Wednesday, October 19, 2011

ചോള സാമ്രാജ്യത്തിലൂടെ…. ഐരാവതേശ്വര ക്ഷേത്രം

ദൈവനായകി അമ്മൻ ക്ഷേത്രത്തിൽ നിന്നും ഞങ്ങൾ അടുത്തു തന്നെയുള്ള ഐരാവതേശ്വര ക്ഷേത്രത്തിലേക്ക് നടന്നു. വിശാലമായ പുൽത്തകിടിയും കടന്ന് ഞങ്ങൾ ഐരാവതേശ്വര ക്ഷേത്ര കവാടത്തിനു മുന്നിലെത്തി.സന്ധ്യയുടെ ചുവപ്പിലമർന്ന് ക്ഷേത്രഗോപുരം നിലകൊണ്ടു. ശില്പകലയുടെ സുവർണ്ണ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ഗോപുരം. സായാഹ്ന സൂര്യന്റെ പൊൻപ്രഭ ക്ഷേത്രഗോപുരത്തെ കൂടുതൽ സുന്ദരമാക്കി.
ഐരാവതേശ്വര ക്ഷേത്ര ഗോപുരം
ശില്പകലയുടെ മാസ്റ്റർപീസെന്ന് വിളിക്കാവുന്ന ക്ഷേത്രഗോപുരത്തിൽ കൊത്തുപണികളില്ലാത്ത ശിലകളൊന്നും തന്നെ കാണുവാൻ കഴിയില്ല
നന്ദികേശ്വര പ്രതിഷ്ഠ
ഇവിടെയും കൂറ്റൻ നന്ദികേശ്വര പ്രതിഷ്ഠ കാണാം.ശില്പകലയുടെ പൂർണ്ണ ഭാവങ്ങൾ ആസ്വദിച്ച് ഞങ്ങൾ ക്ഷേത്രാങ്കണത്തിലേക്ക് നടന്നു.ശില്പകലയെ അതിന്റെ ഔന്നിത്യത്തിലെത്തിച്ച ചോളരാജാക്കന്മാരെ ഒരു നിമിഷം ഓർത്തുപോയി. ചോള രാജ്യത്തിന്റെ അവസാന കാലഘട്ടത്തിലാണത്രേ ഈ ക്ഷേത്രം നിർമ്മിച്ചത്. രാജ രാജ ചോളൻ രണ്ടാമനാണത്രേ ഈ ക്ഷേത്രം നിർമ്മിച്ചത്.
ക്ഷേത്ര ഗോപുരം സായാഹ്ന ദൃശ്യം
തഞ്ചാവൂർ ശില്പികളുടെ കഴിവ് എത്രത്തോളമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ക്ഷേത്ര കവാടം.
കൽമണ്ഡപത്തിലെ കുതിരകൾ
ക്ഷേത്ര ഗോപുരവും കടന്നകത്തെത്തുമ്പോൾ കാണുന്ന മുഖമണ്ഡപത്തെ രാജഗംഭീരമണ്ഡപമെന്നാണ് വിളിക്കുന്നത്. ആനകൾ വലിക്കുന്നതു പോലെയുള്ള മണ്ഡപത്തിലെ കൊത്തുപണികളുടെ ചാരുത എങ്ങനെ വിവരിക്കാനാണ് !
കൽമണ്ഡപത്തിലെ ആനകൾ
വിസ്മയിച്ചു നിന്നു പോയി അല്പനേരം…മണ്ഡപത്തിലെ കൽപ്പടവുകളിൽ രഥം വലിക്കുന്ന കുതിരകൾ..അതി സൂക്ഷ്മമായി പണിതിരിക്കുന്നു . കുതിരകൾ വലിക്കുന്ന രഥചക്രത്തിന്റെ ആരക്കാലുകൾ വരെ സൂക്ഷ്മമായി കൊത്തിയിരിക്കുന്നു.
കൽമണ്ഡപത്തിലെ കുതിരകൾ
മറ്റൊരു ദിശയിലുള്ള പടവുകളിൽ രഥം വലിക്കുന്ന ആനകൾ!! ചോള രാജ്യം ക്ഷയിച്ച സമയത്താണീക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി.
കൽമണ്ഡപത്തിലെ ആനകൾ
മുഖമണ്ഡപത്തിനകത്തേക്ക് കയറിയപ്പോൾ കണ്ടത് ശില്പകലയുടെ വേറിട്ട ഭാവങ്ങൾ.. താമരയുടെ മധ്യത്തിൽ നിൽക്കുന്ന ശിവ പാർവ്വതിമാർ..ഭരതനാട്യത്തിലെ വിവിധ മുദ്രകൾ.. താണ്ഡവമാടുന്ന നടരാജമൂർത്തി. കൈലാസമെടുത്ത് അമ്മാനമാടുന്ന രാവണൻ എന്നിങ്ങനെ വിവിധ ഭാവങ്ങളിലുള്ള ശില്പങ്ങൾ..മണ്ഡപത്തിലെ തൂണുകൾ സപ്തസ്വരങ്ങൾ മീട്ടുന്നു. മണ്ഡപത്തിലെ തൂണുകളും ഒട്ടും വ്യത്യസ്തമല്ല. നൃത്തം ചെയ്യുന്ന സ്ത്രീകൾ.ദേവീദേവന്മാർ..എല്ലാം ഒന്നിനോടൊന്ന് മെച്ചം..
മറ്റൊരു മണ്ഡപം
പുറം ചുവരിലാകട്ടെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിൽ കണ്ടതു പോലുള്ള ശില്പങ്ങൾ..ഭിക്ഷാടക വേഷധാരിയായ ശിവൻ,വീണയില്ലാതെ നിൽക്കുന്ന സരസ്വതി.അർദ്ധനാരീശ്വര സങ്കല്പം..എന്നിങ്ങനെ വിവിധതരം ശില്പങ്ങൾ മിഴിവോടെ കൊത്തിയിരിക്കുന്നു.സായാഹ്ന സൂര്യന്റെ കിരണങ്ങൾ ക്ഷേത്രഗോപുരങ്ങളിൽ തട്ടി പ്രതിഫലിച്ചു.. ചുവന്ന കല്ലുകളിൽ പണിതതിനാലായിരിക്കണം ചുവന്ന രശ്മികൾ കൂടുതൽ പ്രഭയുള്ളതായ് തോന്നാൻ കാരണം.
മണ്ഡപം
മണ്ഡപത്തിലൂടെ നടന്ന് ഞങ്ങൾ ശ്രീ കോവിലിനു മുന്നിലെത്തി.ശില്പിയുടെ കഴിവിനെ പരാമാവധി ഉപയോഗിച്ചിരിക്കുന്നു ക്ഷേത്രത്തിലെവിടെയും.. ശ്രീ കോവിലിനു മുന്നിലെ ദ്വാരപാലകർ തന്നെയാണ് ഇതിന് ഉത്തമ ഉദാഹരണം, ശ്രീ കോവിലിനകത്ത് ഐരാവതേശ്വരൻ ലിംഗരൂപധാരിയായ് നിലകൊള്ളുന്നു. ശിവലിംഗത്തിന്റെ വലിപ്പവും ശ്രദ്ധേയമാണ്. ബൃഹദീശ്വര ക്ഷേത്രത്തിലെ ശിവലിംഗവുമായ് താരതമ്യം ചെയ്യാൻ പറ്റില്ലെങ്കിലും , ശ്രീ കോവിലിന്റെ അകം മുഴുവൻ നിറഞ്ഞു നിൽക്കുന്നതു പോലെ തോന്നി ഐരാവതേശ്വരൻ.
ക്ഷേത്ര ഗോപുരം
ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയിലും ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ ദുർവാസാവ് മഹർഷി ദേവേന്ദ്രന് ഒരു പുഷ്പഹാരം നൽകി.ദേവേന്ദ്രനത് തന്റെ വാഹനമായ ഐരാവതമെന്ന വെളുത്ത ആനയ്ക്ക് ചാർത്തി.
പുഷ്പത്തിന്റെ സൗരഭ്യം കാരണം തേൻ കുടിക്കാൻ വന്ന വണ്ടുകൾ ഐരാവതത്തിനു ശല്യമായ് ഭവിച്ചു. ഒടുവിൽ ശല്യം സഹിക്കവയ്യാതെ ഐരാവതം പുഷ്പഹാരം നിലത്തെറിഞ്ഞു. ഇതു കണ്ടു നിന്ന ദുർവ്വാസാവിനു താൻ അപമാനിക്കപ്പെട്ടതായ് തോന്നി.
ക്ഷേത്ര ഗോപുരം

അദ്ദേഹം ദേവേന്ദ്രനേയും ഐരാവതത്തേയും ശപിച്ചു. വെളുത്ത നിറമുള്ള ഐരാവതത്തിന്റെ നിറം മങ്ങിപ്പോകട്ടേയെന്നായിരുന്നു ശാപം. ശാപമോചനത്തിന് ശിവനെ പൂജിക്കാൻ ഐരാവതത്തോട് ദുർവ്വാസാവു പറഞ്ഞു.
ക്ഷേത്ര വിമാനം

അങ്ങനെ ഐരാവതം ശിവനെ പൂജിച്ച ക്ഷേത്രമായതിനാലാണ് ക്ഷേത്രത്തിന് ഐരാവതേശ്വരമെന്ന പേർ വന്നത്. ഐരാവതേശ്വരനെ വണങ്ങി മണ്ഡപത്തിലെത്തിയപ്പോൾ പൂജാരി കീർത്തനങ്ങൾ ആലപിക്കാൻ തുടങ്ങി. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു അദ്ദേഹത്തിന്റെ ആലാപനം..ശിവസ്തുതികൾ കേട്ട് ഞങ്ങൾ ഐരാവതേശ്വരക്ഷേത്രത്തോട് വിടപറഞ്ഞു.

Sunday, October 9, 2011

ചോള സാമ്രാജ്യത്തിലൂടെ…ദൈവനായകിയമ്മൻ ക്ഷേത്രം

കാവേരി നദി 
ഗംഗൈകൊണ്ട ചോളപുരത്തു നിന്നും കുംഭകോണത്തേക്ക് ഏതാണ്ട് 34 കിലോമീറ്ററോളം ദൂരമുണ്ട്. നാട്ടുവഴിയിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് ഞങ്ങൾ നിന്നു.വളരെ നേരം നിന്നിട്ടും ബസ്സൊന്നും വരാത്തതു കാരണം അടുത്തു നിന്ന ഗ്രാമീണനോട് കുംഭകോണത്തേക്കുള്ള ബസ്സിനെ പറ്റി തിരക്കി. അദ്ദേഹം പറഞ്ഞു കുംഭകോണമെത്താൻ കാവേരി നദി കടക്കേണ്ടതുണ്ട്. ആനക്കരെയെന്ന ഗ്രാമത്തിലാണ് കാവേരിക്കു കുറുകെയുള്ള പാലം, പക്ഷേ ചില മാസങ്ങൾക്ക് മുൻപ് പാലം തകർന്നതിനാൽ കുംഭകോണത്തേക്ക് ബസ് സർവ്വീസ് നിർത്തിയിരിക്കുകയാണത്രേ..പക്ഷേ ആനക്കരെയിൽ എത്തിയാൽ ഒരു ചെറിയ കനാൽ വഴി കാവേരി കടക്കാമത്രേ.. പാലത്തിനക്കരെ കുംഭകോണത്തേക്കുള്ള ബസ് സർവ്വീസ് ഉണ്ട്. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് ഞങ്ങൾ ആനക്കരെ ബസിൽ കയറി. ഗംഗൈകൊണ്ട ചോളപുരത്തുനിന്നും 9 കിലോമീറ്റർ അകലെയാണ് ആനക്കരെ.ഏതാണ്ട് 20 മിനുട്ടിനകം ഞങ്ങൾ ആനക്കരെയിലെത്തിച്ചേർന്നു.ദൂരെ കാവേരി നദി കാണാമായിരുന്നു. വരണ്ട കാവേരിയെ കണ്ടപ്പോൾ അതിശയിച്ചു പോയി. വെറുമൊരു നീർച്ചാൽ മാത്രമായിരുന്നു കാവേരി നദിയപ്പോൾ.. തടയണകൾ നിർമ്മിച്ച് കാവേരിയുടെ ഒഴുക്കിനു തടയിട്ടിരുന്നു സ്വാർത്ഥനായ മനുഷ്യൻ!! മരിച്ചുകൊണ്ടിരിക്കുന്ന കാവേരിയുടെ മറ്റൊരു മുഖം ഞങ്ങൾ കണ്ടു.
ദൈവനായകി അമ്മൻ കോവിൽ
തലക്കാവേരിയിൽ നിന്നും ഉത്ഭവിക്കുന്ന കാവേരിയുടെ സ്ഥിതി കണ്ട് ഞങ്ങൾക്ക് സങ്കടം തോന്നി. ഒരു ഷെയർ ഓട്ടോയിൽ ഞങ്ങൾ കാവേരി നദി മുറിച്ചുകടന്നു. മറുവശത്ത് കുഭകോണത്തേക്കുള്ള ബസ്സുകൾ നിർത്തിയിട്ടിരുന്നു.കുംഭകോണത്തു ഞങ്ങൾ 3 മണിയോടെ എത്തിച്ചേർന്നു.
വ്യാളീ മുഖ പടവുകൾ
കുംഭകോണത്തിനടുത്തുള്ള ധരാസുരമെന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐരാവതേശ്വര ക്ഷേത്രവും ദൈവനായകിയമ്മൻ ക്ഷേത്രവുമായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. കുംഭകോണം തഞ്ചാവൂർ ഹൈവേയിൽ കുംഭകോണത്തു നിന്നും നാലു കിലോമീറ്റർ അകലെയായാണ് ധരാസുരം.
കൽമണ്ഡപം
കുംഭകോണത്തു നിന്നും പുറപ്പെടുന്ന ലോക്കൽ ബസ്സുകൾ മാത്രമേ ധരാസുരം നിർത്തുകയുള്ളൂ. നാലുമണിയോടെ ഞങ്ങൾ ധരാസുരമെത്തിച്ചേർന്നു.
ക്ഷേത്രഗോപുരം (ദൈവനായകിയമ്മൻ കോവിൽ)
മെയിൻ റോഡിൽ നിന്നും അല്പം അകലെയാണ് ഗ്രേറ്റ് ലിവിങ്ങ് ചോളക്ഷേത്രങ്ങളിലൊന്നായ ഐരാവതേശ്വര ക്ഷേത്രം നിലകൊള്ളുന്നത്.
ക്ഷേത്രഗോപുരം (ദൈവനായകിയമ്മൻ കോവിൽ)
ഇടവഴികളിലൂടെ നടന്ന് ഞങ്ങൾ ഐരാവതേശ്വര ക്ഷേത്രത്തിനു സമീപമുള്ള ദൈവനായകിയമ്മൻ ക്ഷേത്രത്തിനുമുന്നിലെത്തി.
ക്ഷേത്രഗോപുരത്തിന്റെ മുകൾ ഭാഗം
ദൈവനായകിയമ്മൻ ക്ഷേത്രവും ചോള സാമ്രാജ്യത്തിന്റെ സംഭാവന തന്നെ. ഈ ക്ഷേത്രവും ഐരാവതേശ്വര ക്ഷേത്രവും ഒരേ സമയം നിർമ്മിച്ചതാണ്.
ദൈവനായകിയമ്മൻ ക്ഷേത്രം (മറ്റൊരു ദൃശ്യം)
ഐരാവതേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠ ശ്രീ പരമേശ്വരനാണെങ്കിൽ ദൈവനായകിഅമ്മൻ ക്ഷേത്രത്തിൽ ശ്രീ പാർവ്വതിയാണ് പ്രതിഷ്ഠ.
ദൈവനായകിയമ്മൻ ക്ഷേത്രം (മറ്റൊരു ദൃശ്യം)
കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ട ക്ഷേത്രത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു. വ്യാളീമുഖങ്ങൾ കൊത്തിയ പടവുകൾ കയറി ഞങ്ങളൊരു മണ്ഡപത്തിലെത്തി.
ക്ഷേത്ര വിമാനം
ചോളരാജ്യപ്രതാപം വിളിച്ചറിയിക്കുന്ന കൊത്തുപണികൾ. ചോളരാജ്യ രാജാവായിരുന്ന രാജ രാജ ചോളൻ രണ്ടാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.
ക്ഷേത്രത്തിനു പിൻ വശം
AD 1163 കളിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം ചോളരാജ്യത്തിന്റെ ശക്തി ക്ഷയിച്ച കാലത്താണ് പണികഴിപ്പിച്ചത്. പിന്നീട് 150 വർഷത്തിനകം ചോളരാജ്യം നാമാവശേഷമായി.
ക്ഷേത്ര വിമാനം (മറ്റൊരു ദൃശ്യം) 
ക്ഷേത്രച്ചുവരുകളിൽ ഭരതനാട്യത്തിലെ മുദ്രകളും കരണങ്ങളും അനാവരണം ചെയ്യപ്പെട്ടിരുന്നു.
ദൈവനായകിയമ്മൻ ക്ഷേത്രം (മറ്റൊരു ദൃശ്യം)
കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ട വിമാനത്തിനു കീഴേ ശ്രീ പാർവ്വതി ദൈവനായകിയമ്മനായ് കുടിയിരുന്നു. വളരെ ശാന്തമായ ക്ഷേത്രസന്നിധി.
ദൈവനായകിയമ്മൻ ക്ഷേത്രം (മറ്റൊരു ദൃശ്യം)
സഞ്ചാരികളുടെ തിരക്കോ,ക്ഷേത്ര പുരോഹിതന്മാരുടെ പിടിച്ചുപറിയോ കാണാത്ത ഏകക്ഷേത്രമായിരിക്കാമിതെന്നെനിക്കു തോന്നി.
ക്ഷേത്രഗോപുരത്തിന്റെ മുകൾ ഭാഗം
ദീപാലങ്കൃതമായ ശ്രീ കോവിലിൽ ചുവന്ന പട്ടണിഞ്ഞ ദൈവനായകിയമ്മനെ തൊഴുത് ഞങ്ങൾ ക്ഷേത്രത്തിനു പുറത്തിറങ്ങി.


Friday, October 7, 2011

ചോള സാമ്രാജ്യത്തിലൂടെ – ഗംഗൈകൊണ്ട ചോളപുരം

ചിദംബര ദർശനത്തിനു ശേഷം അടുത്ത ലക്ഷ്യമായ ഗംഗൈകൊണ്ട ചോളപുരമെന്ന ചോളരാജ്യ തലസ്ഥാനത്തേക്ക് ഞങ്ങൾ യാത്ര തിരിച്ചു. ഏതാണ്ട് രണ്ട് മണിക്കൂർ ദൂരമുണ്ട് ചിദംബരത്തുനിന്നും ഗംഗൈകൊണ്ട ചോളപുരത്തേക്ക്..
ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രം
പക്ഷേ ചിദംബരത്തു നിന്നും ബസ് കുറവായതിനാൽ കാട്ടുമന്നാർക്കുടിയെന്ന സ്ഥലത്തേക്ക് ബസ് കയറിയാൽ മതിയെന്ന് ഹോട്ടലിൽ നിന്നും വിവരം ലഭിച്ചിരുന്നു.അതനുസരിച്ച് ഞങ്ങൾ കാട്ടുമന്നാർക്കുടി ബസിൽ കയറി.
ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രം
വിജനമായ വഴികളിലൂടെ ബസ് യാത്ര തിരിച്ചു. വിശാലമായ നെൽ വയലുകൾ..ചിലയിടങ്ങളിൽ ചോളവും കൃഷിചെയ്യുന്നു. വിദൂരതയിൽ തലയുയർത്തി നിൽക്കുന്ന കവുങ്ങിൻ തലപ്പുകൾ..
ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രം
ഗ്രാമഭംഗി പകർന്ന് ആട്ടിൻ പറ്റങ്ങൾ…ബസ് കാട്ടുമന്നാർക്കുടിയിലെത്താൻ ഒരു മണിക്കൂറെടുത്തു. കാട്ടുമന്നാർക്കുടിയിൽ നിന്നും ജയംകൊണ്ടാൻ ബസിൽ കയറി ഗംഗൈകൊണ്ട ചോളപുരമെത്താം.
ബൃഹദീശ്വര ക്ഷേത്രം
അല്പ നേരത്തെ കാത്തിരുപ്പിനുശേഷം ജയംകൊണ്ടാൻ ബസ് വന്നു ചേർന്നു. ജയംകൊണ്ടാൻ ബസിൽ തുടർന്നുള്ള യാത്ര. ഏകദേശം 40 മിനുട്ടിനകം ഞങ്ങൾ ചോളസാമ്രാജ്യ തലസ്ഥാനത്തെത്തിച്ചേർന്നു.
നന്ദി പ്രതിഷ്ഠ
ബസ് ഇറങ്ങിയതും ഞങ്ങൾക്കു മുന്നിലതാ ഭീമാകാരമായ ഗംഗൈകൊണ്ട ചോളപുരം ശിവക്ഷേത്രം!!ചോളസാമ്രാജ്യത്തിന്റെ പ്രൗഢിയും ഗാംഭീര്യവും വിളിച്ചറിയിക്കുന്ന കൊത്തുപണികളാൽ അലങ്കൃതമായ ബൃഹദീശ്വര ക്ഷേത്രം.
നന്ദി പ്രതിഷ്ഠ
ചോള തലസ്ഥാനമായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണു ഗംഗൈകൊണ്ട ചോളപുരക്ഷേത്രത്തിന്റെ നിർമൃതിയും.
ക്ഷേത്രം മറ്റൊരു ദൃശ്യം
ഗംഗൈകൊണ്ട ചോളപുരം രാജേന്ദ്രചോളനാൽ നിർമ്മിക്കപ്പെട്ട ചോളതലസ്ഥാനമായിരുന്നു. അതിനു മുൻപ് വരെ തഞ്ചാവൂരായിരുന്നു ചോളരാജ്യ തലസ്ഥാനം.
നന്ദിയ്ക്ക് മുന്നിൽ
രാജേന്ദ്രചോളൻ ഗംഗാനദിവരെയുള്ള പ്രദേശം കീഴടക്കിയതിന്റെ സ്മരണാർത്ഥമാണു ഗംഗൈ കൊണ്ട ചോളപുരം അല്ലെങ്കിൽ ഗംഗ കണ്ട ചോളപുരമെന്ന ചോളതലസ്ഥാനത്തിന്റെ പിറവി.
വംഗനാട് വരെ കീഴടക്കിയ രാജേന്ദ്രചോളൻ ഗംഗാനദിയിൽ നിന്ന് ആയിരം പൂർണ്ണകുംഭങ്ങളിൽ ഗംഗാജലം കൊണ്ടുവന്നാണു ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രത്തിലെ കുംഭാഭിഷേകം നടത്തിയത്.
ചോളരാജ്യ തലസ്ഥാനമായിരുന്നെങ്കിലും ഇപ്പോൾ അവശേഷിക്കുന്നത് ക്ഷേത്രം മാത്രമാണു.
ക്ഷേത്ര വിമാനം ഒരു ദൃശ്യം
സമീപ കാല ഖനനത്തിൽ കണ്ടെടുത്ത കൊട്ടാര അവശിഷ്ടങ്ങൾ മാളികമേട് എന്ന സ്ഥലത്ത് കാണാം.നടന്ന് ഞങ്ങൾ ക്ഷേത്രകവാടത്തിലെത്തി.
ക്ഷേത്ര വിമാനം
തകർക്കപ്പെട്ട നിലയിലുള്ള ക്ഷേത്രകവാടത്തിനു മുന്നിൽ നിന്ന് ക്ഷേത്രത്തെ നോക്കിക്കാണുമ്പോൾ ആ പ്രൗഢി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
നന്ദി മറ്റൊരു ദൃശ്യം
ഉച്ച വെയിലിൽ മഞ്ഞനിറത്തിലുള്ള ക്ഷേത്രഗോപുരം തിളങ്ങുന്നതുപോലെ തോന്നി. പതിവുപോലെ നന്ദി ശിവനഭിമുഖമായ് നിലകൊണ്ടു.
താണ്ഡവം
ഒരു മണിയോടെ നടയടച്ചിരുന്നതിനാൽ ഞങ്ങൾക്ക് ക്ഷേത്രദർശനം സാധിച്ചില്ല.നന്ദി വിഗ്രഹത്തിനരികെയായ് സിംഹത്തിന്റെ പ്രതിമ കാണാമായിരുന്നു.
സിംഹക്കിണർ
സിംഹത്തിന്റെ ഇരു കാലുകൾക്കിടയിലൂടെ പടവുകൾ കാണാനായി.ഈ പടവുകളിറങ്ങിയാലൊരു കിണറാണത്രേ..അതുകൊണ്ടായിരിക്കാം ഈ സിംഹപ്രതിമയെ സിംഹക്കിണറെന്നു വിളിച്ചിരുന്നത്.
സിംഹക്കിണർ
സിംഹക്കിണറിനെക്കുറിച്ച് മറ്റൊരൈതിഹ്യവുമുണ്ട്. ഒരിക്കൽ ബാണാസുരനായിരുന്നു ഈ പ്രദേശം ഭരിച്ചിരുന്നത്.
ക്ഷേത്ര വിമാനം പിന്നിൽ നിന്നൊരു ദൃശ്യം
ഗംഗയിൽ സ്നാനം ചെയ്യാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കാൻ ഉഗ്ര തപസ്സുകൊണ്ട് ഗംഗാദേവിയെ പ്രീതിപ്പെടുത്തി കിണറ്റിൽ ഗംഗാജലം വരുത്തിയത്രേ..
ചുവരിലെ കൊത്തുപണികൾ
ഏതാണ്ട് ആറേക്കറോളം വരുന്ന സ്ഥലത്താണ് ക്ഷേത്രം നിലകൊള്ളുന്നത്. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തോട് സാമ്യമുണ്ടെങ്കിലും ഗംഗൈകൊണ്ട ചോളപുരക്ഷേത്രത്തിന്റെ
ആനന്ദ താണ്ഡവമൂർത്തി
നിർമ്മാണം രാജേന്ദ്രചോളൻ പൂർത്തിയാക്കിയില്ലത്രേ..
സരസ്വതി ദേവി
അതുകൊണ്ട് തന്റെ അച്ഛൻ പണികഴിപ്പിച്ച തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം ഒന്നാമതായ് നിലകൊള്ളുമെന്ന് രാജേന്ദ്രചോളൻ കരുതി.
യുണെസ്കോയുടെ വേൾഡ് ഹെറിറ്റേജുകളിലൊന്നായ ലിവിങ്ങ് ചോള ക്ഷേത്രത്തിലൊന്നാണു
അർദ്ധ നാരീശ്വര ശില്പം
ഗംഗൈകൊണ്ട ശിവക്ഷേത്രം. ശില്പകലയുടെ കേദാരമാണീക്ഷേത്രം.
ശില്പിയുടെ കരവിരുത് എല്ലാശിലകളിലും കാണാനാകും.സരസ്വതീ ദേവിയും,
ഭിക്ഷാടക വേഷധാരിയായ ശിവൻ
ഭിക്ഷാടക വേഷധാരിയായ മഹേശ്വരനും, അർദ്ധനാരീശ്വരനുമെല്ലാം ജീവസ്സുറ്റതുപോലെ തോന്നി.
ക്ഷേത്ര വിമാനം
എല്ലാറ്റിനുമുപരി നടരാജശില്പവും കൊത്തിവച്ചിരുന്നു. ആ ശില്പികളുടെ കഴിവിനെ മനസ്സാ നമിച്ചുപോയി.
മഹാവിഷ്ണു
ശിവ പാർവ്വതി 
ബ്രഹ്മാവ് 
കൊത്തുപണികളുടെ ഇടയിൽ വ്യത്യസ്ഥമായൊരു ശില്പം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അത് രാജേന്ദ്രചോളന്റെ കിരീടധാരണമായിരുന്നു.
ക്ഷേത്രം മറ്റൊരു ദൃശ്യം
ശിവപാർവ്വതിമാരുടെ അനുഗ്രഹാശിസ്സുകളോടെ കിരീടധാരണം നടത്തുന്ന രാജേന്ദ്രചോളന്റെ ശില്പം അത്യന്തം ആകർഷണീയമാണ്.
രാജേന്ദ്ര ചോളന്റെ കിരീടധാരണം
അല്പനേരത്തിനു ശേഷം ഞങ്ങൾ ക്ഷേത്രത്തിനടുത്തു തന്നെയുള്ള ആർക്കിയോളജിക്കൽ മ്യൂസിയം കാണാൻ പോയി.
ഖനനത്തിൽ കണ്ടെത്തിയ ശില്പങ്ങൾ
സമീപകാലത്ത് നടത്തിയ ഖനനങ്ങളിൽ കണ്ടെത്തിയ ശില്പങ്ങളും നാണയങ്ങളും പഴയഓലക്കെട്ടുകളുമവിടെ സംരക്ഷിച്ചിരുന്നു.
ഖനനത്തിൽ കണ്ടെത്തിയ ശില്പങ്ങൾ
ഖനനത്തിൽ കണ്ടെത്തിയ ശില്പങ്ങൾ
വെയിൽ കനത്തുതുടങ്ങി..കുംഭകോണത്തെത്താനുള്ള വെമ്പലിൽ ഞങ്ങൾ ചോള തലസ്ഥാനത്തോട് യാത്ര പറഞ്ഞു.