Friday, October 7, 2011

ചോള സാമ്രാജ്യത്തിലൂടെ – ഗംഗൈകൊണ്ട ചോളപുരം

ചിദംബര ദർശനത്തിനു ശേഷം അടുത്ത ലക്ഷ്യമായ ഗംഗൈകൊണ്ട ചോളപുരമെന്ന ചോളരാജ്യ തലസ്ഥാനത്തേക്ക് ഞങ്ങൾ യാത്ര തിരിച്ചു. ഏതാണ്ട് രണ്ട് മണിക്കൂർ ദൂരമുണ്ട് ചിദംബരത്തുനിന്നും ഗംഗൈകൊണ്ട ചോളപുരത്തേക്ക്..
ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രം
പക്ഷേ ചിദംബരത്തു നിന്നും ബസ് കുറവായതിനാൽ കാട്ടുമന്നാർക്കുടിയെന്ന സ്ഥലത്തേക്ക് ബസ് കയറിയാൽ മതിയെന്ന് ഹോട്ടലിൽ നിന്നും വിവരം ലഭിച്ചിരുന്നു.അതനുസരിച്ച് ഞങ്ങൾ കാട്ടുമന്നാർക്കുടി ബസിൽ കയറി.
ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രം
വിജനമായ വഴികളിലൂടെ ബസ് യാത്ര തിരിച്ചു. വിശാലമായ നെൽ വയലുകൾ..ചിലയിടങ്ങളിൽ ചോളവും കൃഷിചെയ്യുന്നു. വിദൂരതയിൽ തലയുയർത്തി നിൽക്കുന്ന കവുങ്ങിൻ തലപ്പുകൾ..
ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രം
ഗ്രാമഭംഗി പകർന്ന് ആട്ടിൻ പറ്റങ്ങൾ…ബസ് കാട്ടുമന്നാർക്കുടിയിലെത്താൻ ഒരു മണിക്കൂറെടുത്തു. കാട്ടുമന്നാർക്കുടിയിൽ നിന്നും ജയംകൊണ്ടാൻ ബസിൽ കയറി ഗംഗൈകൊണ്ട ചോളപുരമെത്താം.
ബൃഹദീശ്വര ക്ഷേത്രം
അല്പ നേരത്തെ കാത്തിരുപ്പിനുശേഷം ജയംകൊണ്ടാൻ ബസ് വന്നു ചേർന്നു. ജയംകൊണ്ടാൻ ബസിൽ തുടർന്നുള്ള യാത്ര. ഏകദേശം 40 മിനുട്ടിനകം ഞങ്ങൾ ചോളസാമ്രാജ്യ തലസ്ഥാനത്തെത്തിച്ചേർന്നു.
നന്ദി പ്രതിഷ്ഠ
ബസ് ഇറങ്ങിയതും ഞങ്ങൾക്കു മുന്നിലതാ ഭീമാകാരമായ ഗംഗൈകൊണ്ട ചോളപുരം ശിവക്ഷേത്രം!!ചോളസാമ്രാജ്യത്തിന്റെ പ്രൗഢിയും ഗാംഭീര്യവും വിളിച്ചറിയിക്കുന്ന കൊത്തുപണികളാൽ അലങ്കൃതമായ ബൃഹദീശ്വര ക്ഷേത്രം.
നന്ദി പ്രതിഷ്ഠ
ചോള തലസ്ഥാനമായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണു ഗംഗൈകൊണ്ട ചോളപുരക്ഷേത്രത്തിന്റെ നിർമൃതിയും.
ക്ഷേത്രം മറ്റൊരു ദൃശ്യം
ഗംഗൈകൊണ്ട ചോളപുരം രാജേന്ദ്രചോളനാൽ നിർമ്മിക്കപ്പെട്ട ചോളതലസ്ഥാനമായിരുന്നു. അതിനു മുൻപ് വരെ തഞ്ചാവൂരായിരുന്നു ചോളരാജ്യ തലസ്ഥാനം.
നന്ദിയ്ക്ക് മുന്നിൽ
രാജേന്ദ്രചോളൻ ഗംഗാനദിവരെയുള്ള പ്രദേശം കീഴടക്കിയതിന്റെ സ്മരണാർത്ഥമാണു ഗംഗൈ കൊണ്ട ചോളപുരം അല്ലെങ്കിൽ ഗംഗ കണ്ട ചോളപുരമെന്ന ചോളതലസ്ഥാനത്തിന്റെ പിറവി.
വംഗനാട് വരെ കീഴടക്കിയ രാജേന്ദ്രചോളൻ ഗംഗാനദിയിൽ നിന്ന് ആയിരം പൂർണ്ണകുംഭങ്ങളിൽ ഗംഗാജലം കൊണ്ടുവന്നാണു ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രത്തിലെ കുംഭാഭിഷേകം നടത്തിയത്.
ചോളരാജ്യ തലസ്ഥാനമായിരുന്നെങ്കിലും ഇപ്പോൾ അവശേഷിക്കുന്നത് ക്ഷേത്രം മാത്രമാണു.
ക്ഷേത്ര വിമാനം ഒരു ദൃശ്യം
സമീപ കാല ഖനനത്തിൽ കണ്ടെടുത്ത കൊട്ടാര അവശിഷ്ടങ്ങൾ മാളികമേട് എന്ന സ്ഥലത്ത് കാണാം.നടന്ന് ഞങ്ങൾ ക്ഷേത്രകവാടത്തിലെത്തി.
ക്ഷേത്ര വിമാനം
തകർക്കപ്പെട്ട നിലയിലുള്ള ക്ഷേത്രകവാടത്തിനു മുന്നിൽ നിന്ന് ക്ഷേത്രത്തെ നോക്കിക്കാണുമ്പോൾ ആ പ്രൗഢി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
നന്ദി മറ്റൊരു ദൃശ്യം
ഉച്ച വെയിലിൽ മഞ്ഞനിറത്തിലുള്ള ക്ഷേത്രഗോപുരം തിളങ്ങുന്നതുപോലെ തോന്നി. പതിവുപോലെ നന്ദി ശിവനഭിമുഖമായ് നിലകൊണ്ടു.
താണ്ഡവം
ഒരു മണിയോടെ നടയടച്ചിരുന്നതിനാൽ ഞങ്ങൾക്ക് ക്ഷേത്രദർശനം സാധിച്ചില്ല.നന്ദി വിഗ്രഹത്തിനരികെയായ് സിംഹത്തിന്റെ പ്രതിമ കാണാമായിരുന്നു.
സിംഹക്കിണർ
സിംഹത്തിന്റെ ഇരു കാലുകൾക്കിടയിലൂടെ പടവുകൾ കാണാനായി.ഈ പടവുകളിറങ്ങിയാലൊരു കിണറാണത്രേ..അതുകൊണ്ടായിരിക്കാം ഈ സിംഹപ്രതിമയെ സിംഹക്കിണറെന്നു വിളിച്ചിരുന്നത്.
സിംഹക്കിണർ
സിംഹക്കിണറിനെക്കുറിച്ച് മറ്റൊരൈതിഹ്യവുമുണ്ട്. ഒരിക്കൽ ബാണാസുരനായിരുന്നു ഈ പ്രദേശം ഭരിച്ചിരുന്നത്.
ക്ഷേത്ര വിമാനം പിന്നിൽ നിന്നൊരു ദൃശ്യം
ഗംഗയിൽ സ്നാനം ചെയ്യാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കാൻ ഉഗ്ര തപസ്സുകൊണ്ട് ഗംഗാദേവിയെ പ്രീതിപ്പെടുത്തി കിണറ്റിൽ ഗംഗാജലം വരുത്തിയത്രേ..
ചുവരിലെ കൊത്തുപണികൾ
ഏതാണ്ട് ആറേക്കറോളം വരുന്ന സ്ഥലത്താണ് ക്ഷേത്രം നിലകൊള്ളുന്നത്. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തോട് സാമ്യമുണ്ടെങ്കിലും ഗംഗൈകൊണ്ട ചോളപുരക്ഷേത്രത്തിന്റെ
ആനന്ദ താണ്ഡവമൂർത്തി
നിർമ്മാണം രാജേന്ദ്രചോളൻ പൂർത്തിയാക്കിയില്ലത്രേ..
സരസ്വതി ദേവി
അതുകൊണ്ട് തന്റെ അച്ഛൻ പണികഴിപ്പിച്ച തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം ഒന്നാമതായ് നിലകൊള്ളുമെന്ന് രാജേന്ദ്രചോളൻ കരുതി.
യുണെസ്കോയുടെ വേൾഡ് ഹെറിറ്റേജുകളിലൊന്നായ ലിവിങ്ങ് ചോള ക്ഷേത്രത്തിലൊന്നാണു
അർദ്ധ നാരീശ്വര ശില്പം
ഗംഗൈകൊണ്ട ശിവക്ഷേത്രം. ശില്പകലയുടെ കേദാരമാണീക്ഷേത്രം.
ശില്പിയുടെ കരവിരുത് എല്ലാശിലകളിലും കാണാനാകും.സരസ്വതീ ദേവിയും,
ഭിക്ഷാടക വേഷധാരിയായ ശിവൻ
ഭിക്ഷാടക വേഷധാരിയായ മഹേശ്വരനും, അർദ്ധനാരീശ്വരനുമെല്ലാം ജീവസ്സുറ്റതുപോലെ തോന്നി.
ക്ഷേത്ര വിമാനം
എല്ലാറ്റിനുമുപരി നടരാജശില്പവും കൊത്തിവച്ചിരുന്നു. ആ ശില്പികളുടെ കഴിവിനെ മനസ്സാ നമിച്ചുപോയി.
മഹാവിഷ്ണു
ശിവ പാർവ്വതി 
ബ്രഹ്മാവ് 
കൊത്തുപണികളുടെ ഇടയിൽ വ്യത്യസ്ഥമായൊരു ശില്പം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അത് രാജേന്ദ്രചോളന്റെ കിരീടധാരണമായിരുന്നു.
ക്ഷേത്രം മറ്റൊരു ദൃശ്യം
ശിവപാർവ്വതിമാരുടെ അനുഗ്രഹാശിസ്സുകളോടെ കിരീടധാരണം നടത്തുന്ന രാജേന്ദ്രചോളന്റെ ശില്പം അത്യന്തം ആകർഷണീയമാണ്.
രാജേന്ദ്ര ചോളന്റെ കിരീടധാരണം
അല്പനേരത്തിനു ശേഷം ഞങ്ങൾ ക്ഷേത്രത്തിനടുത്തു തന്നെയുള്ള ആർക്കിയോളജിക്കൽ മ്യൂസിയം കാണാൻ പോയി.
ഖനനത്തിൽ കണ്ടെത്തിയ ശില്പങ്ങൾ
സമീപകാലത്ത് നടത്തിയ ഖനനങ്ങളിൽ കണ്ടെത്തിയ ശില്പങ്ങളും നാണയങ്ങളും പഴയഓലക്കെട്ടുകളുമവിടെ സംരക്ഷിച്ചിരുന്നു.
ഖനനത്തിൽ കണ്ടെത്തിയ ശില്പങ്ങൾ
ഖനനത്തിൽ കണ്ടെത്തിയ ശില്പങ്ങൾ
വെയിൽ കനത്തുതുടങ്ങി..കുംഭകോണത്തെത്താനുള്ള വെമ്പലിൽ ഞങ്ങൾ ചോള തലസ്ഥാനത്തോട് യാത്ര പറഞ്ഞു.

5 comments:

 1. ഒരു തീർത്ഥാടനം കൂടെ. എന്തുകൊണ്ടാണ് ക്ഷേത്ര ‘വിമാനം‘ എന്ന് പറയുന്നത് ?

  ReplyDelete
 2. തീർത്ഥാടനമായിട്ടല്ല ഈ യാത്ര..ശ്രീ പ്രവീൺ വട്ടപ്പറമ്പത്തിന്റെ യാത്ര യാത്രകളിൽ വായിച്ചപ്പോൾ ആഗ്രഹം തോന്നി. അതുകൊണ്ട് പോയതാ..
  ശ്രീ കോവിലിനു മുകളിൽ പടുത്തുയർത്തിയിരിക്കുന്ന ഗോപുരമാണ് ക്ഷേത്ര വിമാനമെന്ന് തോന്നുന്നു.
  ചോള ക്ഷേത്രങ്ങളിലെ ഗാംഭീര്യം തന്നെ ഇത്തരത്തിൽ പണിതിരിക്കുന്ന വിമാനങ്ങളാണ്..

  ReplyDelete
 3. എന്തുകൊണ്ടാണ് ഗോപുരത്തെ വിമാനം എന്ന് പറയുന്നത് എന്നാണെന്റെ ചോദ്യം. എന്തെങ്കിലും കാരണം ഉണ്ടോ ? അതേപ്പറ്റി അറിയാമോ ?

  ReplyDelete
 4. അതെനിക്കറിയില്ല.. മനോജേട്ടനറിയാമെങ്കിൽ ഒന്നു പോസ്റ്റുമോ?

  ReplyDelete
 5. വിമാനത്തിന് മലയാളത്തിൽ മറ്റെന്തിങ്കിലും വാക്കുണ്ടോ?

  ReplyDelete