Wednesday, October 19, 2011

ചോള സാമ്രാജ്യത്തിലൂടെ…. ഐരാവതേശ്വര ക്ഷേത്രം

ദൈവനായകി അമ്മൻ ക്ഷേത്രത്തിൽ നിന്നും ഞങ്ങൾ അടുത്തു തന്നെയുള്ള ഐരാവതേശ്വര ക്ഷേത്രത്തിലേക്ക് നടന്നു. വിശാലമായ പുൽത്തകിടിയും കടന്ന് ഞങ്ങൾ ഐരാവതേശ്വര ക്ഷേത്ര കവാടത്തിനു മുന്നിലെത്തി.സന്ധ്യയുടെ ചുവപ്പിലമർന്ന് ക്ഷേത്രഗോപുരം നിലകൊണ്ടു. ശില്പകലയുടെ സുവർണ്ണ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ഗോപുരം. സായാഹ്ന സൂര്യന്റെ പൊൻപ്രഭ ക്ഷേത്രഗോപുരത്തെ കൂടുതൽ സുന്ദരമാക്കി.
ഐരാവതേശ്വര ക്ഷേത്ര ഗോപുരം
ശില്പകലയുടെ മാസ്റ്റർപീസെന്ന് വിളിക്കാവുന്ന ക്ഷേത്രഗോപുരത്തിൽ കൊത്തുപണികളില്ലാത്ത ശിലകളൊന്നും തന്നെ കാണുവാൻ കഴിയില്ല
നന്ദികേശ്വര പ്രതിഷ്ഠ
ഇവിടെയും കൂറ്റൻ നന്ദികേശ്വര പ്രതിഷ്ഠ കാണാം.ശില്പകലയുടെ പൂർണ്ണ ഭാവങ്ങൾ ആസ്വദിച്ച് ഞങ്ങൾ ക്ഷേത്രാങ്കണത്തിലേക്ക് നടന്നു.ശില്പകലയെ അതിന്റെ ഔന്നിത്യത്തിലെത്തിച്ച ചോളരാജാക്കന്മാരെ ഒരു നിമിഷം ഓർത്തുപോയി. ചോള രാജ്യത്തിന്റെ അവസാന കാലഘട്ടത്തിലാണത്രേ ഈ ക്ഷേത്രം നിർമ്മിച്ചത്. രാജ രാജ ചോളൻ രണ്ടാമനാണത്രേ ഈ ക്ഷേത്രം നിർമ്മിച്ചത്.
ക്ഷേത്ര ഗോപുരം സായാഹ്ന ദൃശ്യം
തഞ്ചാവൂർ ശില്പികളുടെ കഴിവ് എത്രത്തോളമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ക്ഷേത്ര കവാടം.
കൽമണ്ഡപത്തിലെ കുതിരകൾ
ക്ഷേത്ര ഗോപുരവും കടന്നകത്തെത്തുമ്പോൾ കാണുന്ന മുഖമണ്ഡപത്തെ രാജഗംഭീരമണ്ഡപമെന്നാണ് വിളിക്കുന്നത്. ആനകൾ വലിക്കുന്നതു പോലെയുള്ള മണ്ഡപത്തിലെ കൊത്തുപണികളുടെ ചാരുത എങ്ങനെ വിവരിക്കാനാണ് !
കൽമണ്ഡപത്തിലെ ആനകൾ
വിസ്മയിച്ചു നിന്നു പോയി അല്പനേരം…മണ്ഡപത്തിലെ കൽപ്പടവുകളിൽ രഥം വലിക്കുന്ന കുതിരകൾ..അതി സൂക്ഷ്മമായി പണിതിരിക്കുന്നു . കുതിരകൾ വലിക്കുന്ന രഥചക്രത്തിന്റെ ആരക്കാലുകൾ വരെ സൂക്ഷ്മമായി കൊത്തിയിരിക്കുന്നു.
കൽമണ്ഡപത്തിലെ കുതിരകൾ
മറ്റൊരു ദിശയിലുള്ള പടവുകളിൽ രഥം വലിക്കുന്ന ആനകൾ!! ചോള രാജ്യം ക്ഷയിച്ച സമയത്താണീക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി.
കൽമണ്ഡപത്തിലെ ആനകൾ
മുഖമണ്ഡപത്തിനകത്തേക്ക് കയറിയപ്പോൾ കണ്ടത് ശില്പകലയുടെ വേറിട്ട ഭാവങ്ങൾ.. താമരയുടെ മധ്യത്തിൽ നിൽക്കുന്ന ശിവ പാർവ്വതിമാർ..ഭരതനാട്യത്തിലെ വിവിധ മുദ്രകൾ.. താണ്ഡവമാടുന്ന നടരാജമൂർത്തി. കൈലാസമെടുത്ത് അമ്മാനമാടുന്ന രാവണൻ എന്നിങ്ങനെ വിവിധ ഭാവങ്ങളിലുള്ള ശില്പങ്ങൾ..മണ്ഡപത്തിലെ തൂണുകൾ സപ്തസ്വരങ്ങൾ മീട്ടുന്നു. മണ്ഡപത്തിലെ തൂണുകളും ഒട്ടും വ്യത്യസ്തമല്ല. നൃത്തം ചെയ്യുന്ന സ്ത്രീകൾ.ദേവീദേവന്മാർ..എല്ലാം ഒന്നിനോടൊന്ന് മെച്ചം..
മറ്റൊരു മണ്ഡപം
പുറം ചുവരിലാകട്ടെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിൽ കണ്ടതു പോലുള്ള ശില്പങ്ങൾ..ഭിക്ഷാടക വേഷധാരിയായ ശിവൻ,വീണയില്ലാതെ നിൽക്കുന്ന സരസ്വതി.അർദ്ധനാരീശ്വര സങ്കല്പം..എന്നിങ്ങനെ വിവിധതരം ശില്പങ്ങൾ മിഴിവോടെ കൊത്തിയിരിക്കുന്നു.സായാഹ്ന സൂര്യന്റെ കിരണങ്ങൾ ക്ഷേത്രഗോപുരങ്ങളിൽ തട്ടി പ്രതിഫലിച്ചു.. ചുവന്ന കല്ലുകളിൽ പണിതതിനാലായിരിക്കണം ചുവന്ന രശ്മികൾ കൂടുതൽ പ്രഭയുള്ളതായ് തോന്നാൻ കാരണം.
മണ്ഡപം
മണ്ഡപത്തിലൂടെ നടന്ന് ഞങ്ങൾ ശ്രീ കോവിലിനു മുന്നിലെത്തി.ശില്പിയുടെ കഴിവിനെ പരാമാവധി ഉപയോഗിച്ചിരിക്കുന്നു ക്ഷേത്രത്തിലെവിടെയും.. ശ്രീ കോവിലിനു മുന്നിലെ ദ്വാരപാലകർ തന്നെയാണ് ഇതിന് ഉത്തമ ഉദാഹരണം, ശ്രീ കോവിലിനകത്ത് ഐരാവതേശ്വരൻ ലിംഗരൂപധാരിയായ് നിലകൊള്ളുന്നു. ശിവലിംഗത്തിന്റെ വലിപ്പവും ശ്രദ്ധേയമാണ്. ബൃഹദീശ്വര ക്ഷേത്രത്തിലെ ശിവലിംഗവുമായ് താരതമ്യം ചെയ്യാൻ പറ്റില്ലെങ്കിലും , ശ്രീ കോവിലിന്റെ അകം മുഴുവൻ നിറഞ്ഞു നിൽക്കുന്നതു പോലെ തോന്നി ഐരാവതേശ്വരൻ.
ക്ഷേത്ര ഗോപുരം
ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയിലും ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ ദുർവാസാവ് മഹർഷി ദേവേന്ദ്രന് ഒരു പുഷ്പഹാരം നൽകി.ദേവേന്ദ്രനത് തന്റെ വാഹനമായ ഐരാവതമെന്ന വെളുത്ത ആനയ്ക്ക് ചാർത്തി.
പുഷ്പത്തിന്റെ സൗരഭ്യം കാരണം തേൻ കുടിക്കാൻ വന്ന വണ്ടുകൾ ഐരാവതത്തിനു ശല്യമായ് ഭവിച്ചു. ഒടുവിൽ ശല്യം സഹിക്കവയ്യാതെ ഐരാവതം പുഷ്പഹാരം നിലത്തെറിഞ്ഞു. ഇതു കണ്ടു നിന്ന ദുർവ്വാസാവിനു താൻ അപമാനിക്കപ്പെട്ടതായ് തോന്നി.
ക്ഷേത്ര ഗോപുരം

അദ്ദേഹം ദേവേന്ദ്രനേയും ഐരാവതത്തേയും ശപിച്ചു. വെളുത്ത നിറമുള്ള ഐരാവതത്തിന്റെ നിറം മങ്ങിപ്പോകട്ടേയെന്നായിരുന്നു ശാപം. ശാപമോചനത്തിന് ശിവനെ പൂജിക്കാൻ ഐരാവതത്തോട് ദുർവ്വാസാവു പറഞ്ഞു.
ക്ഷേത്ര വിമാനം

അങ്ങനെ ഐരാവതം ശിവനെ പൂജിച്ച ക്ഷേത്രമായതിനാലാണ് ക്ഷേത്രത്തിന് ഐരാവതേശ്വരമെന്ന പേർ വന്നത്. ഐരാവതേശ്വരനെ വണങ്ങി മണ്ഡപത്തിലെത്തിയപ്പോൾ പൂജാരി കീർത്തനങ്ങൾ ആലപിക്കാൻ തുടങ്ങി. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു അദ്ദേഹത്തിന്റെ ആലാപനം..ശിവസ്തുതികൾ കേട്ട് ഞങ്ങൾ ഐരാവതേശ്വരക്ഷേത്രത്തോട് വിടപറഞ്ഞു.

2 comments:

  1. ശ്രീകോവിലിന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന ശിവലിംഗം ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ !!

    ReplyDelete
  2. സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വിവരണം ...ഒപ്പിയെടുത്ത ചിത്രങ്ങള്‍ കണ്ടിട്ടും കണ്ടിട്ടും കൊതി തീര്‍ന്നില്ല കേട്ടോ...ഒരായിരം നന്ദി സുഹൃത്തേ ...വീണ്ടും വരാം .. സസ്നേഹം ..

    ReplyDelete