള കടയില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച് തിരിച്ചു വന്നപ്പോഴേക്കും പ്രധാന കവാടം തുറന്നു,അധികം തിരക്കില്ലത്തതിനാല്‍ വേഗം ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു,ശിവ പുരാണത്തില്‍ മോക്ഷ പ്രാപ്തിക്കായി സന്ദര്‍ശിക്കണമെന്ന് പറയപ്പെടുന്ന നാല് സ്ഥലങ്ങളിലൊന്നാണ് തിരുവണ്ണാമലൈ.അത് മാത്രമല്ല പഞ്ചഭൂതങ്ങളില്‍ പ്രധാനിയായ അഗ്നിയെ പ്രതിനിധാനം ചെയ്യുന്നതും തിരുവണ്ണാമലൈയാണ്. നടന്നു ഞാന്‍ നാലാമത്തെ പ്രകാരത്തെയും അഞ്ചാമത്തെ പ്രകാരത്തെയും ബന്ധിപ്പിക്കുന്ന വല്ല്ലല രാജ ഗോപുരത്തിന് മുന്നിലെത്തി.,

വല്ല്ലല ഗോപുരം അതിന്റെ ശില്പ ചാരുത കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി ഇതില്‍ അഹങ്കരിച്ച വല്ല്ലല മഹാരാജാവിനെ ഒരു പാഠം പഠിപ്പിക്കാന്‍ കാര്‍ത്തിക ഉത്സവത്തിന്റെ 9 ദിവസവും ശ്രീ അരുണാചലേശ്വരന്‍ വല്ല്ലല രാജഗോപുരത്തിലൂടെ പുറത്തു കടക്കാന്‍ കൂട്ടാക്കിയില്ല തന്റെ തെറ്റ് തിരിച്ചറിഞ്ഞ വല്ല്ലല മഹാരാജാവ് മാപ്പിരക്കുകയും ഉത്സവത്തിന്റെ 10 മത്തെ ദിവസം അരുണാചലേശ്വരന്റെ രഥം വല്ല്ലല ഗോപുരത്തിലൂടെ പുറത്തേക്കു കടക്കുകയും ചെയ്തത്രേ.സമയം കളയാതെ ഞാന്‍ ദര്‍ശനത്തിനുള്ള ക്യൂ വില്‍ നിന്നു,അല്‍പ സമയത്തിനകം ഞാന്‍ അരുണാചല സന്നിതിയിലെത്തി,ഒരു കാലഘട്ടത്തിലെ മുഴുവന്‍ കരവിരുതുകളും വിളിച്ചോതുന്ന കൊത്തുപണികള്‍ നിറഞ്ഞ ശ്രീ കോവില്‍,തിരക്ക് കുറവായതിനാല്‍ എല്ലായിടവും വിശദമായി തന്നെ കണ്ടു.അതോപോലെ തന്നെ ശ്രീകോവിലിന്റെ മുന്നില്‍ നിന്നും മതി വരുവോളം തൊഴാനും പറ്റി.അപ്പോഴാണ്‌ ഒരു കാര്യം ശ്രദ്ധിച്ചത് ,ഉദിച്ചുയരുന്ന സൂര്യന്റെ ആദ്യ കിരണം പതിക്കുന്നത് സ്വര്‍ണ നിറമുള്ള ശിവലിംഗത്തിലാണ്.പ്രഭാത സൂര്യന്റെ കിരണങ്ങള്‍ ഏറ്റു സ്വര്‍ണ പ്രഭയില്‍ നിറഞ്ഞു നില്‍ക്കുന്ന ശിവലിംഗം മതിവരുവോളം കണ്ടതിനു ശേഷം പ്രസാദം വാങ്ങി അടുത്ത് തന്നെയുള്ള ശ്രീ പാര്‍വതി പ്രതിഷ്ഠ കാണാന്‍ പോയി.ഉണ്ണാമലൈ അമ്മന്‍ എന്നാണ് ശ്രീ പാര്‍വതിയെ ഇവിടെ വിളിക്കുന്നത്.ഇവിടെയും പ്രതിഷ്ഠ സൂര്യനഭിമുഖം തന്നെ.ഗോപുരത്തിന് മുകളിലെ ചെറിയ കിളി വാതിലിലൂടെയാണ് പ്രകാശം അകത്തേക്ക് വരുന്നതെന്ന് പിന്നീട് മനസ്സിലായി. ദേവിയുടെ പ്രസാദമായ കുങ്കുമവും വാങ്ങി ഞാന്‍ പുറത്തേക്കു നടന്നു.മന്സ്സു നിറയെ ദിവ്യ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന അരുണാചലേശ്വരന്‍ ആയിരുന്നു ‍.ആദ്യമായി ഞാന്‍ ഇവിടെ വന്നത് ഒരു ശിവരാത്രിയുടെ അടുത്ത നാളുകളിലാണ്‌,അപ്പോള്‍ കൂടെ വന്ന കരുണാകരന്‍ സര്‍ ആണ് അരുണാചലേശ്വരന്റെ ഐതിഹ്യം പറഞ്ഞു തന്നത്.ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ആ തര്‍ക്കം പരിഹരിക്കാന്‍ ശ്രീ പരമേശ്വരന്‍ ഒരു ലിംഗമായി നിലകൊള്ളുകയും ചെയ്തു.ലിംഗത്തിന്റെ അറ്റം കണ്ടു പിടിക്കുന്നയാള്‍ വിജയിയായി പ്രഖ്യാപിക്കപ്പെടും എന്നും ധാരണയായി.ബ്രഹ്മാവ്‌ ഒരു അരയന്നമായി മുകളിലേക്കും,വിഷ്ണു വരാഹ രൂപത്തില്‍ പാതാളത്തിലേക്കും സഞ്ചരിച്ചു.അനേക വര്‍ഷങ്ങള്‍ക്കു ശേഷം ബ്രഹ്മാവ്‌ ഒരു താഴമ്പൂ താഴേക്ക്‌ വരുന്നത് കണ്ടു.വേഗം താഴംപൂവിനടുത്തെത്തിയ ബ്രഹ്മാവ്‌ ഭഗവാന്റെ ശിരസ്സെവിടെയാണെന്ന് ചോദിച്ചു.താഴംപൂവിന്റെ മറുപടി ബ്രഹ്മാവിനെ നിരാശപ്പെടുത്തി.നാല്‍പതിനായിരം വര്‍ഷങ്ങളയത്രേ പൂവ് താഴേക്കു പതിക്കുവാന്‍ തുടങ്ങിയിട്ട് .ഇതിനോടകം അസാധ്യമെന്നു തോന്നിപ്പിച്ച ഉദ്യമത്തില്‍ നിന്നും ബ്രഹ്മാവ്‌ പിന്‍ തിരിയുകയും താന്‍ മുകളിലെത്തിയെന്ന് കള്ളസാക്ഷി പറയുവാന്‍ താഴംപൂവിനോട് അപേക്ഷിക്കുകയും ചെയ്തു.തിരിച്ചെത്തിയപ്പോള്‍ പരാജയം സമ്മതിച്ചു നില്‍ക്കുന്ന വിഷ്ണു ഭഗവാനെയാണ് കണ്ടത്.ബ്രഹ്മാവ്‌ വിഷ്ണുവിനോട് താന്‍ മുകളിലെത്തിയെന്നും ഈ താഴംപൂ തനിക്കു ശിവ ജടയില്‍ നിന്നും കിട്ടിയതാണെന്നും പറഞ്ഞു.താഴംപൂ ഇത് ശരിവെച്ചു.ഇത് കേട്ട് ശ്രീ പരമേശ്വരന് കോപം വരികയും കള്ളം പറഞ്ഞ ബ്രഹ്മാവിനെ ശപിക്കുകയും ചെയ്തു,ഭൂമിയില്‍ ബ്രഹ്മാവിനെ ആരും പൂജിക്കാതാകട്ടെ എന്നാണത്രേ ആ ശാപം.കള്ളസാക്ഷി പറഞ്ഞ താഴംപൂ പൂജയ്ക്കെടുക്കാതെ പോകട്ടെ എന്നും ശപിച്ചു.ഏതോ ആലോചനയില്‍ മുഴുകി നിന്ന എന്നെ ഒരു സ്വാമിയാണ് വിളിച്ചത്.ക്ഷേത്രത്തിലെ ഒരു പൂജാരിയായിരുന്നു അദ്ദേഹം .ഉടനടി ഞാന്‍ അരുനാച്ചലതിന്റെ മുകളിലേക്കുള്ള വഴി ചോദിച്ചു.സാധാരണയായി ആരും മല മുകളില്‍ കയറാറില്ല.വര്‍ഷത്തില്‍ കാര്‍ത്തിക ദീപം ഉത്സവത്തിന്‌ 10 മത്തെ ദിവസം മല മുകളില്‍ ദീപം കൊളുത്തും.അന്ന് മാത്രമേ ആള്‍ക്കാര്‍ മല കയറുകയുള്ളൂ .അതിനിനിയും രണ്ടു ദിവസം കൂടിയുണ്ട് അപ്പോഴുള്ള തിരക്ക് ഒഴിവാകാനാണ് ഞാന്‍ നേരത്തെ വന്നത്.പക്ഷെ സാധാരണ ദിനങ്ങളില്‍ ആളുകള്‍ മലമുകളില്‍ കയറില്ല.അവര്‍ മലയെ ശിവലിംഗമായാണ് കരുതുന്നത്.അത് കൊണ്ട് ആര്‍ക്കും വഴി പറഞ്ഞു കൊടുക്കാറില്ല.മലയെ ചവിട്ടുന്നത് പാപമായാണ് പലരും കരുതിയിരുന്നത്.

അരുണാചലം മഞ്ഞു മൂടിയ നിലയില്‍ 
ഏതായാലും വെയില്‍ തുടങ്ങുന്നതിനു മുന്‍പ് നടത്തം തുടങ്ങാമെന്ന് കരുതി ഞാന്‍ സ്വാമിയോട് യാത്ര പറഞ്ഞു.സ്വാമി പറഞ്ഞത് പ്രകാരം ക്ഷേത്രത്തിനു പുറകു വശത്താണ് മലയിലേക്കുള്ള വഴി.രാജ ഗോപുരം കടന്നു ഞാന്‍ ചെരുപ്പ് സൂക്ഷിക്കാനേല്പ്പിച്ച കടയില്‍ എത്തി.ചെരുപ്പ് വാങ്ങി കൈയില്‍ ലഗേജ് ഇല്ലാത്തതിനാല്‍ ഒരു കുപ്പ വെള്ളവും വാങ്ങി മലയിലേക്കുള്ള വഴി തേടി നടന്നു,സ്വാമി പറഞ്ഞ അടയാളം സ്കന്ധാശ്രമാത്തിലെക്കുള്ള വഴിയെന്നായിരുന്നു.

ക്ഷേത്രത്തിനു പിന്നിലെ ഗോപുരം
അധികം ബുദ്ധിമുട്ടാതെ തന്നെ വഴി കണ്ടു പിടിച്ചു.നടത്തം തുടങ്ങുന്നതിനു മുന്‍പ് അരുണാചലേശ്വരനെ മനസ്സാ നമിച്ചു.ചെറിയ കല്ലുകള്‍ പാകിയ നടപ്പാതകള്‍ പിന്നിട്ടു ഒരു ആശ്രമാത്തിനടുത്തെത്തി .അവിടെ നിന്നും പിന്നീട് വഴിയൊന്നും കണ്ടില്ല.കുറച്ചകലെ ഒരു സ്വാമിയേ കണ്ടു.സ്വാമിയോട് മല മുകളിലേക്കുള്ള വഴി ചോദിച്ചെങ്കിലും പ്രത്യേകിച്ച് വഴിയൊന്നുമില്ല എന്ന തണുപ്പന്‍ മറുപടിയാണ് ലഭിച്ചത്.

മുകളിലേക്കുള്ള വഴി
വരുന്നത് വരട്ടെ എന്ന് വിചാരിച്ചു മുന്നോട്ട് നടന്നു.നടന്നു തുടങ്ങുമ്പോള്‍ അത്ര വലിയ കയറ്റമായി തോന്നിയില്ല.പതുക്കെ മലയുടെ ഏകദേശം വലുപ്പം മനസ്സിലായി,പക്ഷെ മഞ്ഞു മൂടി കിടക്കുന്നതിനു മുകളിലേക്ക് എത്ര ദൂരമുന്ടെന്നു അവിടെ വരെ നടന്നെത്തിയാലെ മനസ്സിലാകൂ.

മുകളിലേക്കുള്ള വഴി
ചരിവില്‍ നിന്നും നോക്കിയാല്‍ താഴെ ദീപാലംകൃതമായ ക്ഷേത്ര ഗോപുരം കാണാം.ദൂരെ സൂര്യന്‍ മേഘങ്ങള്‍ക്കുള്ളില്‍ നിന്നും വരുന്ന കാഴ്ച വളരെ മനോഹരമാണ്.

ദീപാലംകൃതമായ ഗോപുരം (ഫോട്ടോ രതീഷ്‌ മാഷ്‌ )
കുറച്ചു നേരം അടുത്ത് കണ്ട പാറയുടെ മുകളിലിരുന്ന് ക്ഷീണം അകറ്റി.

ഗോപുരം ഒരു ദൃശ്യം (ഫോട്ടോ രതീഷ്‌ മാഷ്‌ )
ഇനിയുള്ളത് കുത്തനെയുള്ള കയറ്റമാണ്.പതുക്കെ കയറിത്തുടങ്ങി.പലയിടങ്ങളിലും പാറകളിലൂടെ ചേര്‍ന്ന് കയറേണ്ടി വന്നു,

ഗോപുരം മലമുകളില്‍ നിന്നുള്ള ഒരു ദൃശ്യം
അല്‍പ നേരത്തെ നടത്തം പിന്നെ ഒരു വലിയ പാറ കയറാന്‍ കുറച്ചേറെ ബുദ്ധിമുട്ടി.ആദ്യം ചെരുപ്പൂരി മുകളിലേക്കെറിഞ്ഞു,പിന്നെ കൈയിലുണ്ടായ കുപ്പി വെള്ളവും.പിന്നെ അടുത്ത പാറയില്‍ ചവിട്ടി ഒരു സര്‍ക്കസ് ,മുകളിലെത്തി.തിരിച്ചിറങ്ങാന്‍ കുറച്ചു ബുദ്ധിമുട്ടും,സാരമില്ല ഇതും ഒരു രസം.ഒരു മനുഷ്യജീവിയില്ല....ആകെ ഒറ്റപ്പെട്ട അവസ്ഥ.താഴെ നിന്നു നോക്കുമ്പോള്‍ അത്ര വലിയ കാടാണെന്നു തോന്നിയില്ല.വലിയ പുല്ലുകള്‍.രണ്ടാള്‍ പൊക്കമുണ്ട് ചിലതിനു,ഇനിയെത്ര ദൂരമുണ്ടോ ആവോ.അല്‍പ നേരം ഇരുന്നു വിശ്രമിച്ചു.

മുകളില്‍ നിന്നുള്ള ദൃശ്യം
എവിടെ നിന്നോ നല്ല സുഗന്ധം.എവിടെ നിന്നാണെന്നു വ്യക്തമായി കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല.വഴിയിലെങ്ങും ഒരു പൂവ് പോലും കണ്ടില്ല.എന്നാലും സുഗന്ധം.ക്ഷീണം അകന്നപ്പോള്‍ വീണ്ടും നടന്നു.ചെറിയ ഒരു കോടമഞ്ഞ്‌ മൂടി.ഒന്നും കാണാന്‍ വയ്യാത്ത വിധം അത് മൂടിക്കളഞ്ഞിരുന്നു.

നടന്നു വന്ന വഴി
മുന്നോട്ടും പിന്നോട്ടും പോകാന്‍ വയ്യ.പൊടുന്നനെ മഴയും തുടങ്ങി.ശക്തമായ മഴ.തിരിച്ചിറങ്ങിയാലോ ഒരു നിമിഷം ചിന്തിക്കാതിരുന്നില്ല ..പക്ഷെ കോട മഞ്ഞില്‍ ഒന്നും കാണാന്‍ വയ്യ.കയറിയ പാറയെ കുറിച്ചോര്‍ത്തു.തത്കാലം മുന്നോട്ട് പോകുക തന്നെ .ഒരു നല്ല പാറയുണ്ടെങ്കില്‍ കയറിയിരിക്കാമായിരുന്നു ..മൊബൈല്‍ നനയാതിരിക്കാന്‍ ജീന്‍സിന്റെ പോക്കറ്റില്‍ വച്ചു.

കോട മഞ്ഞു മറ്റൊരു ദൃശ്യം
പക്ഷെ മഴ എന്നെ നനച്ചേ അടങ്ങൂ എന്ന വാശിയിലാണ് . അനങ്ങാതെ കുറച്ചു നേരം നിന്നു.മഞ്ഞു മാറിയാല്‍ നടക്കാമല്ലോ.പക്ഷെ പ്രകൃതി വീണ്ടും പരീക്ഷിക്കുകയാണ് ..മഴ വളരെ ശക്തി പ്രാപിച്ചു.വലിയ പാറകളില്‍ സൂക്ഷിച്ചു കയറിയില്ലെങ്കില്‍ താഴെയെത്തിയത്‌ തന്നെ.അല്പം മുന്നോട്ട് നടന്നപ്പോള്‍ ഒരു പാറ കണ്ടു.സാഹസപ്പെട്ടു അതിനു മുകളില്‍ വലിഞ്ഞു കയറി.മഴ പെയ്തതിനാല്‍ പാറയിലെല്ലാം വഴുക്കല്‍ ഉണ്ട്.അതിനു മുകളിലിരുന്ന് മഴ ആസ്വദിച്ചു,വലിയ വലിയ തുള്ളികള്‍ ചേര്‍ന്ന് പെയ്യുന്ന മഴ.

മഴ പെയ്യുന്നതിനു മുന്പ് 
ഇന്നലെ രാത്രി പെയ്തത് കോണ്‍ക്രീറ്റ് മരങ്ങളുടെ മേലുള്ള മഴ.അതിനൊരു ഭംഗിയും തോന്നിയില്ല ഇവിടെ മഴ തന്നെ അതിന്റെ പെയ്ത ആസ്വദിക്കുന്നതായി തോന്നി.സമയം നോക്കാന്‍ ഒരു നിര്‍വാഹവുമില്ല.മൊബൈല്‍ ഇപ്പോള്‍ തന്നെ മുഴുവന്‍ നനഞ്ഞിരിക്കുന്നു.വെറുതെ മഴ നോക്കിയിരുന്നു.കുറച്ചു നേരത്തിനകം കോട മഞ്ഞു വഴിമാറി.മഴ തിമിര്‍ത്തു പെയ്തുകൊണ്ടിരുന്നു.വേഗം മുകളിലേക്ക് തന്നെ കയറാമെന്ന് തോന്നി.വന്ന വഴിയിലൂടെ ഇറങ്ങുക എന്നത് ആത്മഹത്യാപരം. കൈ വഴുതിയാല്‍ താഴെയെവിടെയെങ്കിലും ചെന്ന് വീഴും.പിടിച്ചെഴുന്നെല്പ്പിക്കാന്‍ തന്നെ ആരും ഇല്ല.മുകളിലേക്കാണ് എങ്കില്‍ വഴിയുമില്ല.

മുകളിലേക്കുള്ള വഴി
ഒറ്റയ്ക്ക് വന്നത് മണ്ടത്തരമായെന്ന് തോന്നി.വലിയ പുല്ലുകള്‍ വകഞ്ഞു മാറ്റി മുന്നോട്ട് നടന്നു.ഇത്രയും കയറിയിട്ടും ഒരു ജീവിയെ പോലും കണ്ടില്ല.ആനയില്ലെന്ന് വിജയേട്ടന്‍ പറഞ്ഞിരുന്നു.ആ ധൈര്യത്തിലാണ് ഒറ്റയ്ക്ക് കയറിയത്.വിജയേട്ടന്‍ വന്നത് വേനല്‍ക്കാലത്താണ് .ഉണങ്ങിക്കരിഞ്ഞ മലയെന്നാണ് അന്ന് പറഞ്ഞത്.പക്ഷെ ഇപ്പോള്‍ ധാരാളം മരങ്ങളും ചെടികളും പുല്ലുകളും കാണാം.നടന്നു ഒരു വലിയ പാറക്കെട്ടിനു മുന്നിലെത്തി.കൂറ്റന്‍ കല്ലുകള്‍ കൂട്ടി വച്ച് ആരോ വഴിയടച്ചത് പോലെ തോന്നി.ഒറ്റയ്ക്കായത് കൊണ്ടാണോ എന്നറിയില്ല ഇത്ര സൂക്ഷ്മമായി ഞാന്‍ കാടിനെ ആസ്വദിച്ചിട്ടില്ല ഇതുവരെ.പലതരം സുഗന്ധം പക്ഷെ അതിന്റെ ഉറവിടം അറിയില്ല.പ്രകൃതിയുടെ അത്ഭുതമായി തോന്നി.തിരുവണ്ണാമലൈയില്‍ നിരവധി ഔഷധ സസ്യ ശേഖരമുണ്ടെന്നു പറഞ്ഞു കേട്ടിരുന്നു.അവയുടെ മണമായിരിക്കാം.

കോട മഞ്ഞു മൂടുമ്പോള്‍
വീണ്ടും ചെരുപ്പുകലൂരി സര്‍ക്കസ് ആരംഭിച്ചു.ഒന്നാമത്തെ പാറയില്‍ നിന്നും രണ്ടാമത്തെതിലേക്ക് ചാടി.മൂന്നാമാത്തെതിലേക്ക് തൂങ്ങിയപ്പോഴേക്കും കൈ വഴുതി താഴേക്കു വീണു.എന്തോ ഭാഗ്യം ഒന്നും പറ്റിയില്ല.കൈ ഒന്നുരസി പക്ഷെ അരുണാചലേശ്വരന്റെ കൃപ കൊണ്ട് മുരിവോന്നുമില്ല.മഴ മാറുന്ന ലക്ഷണമൊന്നുമില്ല.വെറുതെയിരുന്നു പക്ഷെ കിതപ്പ് മാറിയില്ല.ഈ പെയ്യുന്ന മഴയിലും ഞാന്‍ വിയര്‍ത്തു.അല്‍പ നേരം കണ്ണടച്ചിരുന്നു.താഴേക്ക് ഇറങ്ങണോ എന്ന് ചിന്തിച്ചു.ഏതോ ഒരു അദൃശ്യ ശക്തി മുന്നോട്ട് പോകാന്‍ നിര്‍ബന്ധിക്കുന്നത്‌ പോലെ തോന്നി.എഴുന്നേറ്റു പാറയുടെ പാര്‍ശ്വ വശത്തില്‍ നിന്നും കയറി മുകളിലെത്തി.എഴുന്നീട്ടു നോക്കിയപ്പോള്‍ ദൂരെ മറ്റൊരു പാറയില്‍ മുകളിലേക്കുള്ള വഴിയെന്നു അടയാളപ്പെടുത്തിയിരിക്കുന്നു.നടന്നു ആ പാറയില്‍ എത്തിയപ്പോഴാണ് എനിക്ക് വഴി തെറ്റിയ കാര്യം മനസ്സിലായത്.

മറ്റൊരു ദൃശ്യം
യഥാര്‍ത്ഥ വഴിയുടെ മറ്റൊരു വശത്തിലൂടെയാണ് ഞാന്‍ സഞ്ചരിച്ചത് പിന്നീട് ഓരോ പാറയുടെ മുകളിലും ദിശ അടയാളപ്പെടുത്തിയത് കണ്ടു.അല്‍പ സമയത്തിന് ശേഷം മലയുടെ ഏറ്റവും മുകള്‍ ഭാഗത്തിന് തൊട്ടു താഴെയായി നിര്‍മിച്ച ഒരു കുടിലിന്റെ വശത്തെത്തി.കുടിലിനുള്ളില്‍ നിന്നും പതിഞ്ഞ ശബ്ദം കേട്ടു .മഴ നനയാതിരിക്കാന്‍ ആരെങ്കിലും കുടിലില്‍ കയറിയിരുന്നതാകും.എന്തായാലും മലമുകളില്‍ എത്തിയതിനു ശേഷം തിരിച്ചു വന്നു നോക്കാമെന്ന് വിചാരിച്ചു.ഇപ്പോള്‍ വഴിയില്‍ വീണ്ടും കോടമഞ്ഞ്‌ മൂടി.എത്ര പെട്ടെന്നാണ് കോട മഞ്ഞു മൂടിയത് .പെട്ടെന്ന് മഴയും നിന്നു.എന്തൊരത്ഭുതം ഇത്ര നേരം ആരോ എന്നെ പരീക്ഷിക്കുകയായിരുന്നോ? കോട മഞ്ഞില്‍ തപ്പിത്തടഞ്ഞു കുടിലിനു സമീപത്തു കൂടി ഞാന്‍ തിരുവണ്ണാമലൈയുടെ നെറുകയിലേക്ക് നടന്നു.ഏറ്റവും മുകളില്‍ ഒരു പാറയുണ്ട് അതില്‍ കയറി നോക്കിയപ്പോള്‍ വെള്ള പുതച്ച കോട മഞ്ഞു വഴിമാറി ഒരു തൃശൂലം...കൈലാസതിലെത്തിയ പ്രതീതിയായിരുന്നു.തൂവെള്ള മേഘത്തിനു നടുവില്‍ ഒരു തൃശൂലം !!.നടന്നു അതിനു മുന്നിലെത്തി സാഷ്ടാംഗം പ്രണമിച്ചു .കുറച്ചു നേരം അവിടെയിരുന്നു ധ്യാനിച്ചു.

തൃശൂലം ...മല മുകളില്‍
തിരുവണ്ണാമലൈ കൃതയുഗത്തില്‍ അഗ്നിയും,തേത്രായുഗത്തില്‍ മാണിക്യവും ദ്വാപരയുഗത്തില്‍ സ്വര്‍ണവും കലിയുഗത്തില്‍ കല്ലുമാണ് എന്നാണ് ഐതിഹ്യം.മലയുടെ മുകളില്‍ മുഴുവന്‍ കറുത്തിരുന്നു.വര്‍ഷത്തിലെ കാര്‍ത്തിക ഉത്സവത്തില്‍ കര്‍പ്പൂരം ഇട്ടു കത്തിക്കുന്നതിനാലായിരിക്കണം ഇത്ര കറുത്ത് ഇരുണ്ടിരിക്കുന്നത്.മല മുകളില്‍ കത്തിക്കുന്ന ഈ ദീപത്തിനു പിന്നിലും ഒരു ഐതിഹ്യമുണ്ട് .

തൃശൂലം മറ്റൊരു ദൃശ്യം
ഒരിക്കല്‍ ശ്രീ പാര്‍വതി ഭഗവാന്‍ പരമേശ്വരന്റെ കണ്ണ് മൂടുകയും തുടര്‍ന്ന് സര്‍വ ലോകവും ഇരുട്ടിലാകപ്പെടുകയും ചെയ്തുവത്രേ.ഇതില്‍ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രീ പാര്‍വതി കാഞ്ചീപുരത്ത് മണ്ണ് കൊണ്ട് ശിവലിംഗം ഉണ്ടാക്കി പൂജിച്ചു.തുടര്‍ന്ന് ശ്രീ പരമേശ്വരന്‍ പാര്‍വതിയോട് തിരുവണ്ണാമലൈയില്‍ വ്രതമനുഷ്ടിക്കാന്‍ നിര്‍ദേശിച്ചു.ഗൌതമ മുനിയുടെ സാന്നിദ്യത്തില്‍ ശ്രീ പാര്‍വതി വ്രതമനുഷ്ടിക്കുകയും കാര്‍ത്തിക മാസത്തിലെ പ്രദോഷ ദിവസം പരമേശ്വരന്റെ അര്‍ദ്ധ ഭാഗമായ് കൂടിച്ചേരുകയും അര്‍ദ്ധനാരീശ്വര രൂപത്തില്‍ നിലകൊള്ളുകയും ചെയ്തു.ഈ സ്വരൂപമാണ് ഒരു ദീപമായി തിരുവണ്ണാമലൈയില്‍ കാര്‍ത്തിക ദീപ ഉത്സവമായി ആഘോഷിക്കുന്നത്.മഴ പൂര്‍ണമായി മാറിയപ്പോള്‍ താഴെ കുടിലിനു സമീപത്തേക്ക് ഇറങ്ങി ചെന്നു.അപ്പോള്‍ കുടിലിനു വെളിയില്‍ രണ്ടു പേര്‍ നില്‍ക്കുന്നു.പരിചയപ്പെട്ടപ്പോള്‍ രണ്ടു പേരും മലയാളികള്‍ അമൃതയില്‍ പഠിപ്പിക്കുന്ന വിനോദ് മാഷും രതീഷ്‌ മാഷും.സന്തോഷമടക്കാനായില്ല കുറെ നേരമായി ആരെയെങ്കിലും കാണുമോ എന്ന് വിചാരിച്ചു നില്‍ക്കുമ്പോഴാണ് രണ്ടു മലയാളികളെ കാണുന്നത്.ഞങ്ങള്‍ കുടിലിനകത്തേക്ക് കയറിയിരുന്നു.അല്‍പ നേരം സംസാരിച്ചിരുന്നു.അപ്പോഴേക്കും അടുത്ത മഴ തുടങ്ങി.പിന്നെ മഴ തോരാന്‍ കാത്തു നിന്നു.മഴ തോര്‍ന്നതിനു ശേഷം വീണ്ടും ത്രുശൂലത്തിനരികില്‍ എത്തി.

മല മുകളിലെ കാല്‍ പാദം
കുറച്ചു നേരം അവിടെ നിന്നതിനു ശേഷം മലയിറങ്ങാന്‍ ആരംഭിച്ചു.കയറ്റം പോലെ തന്നെ ദുര്‍ഘടം പിടിച്ചതായിരുന്നു ഇറക്കവും.ഞാന്‍ കയറിയതിന്റെ വിപരീത ദിശയില്‍ ഞങ്ങള്‍ മലയിറങ്ങി തുടങ്ങി.പലയിടത്തും ഇരുന്നും നിരങ്ങിയുമാണ് ഞങ്ങള്‍ ഇറങ്ങിയത്.തലേന്ന് രാത്രി ശരിയായി ഭക്ഷണം കഴിക്കാത്തത് ക്ഷീണം തോന്നിച്ചു.നടന്നു നടന്നു ഞങ്ങള്‍ സ്കന്ധാശ്രമാത്തിനു പിന്നിലെത്തി .

സ്കന്ധാശ്രമത്തിലെക്കുള്ള വഴി
അവിടെ ചെറിയ ഒരു നീരൊഴുക്കും ഉണ്ടായിരുന്നു.ക്ഷീണം കാരണം കുറച്ചു നേരം അവിടെ ഇരുന്നു.രതീഷ്‌ മാഷ്‌ കുറച്ചു പഴവും കരിമ്പും വാങ്ങി വന്നു.ഞങ്ങള്‍ ആ തെളിനീരുറവയില്‍ കുളിച്ചു.ആ കുളി ഞങ്ങളുടെ ക്ഷീണം അകറ്റി. പഴവും കരിമ്പും കഴിച്ചു ഞങ്ങള്‍ സ്കന്ധാശ്രമാതിലെത്തി.ആളും തിരക്കുമൊന്നുമില്ലാത്ത,പ്രശാന്ത സുന്ദരമായ ഒരു ആശ്രമം.രമണമഹര്‍ഷി തപസ്സു ചെയ്ത സ്ഥലമാണ് സ്കന്ധാശ്രമം.

സ്കന്ധാശ്രമം 

1912 മുതല്‍ 1922 വരെയുള്ള പത്തു വര്‍ഷങ്ങള്‍ രമണ മഹര്‍ഷി ഇവിടെയിരുന്നു തപസ്സു ചെയ്തുവത്രേ.ആദ്യമായി രമണ മഹര്‍ഷിയെ കുറിച്ച് വായിക്കാനിടയായത് സ്വാമി രാമയുടെ "A living with the himalayan Masters " എന്ന പുസ്തകത്തിലാണ്.

രമണാശ്രമം
രമണാശ്രമത്തിലെ മയിലുകള്‍ (ഫോട്ടോ രതീഷ്‌ മാഷ്‌ )
രമണ മഹര്‍ഷി തമിഴനാടിലെ മധുരയില്‍ ജനിച്ചു തന്റെ സന്യാസ ജീവിതം തിരുവണ്ണാമലയില്‍ നയിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ പേരിലുള്ള രമണാശ്രമത്തില്‍ സ്വദേശികളും വിദേശികളുമായ ഒരുപാട് പേര്‍ സന്യാസജീവിതം നയിക്കുന്നു.

സ്കന്ധാശ്രമം
സ്കന്ധാശ്രമത്തില്‍ നിന്നിറങ്ങി ഞങ്ങള്‍ വിരുപക്ഷി ഗുഹയിലേക്ക് നടന്നു കുറച്ചു കല്ലുകള്‍ പാകിയ വഴിയിലൂടെ നടന്നാല്‍ വിരുപക്ഷി ഗുഹയിലെത്താം.

വിരുപക്ഷി ഗുഹയിലേക്കുള്ള വഴി 
വിരുപക്ഷി ഗുഹയിലേക്കുള്ള വഴി (ഫോട്ടോ രതീഷ്‌ മാഷ്‌ )
ഇവിടെയും രമണ മഹര്‍ഷി തപസ്സിരുന്നതായി കരുതുന്നു.അല്‍പ നേരം അവിടെ ചിലവഴിച്ചതിനു ശേഷം ഞങ്ങള്‍ പടവുകളിറങ്ങി മെയിന്‍ റോഡില്‍ എത്തി.

വിരുപക്ഷി ഗുഹയ്ക്കുള്ളില്‍
വിരുപക്ഷി ഗുഹ
താഴേക്കുള്ള വഴി 
അപ്പോഴേക്കും സൂര്യന്‍ തലയ്ക്കു മുകളില്‍ കത്തി ജ്വലിച്ചു നിന്നു,മുന്‍പ് ഞാന്‍ ഇവിടെ വന്നത് പൌര്‍ണമി നാളിലുള്ള അരുണാചല പരിക്രമണത്തിനായിരുന്നു.ഗിരിവലം എന്നാണ് അതിനു പേര്‍.കാല്‍നടയായി 14 കിലോ മീറ്റര്‍ പ്രദക്ഷിണം ചെയ്യണം.പ്രദക്ഷിണ വഴിയില്‍ എട്ടു ദിക്കുകളിലായി എട്ടു ലിംഗങ്ങള്‍ പൂജിക്കപ്പെടുന്നു.അവയാണ് ഇന്ദ്രലിംഗം,അഗ്നിലിംഗം,യമ ലിംഗം,നിരുതി ലിംഗം,വരുണ ലിംഗം,വായു ലിംഗം,കുബേര ലിംഗം,ഈശാന ലിംഗം എന്നിവ,രാത്രിയില്‍ തുടങ്ങുന്ന പ്രദക്ഷിണം പുലര്‍ച്ചയോടെ അവസാനിപ്പിച്ച് അമ്പലത്തില്‍ തൊഴുതു മടങ്ങുക എന്നായിരുന്നു പതിവ്.ഇത്തവണയാണ്  മല മുകളില്‍ പോകുവാന്‍ അവസരം ലഭിച്ചത്,
ഞങ്ങള്‍ അടുത്ത് കണ്ട ഹോട്ടലില്‍ കയറി ഊണ് കഴിച്ചു.നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ ഊണ് കഴിച്ചു തീര്‍ന്നതറിഞ്ഞില്ല.പിന്നീട് ബസ്‌ സ്റ്റാന്റ് ലേക്ക് പുറപ്പെട്ടു.അപ്പോഴേക്കും അടുത്ത മഴ തുടങ്ങിയിരുന്നു.സുഹൃത്തുക്കളെ സേലം ബസില്‍ കയറ്റി വിട്ടതിനു ശേഷം ഞാന്‍ ബാംഗ്ലൂര്‍ ബസ്‌ തേടി നടന്നു.അല്‍പ നേരത്തെ കാത്തിരുപ്പിനു ശേഷം ബസ്‌ വന്നു.തിരക്കില്ലാത്ത ബസില്‍ കയറിയിരുന്നു..
ഇത് വരെ വന്നതില്‍ നിന്നും വളരെ വ്യത്യസ്തമായ് തിരുവണ്ണാമലയിലെ ചൈതന്യത്തെ അടുത്തറിഞ്ഞ യാത്രയായിരുന്നു ഇത്.ചില യാത്രകളില്‍ നമുക്ക് പല പരീക്ഷണങ്ങളും നേരിടേണ്ടി വരും പക്ഷെ ഒടുവില്‍ ലക്ഷ്യത്തിലെത്തുമ്പോള്‍ നമുക്ക് ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ് ..ഈ യാത്രയും അത്തരത്തിലുള്ള ഒരു യാത്രയായിരുന്നു.നല്ല സുഹൃത്തുക്കളെ നേടിത്തന്ന മറക്കാനാവാത്ത അനുഭവങ്ങള്‍ തന്ന യാത്ര...

9 comments:

 1. വൗ... മനോഹരം ഈ യാത്ര. മഴ നനഞ്ഞ് കോടമഞ്ഞിൽ അലിഞ്ഞ് മലമുകളിലേക്ക് കയറാൻ കൊതിയാവുന്നു. ഐതിഹ്യങ്ങൾ ഈ ലേഖനത്തെ കൊഴുപ്പിച്ചിരിക്കുന്നു. താഴമ്പൂ പൂജയ്ക്കെടുക്കാത്ത പൂവായത് എങ്ങനെയെന്നത്/അതിന്റെ പിന്നിലെ ഐതിഹ്യ പുത്തനറിവായിരുന്നു. ഒരിക്കൽ പോകണം തിരുവണ്ണാമലയിലേക്ക്. പോകും.

  ഈ സ്ഥലം എവിടെയാണെന്ന്(ഏത് സംസ്ഥാനത്തിൽ/ജില്ലയിൽ) കൃത്യമായി എവിടെയെങ്കിലും ലേഖനത്തിൽ സൂചിപ്പിക്കുണമെന്ന് ഒരു നിർദ്ദേശമുണ്ട്. വായനക്കാരക്ക് അത് ഉപകാരപ്രദമാവും.

  ReplyDelete
 2. Vivek....tiruvannamalayil poya anibhuthi...nalla vivaranam..."ചില യാത്രകളില്‍ നമുക്ക് പല പരീക്ഷണങ്ങളും നേരിടേണ്ടി വരും പക്ഷെ ഒടുവില്‍ ലക്ഷ്യത്തിലെത്തുമ്പോള്‍ നമുക്ക് ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്". Keep writing.waiting for your next yathra vivaranam.

  ReplyDelete
 3. ആഗ്രഹമുണ്ട്.ഒന്നു പോകണം.

  ReplyDelete
 4. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. വിവേക് യാത്രാ വിവരണം നന്നായിട്ടുണ്ട്,
  ഇനിയും യാത്ര പോകാനുള്ളവര്‍ക്ക് ഈ വിവരണം ഒരു അനുഗ്രഹമാവും.

  ജൂണ്‍ 15 വീണ്ടും ഞങ്ങള്‍ അവിടെ എത്തി, ഒരു രാത്രി മലയില്‍ തങ്ങി.
  വിവേകിനെ ഓര്‍ത്തു.

  ReplyDelete
 7. രതീഷ്‌ മാഷേ ...പോയെന്നറിഞ്ഞതില്‍ സന്തോഷം....എന്നെ ഓര്‍തെന്നറിഞ്ഞതില്‍ അതിലേറെ സന്തോഷം ....
  അവിടെ പിന്നെയും പോകണമെന്ന് തോന്നാറുണ്ട് ......

  ReplyDelete
 8. ഇവിടെ പോകാൻ ആഗ്രഹം ഉണ്ട് ....

  നല്ല വിവരണം ..

  ReplyDelete