അല്പ സമയത്തിന് ശേഷം ബസ് പതുക്കെ ചുരം കയറാന്‍ തുടങ്ങി,അപ്പോഴേക്കും മഴ എവിടെ നിന്നോ ഓടിയെത്തി.മഴ വന്നത് ബസിന്റെ വേഗത കുറച്ചു.ഇടതൂര്‍ന്ന വനത്തിലൂടെയായിരുന്നു.രാവിലെ പെയ്യുന്ന മഴയും ചെറിയ തണുത്ത കാറ്റും നല്ല കാടും,എല്ലാം കൊണ്ടും സുഖകരമായ ഒരു അന്തരീക്ഷം.ബസില്‍ ആളുകളും നന്നേ കുറവ്.ചില സ്ഥലങ്ങളില്‍ ഉറവ പൊട്ടി ചെറിയ നീര്‍ച്ചാലുകള്‍ ഒഴുകുന്നുണ്ടായിരുന്നു.വിരാജ് പേട്ട എത്താനായപ്പോള്‍ കാപ്പി കൃഷിയും ഓറഞ്ച് കൃഷിയുമൊക്കെ കണ്ടു തുടങ്ങി.ദൂരെ മലമടക്കുകളില്‍ അങ്ങിങ്ങായി ചെറിയ വീടുകള്‍.കുറച്ചു കൂടി പോയപ്പോള്‍ ഒരു ചായക്കടയും ചെക്ക് പോസ്റ്റും കണ്ടു.വീരാജ് പേട്ട ബസ് സ്ടാണ്ടില്‍ ഞങ്ങള്‍ ബസ് ഇറങ്ങി.വിരാജ് പേട്ട,കര്‍ണാടകയിലെ കുടഗ് ജില്ലയിലെ ചെറിയ ഒരു മലയോര പട്ടണം.കാര്യമായി വികസനം എത്തിയിട്ടില്ലാത്ത ബസ് സ്ടാണ്ടും പരിസരവും.പല കടകളും മലയാളികളുടെതാണ്.അടുത്ത ബസ് കുശാല്‍ നഗരിലേക്കാണ്.ഇനി ഒരു മണിക്കൂര്‍ കൂടി വേണം കുശാല്‍ നഗറില്‍ എത്താന്‍.അവിടെ നിന്ന് അടുത്താണ് ബൈലക്കുപ്പയിലുള്ള തിബറ്റന്‍ കോളനിയും സുവര്‍ണ ക്ഷേത്രവും.ബസ് വരാന്‍ 20 മിനിറ്റ് എടുക്കും എന്നറിയാന്‍ കഴിഞ്ഞു.വെറുതെ ബസ് കാത്തു നിന്നപ്പോഴാണ് പണ്ടെവിടെയോ വായിച്ചു മറന്ന ഇഗ്ഗുത്തപ്പനെ ഓര്മ വന്നത്.വിജയെട്ടനാണ് ഇഗ്ഗുത്തപ്പനെ കുറിച്ച് പറഞ്ഞത്.കുടകരുടെ ദേവനാണ് ഇഗ്ഗുത്തപ്പന്‍,സുബ്രഹ്മണ്യന്റെ അവതാരമായും ഇഗ്ഗുത്തപ്പനെ കരുതുന്നു.ധന ധാന്യങ്ങളുടെ ദേവനാണ് ഇഗ്ഗുത്തപ്പന്‍.മടിക്കേരിയില്‍ നിന്നും കാക്കബെയിലേക്ക് പോയാല്‍ ഇഗ്ഗുതപ്പന്റെ അമ്പലം കാണാമെന്നു വിജയേട്ടന് പറഞ്ഞു.ഇഗ്ഗുത്തപ്പനെ കുറിച്ച് പറഞ്ഞു തീരുമ്പോഴേക്കും കുശാല്‍നഗര്‍ ബസ് വന്നു.ഒരു പ്രൈവറ്റ് ബസ് ,ഗവണ്മെന്റ് ബസ് അര മണിക്കൂറില്‍ ഒന്ന് എന്ന രീതിയിലാണ് ഉള്ളത്.ഏതായാലും ഇന്ന് തന്നെ സുവര്‍ണ ക്ഷേത്രം കാണണം അതുകൊണ്ട് വേഗം ബസില്‍ ചാടി കയറി.ടിക്കറ്റ്നു 35 രൂപയായി ബസിലെ തിരക്ക് കണ്ടാല്‍ നാടുകാരെല്ലാം കൂടി കുശാല്‍ നഗറിലേക്ക് പോകുകയാണെന്ന് തോന്നും.പിന്നീടാണ് അറിഞ്ഞത് പച്ചക്കറിയും മറ്റും മടിക്കേരിയിലെ ചന്ദയിലെത്തിക്കാനാണ് ഈ തിരക്ക് എന്ന്.ബസ് പോയിക്കൊണ്ടിരുന്നത് വിശാലമായ കാപ്പി തോട്ടങ്ങളുടെ നടുവിലൂടെയായിരുന്നു.അല്പ സമയത്തിനകം ഞങ്ങള്‍ സിദ്ധാപുരം ബസ് സ്ടാണ്ടില്‍ എത്തി.ബസ് സ്റ്റാന്‍ഡില്‍ ഒരു മുത്തപ്പന് ക്ഷേത്രത്തിന്റെ പ്രവേശന കവാടം കണ്ടു.കണ്ണൂരിലെ പോലെ തന്നെ കുടഗിലും മുത്തപ്പന് ക്ഷേത്രങ്ങള്‍ ധാരാളമുണ്ടെന്നു വിജയേട്ടന് പറഞ്ഞു.മുത്തപ്പന്റെ ഐതിഹ്യങ്ങളില്‍ കുടഗിനുള്ള പ്രാധാന്യം വളരെ അധികമാണ്.താമസിയാതെ ബസ് സ്റ്റാര്‍ട്ട് ചെയ്തു.വീണ്ടും യാത്ര മലഞ്ചെരിവിലേക്ക് വഴിമാറി.ദൂരെ ഞങ്ങള്‍ പിന്നിട്ട പാതകള്‍ കോട മഞ്ഞു കൊണ്ട് മൂടിയിരുന്നു.റോഡെല്ലാം പൊട്ടി പൊളിഞ്ഞിരിക്കുന്നു.മഴ തോര്‍ന്നു.പലയിടത്തും കുടഗ് ശൈലിയിലുള്ള വീടുകള്‍ കാണാം.വഴിയരികില്‍ ഓറഞ്ച് മരങ്ങള്‍ കാണാം.പഴുത്തു വരുന്നതെയുള്ളു.ചില സ്ഥലങ്ങളില്‍ ഏലയ്ക്കയും കാപ്പിയും കൃഷി ചെയ്യുന്നു.കുടഗിനെ ഇന്ത്യയിലെ സ്കോട്ട് ലാന്‍ഡ് എന്നാണ് വിളിക്കുന്നത്.കുന്നുകള്‍ പിന്നിട്ട ഞങ്ങള്‍ താഴ്ന്ന പ്രദേശങ്ങളില്‍ എത്തി.നെല്‍കൃഷി ചെയ്തിരുന്ന പാടശേഖരത്തിലൂടെയായി പിന്നീടുള്ള യാത്ര.ഏതാണ്ട് കുട്ടനാട്ടില്‍ എത്തിയ ഒരു അനുഭൂതിയായിരുന്നു മനസ്സില്‍.പാടങ്ങളിലെ പച്ചപ്പും ഇളം വെയിലും ദൂരെയുള്ള തെങ്ങുകളും കേരളത്തിന്റെ പ്രതീതി ജനിപ്പിച്ചു.കുശാല്‍ നഗര്‍ എത്താറായപ്പോള്‍ കുറച്ചു വലിയ കെട്ടിടങ്ങള്‍ കണ്ടു തുടങ്ങി.10 മണിയോടെ ഞങ്ങള്‍ കുശാല്‍ നഗര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തി.പേരിനൊരു ബസ് സ്റ്റാന്റ് ,കാര്യമായി ബസ്സുകള്‍ ഒന്നുമില്ല.വിരാജ് പെട്ടയിലെതിനെക്കാളും വലിയ ടൌണ്‍.കഴിഞ്ഞ വര്‍ഷം ഞാന്‍ ബാംഗ്ലൂരില്‍ നിന്നും ബൈക്കില്‍ വന്നിരുന്നു.അന്ന് കണ്ട അതെ പോലെ തന്നെയാണ് ഇപ്പോഴും.കാര്യമായി മാറ്റമൊന്നുമില്ല.കുശാല്‍ നഗറില്‍ നിന്നും ബൈലക്കുപ്പയിലേക്ക് ബസിനു 6 രൂപ ദൂരമേ ഉള്ളൂ.ബസിനു കാത്തു നില്‍ക്കാതെ ഒരു ഓട്ടോയില്‍ ഞങ്ങള്‍ ബൈലക്കുപ്പയിലേക്ക് പുറപ്പെട്ടു.ബൈലക്കുപ്പയിലാണ് വിജയേട്ടന്റെ സുഹൃത്തിന്റെ വീട്.അദ്ദേഹം അവിടത്തെ കേന്ദ്രിയ വിദ്യാലയത്തില്‍ പഠിപ്പിക്കുന്നു.10 മിനിറ്റ് നുള്ളില്‍ ഞങ്ങള്‍ സുഹൃത്തിന്റെ വീട്ടിലെത്തി.ഉച്ചയൂണിനു ശേഷം തിബറ്റന്‍ ബുദ്ധ വിഹാരവും,സുവര്‍ണ ക്ഷേത്രവും കാണാമെന്നു വിജയേട്ടന് പറഞ്ഞു.12 :30 യ്ക് ഞങ്ങള്‍ തിബറ്റന്‍ കോളനി യിലേക്ക് പുറപ്പെട്ടു.ബൈലക്കുപ്പയില്‍ നിന്നു ഏഴു കിലോമീറ്റര്‍ പോയാല്‍ തിബറ്റന്‍ സുവര്‍ണ ക്ഷേത്രത്തില്‍ എത്താം.അവിടെ ഏതാണ്ട് 15 ഓളം ക്യാമ്പ് ഉണ്ട്.ഓരോ ക്യാമ്പിലും നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നു.ഒരു ഓട്ടോയില്‍ ഞങ്ങള്‍ ബൈലക്കുപ്പയില്‍ നിന്നും പുറപ്പെട്ടു.വഴിയരികില്‍ പലയിടത്തിലും പല നിറത്തിലുള്ള തുണികള്‍ കെട്ടിയിരുന്നു.പല പല മന്ത്രങ്ങള്‍ അവയില്‍ തിബറ്റന്‍ ഭാഷയില്‍ എഴുതിയിരുന്നു.എനിക്ക് നേപ്പാളില്‍ എത്തിയ പോലെ തോന്നി.എവിടെ തിരിഞ്ഞു നോക്കിയാലും ലാമമാര്‍.ഏക്കറുകണക്കിന് ചോളം കൃഷി ചെയ്തിരിക്കുന്നു.ഒരു കുന്നു മുഴുവന്‍ ചോളം അതിനറ്റത്തായി ഒരു ബുദ്ധവിഹാരം.തെളിഞ്ഞ ആകാശം.മനോഹരമായ കാഴ്ചയായിരുന്നു അത്.ചില സ്ഥലങ്ങളില്‍ മെറൂണും മഞ്ഞയും കലര്‍ന്ന വസ്ത്രങ്ങളിട്ടു ലാമമാര്‍ ഒറ്റയ്ക്കും കൂട്ടത്തോടെയും നടക്കുന്നു.വഴിയരികില്‍ ഒരു വോളി ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നു.ഗാലറി മുഴുവന്‍ ലാമമാര്‍.ആര്‍പ്പു വിളികള്‍ ഉച്ചത്തിലായിരുന്നു.സമയം നട്ടുച്ചയായതായി തോന്നിയില്ല.കുറച്ചു കൂടി പോയപ്പോള്‍ ഒരു മാര്‍ക്കറ്റ് കണ്ടു.തിരിച്ചു വരുമ്പോള്‍ മാര്‍ക്കറ്റില്‍ കയറാം എന്ന് തോന്നി.അവസാനം ഞങ്ങളുടെ ഓട്ടോ തിബറ്റന്‍ സുവര്‍ണ ക്ഷേത്രത്തിനു മുന്പില് നിര്‍ത്തി.അവിടെ നാം ഡ്രോ ലിങ്ഗ് മൊണാസ്ട്രി എന്ന് എഴുതി വച്ചിരുന്നു. ഓട്ടോയ്ക്ക് കാശ് കൊടുത്തു ഞാനും വിജയേട്ടനും മൊണാസ്ട്രിയിലേക്ക് കയറി.കയറിയ സ്ഥലം തന്നെ ലാമമാരുടെ ഒരു ഹോസ്റ്റല്‍ ആയിരുന്നു.മുന്നോട്ടു കുറച്ചു നടന്നപ്പോള്‍ തിബറ്റന്‍ സുവര്‍ണ ക്ഷേത്രം അഥവാ പദ്മസംഭവ ബുദ്ധ വിഹാരം കണ്ടു.
1999 ലാണ് തിബറ്റന്‍ സുവര്‍ണ ക്ഷേത്രം പണിതത്.മനോഹരമായ ഒരു ഉദ്യാനത്തിന്റെ മധ്യത്തിലാണ് ക്ഷേത്രം.തനത് തിബറ്റന്‍ ശൈലിയില്‍ വിവിധ വര്‍ണങ്ങളിലുള്ള ചിത്രപ്പണികള്‍ നിറഞ്ഞ ഒരു ക്ഷേത്രം.1963 ല്‍ നാം ഡ്രോ ലിങ്ഗ് മൊണാസ്ട്രി പെനോര്‍ റിമ്പോച്ചേ സ്ഥാപിച്ചു.ബുദ്ധ മതത്തിലെ
തന്നെ ന്യിംഗ് മ പാരമ്പര്യമുള്ള ഒരു മൊണാസ്ട്രിയാണ് നാം ഡ്രോ ലിങ്ഗ് മൊണാസ്ട്രി.ഇന്ത്യയില്‍ നിന്നും ബുദ്ധ മതത്തെ തിബത്തിലേക്ക് പ്രചരിപ്പിച്ചിരുന്ന കാലത്ത് എഴുതപ്പെട്ടു എന്ന് കരുതുന്ന പല ഗ്രന്ഥങ്ങളിലും ന്യിംഗ് മ പാരമ്പര്യത്തെ കുറിച്ച് പറയുന്നുണ്ട്.ന്യിംഗ് മ പാരമ്പര്യത്തിലുള്ളവരുടെ ആത്മീയ ഗുരു റിംപോച്ചേ പദ്മസംഭവയുടെ ജനനവും വളരെ വിചിത്രമാണ്.താമരയില്‍ നിന്നും സ്വയം ഭു ആയാണ് പദ്മസംഭവയുടെ ജനനം എന്ന് കരുതപ്പെടുന്നു.അതിനാല്‍ ഇദ്ദേഹത്തെ ബുദ്ധന്റെ മകനായും രണ്ടാം ബുദ്ധനായും കരുതുന്നു.ആദ്യത്തെ ബുദ്ധ വിഹാരം തിബറ്റില്‍ പണിതത് പദ്മസംഭവയാണ് .അതിനാല്‍ തന്നെ സുവര്‍ണ ക്ഷേത്രത്തിലുള്ള പല തങ്ക ചിത്രങ്ങളിലും പദ്മസംഭവയെയാണ് വരച്ചിരിക്കുന്നത്.ഞങ്ങള്‍ ലാമമാര്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്ന ഒരു ഹാളിലേക്ക് പോയി.അവിടെ ബുദ്ധ മത പ്രകാരമുള്ള ചില പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുന്നുണ്ടായിരുന്നു.
കുറച്ചു നേരം അത് കണ്ടു നിന്ന ശേഷം ഞങ്ങള്‍ പ്രധാന ഗോപുരതിനുള്ളിലേക്ക് കടന്നു.പ്രധാന ഹാളില്‍ വലിയ മൂന്നു പ്രതിമകള്‍.നടുവില്‍ ശ്രി ബുദ്ധനും,ഇടതുവശത്തായി ഗുരു പദ്മസംഭവനും വലതു വശത്തായി ബുദ്ധ അമിതായുസ്സുമാണ്.
പല വ്യാളി രൂപങ്ങളും സ്വര്‍ണ നിറത്തിലുള്ള താമരയുമെല്ലാം ബുദ്ധ വിഹാരത്തിന്റെ ഭംഗി കൂട്ടുന്നു.ഞങ്ങള്‍ കുറച്ചു നേരം അവിടെ ഇരുന്നു.പിന്നീട് മനോഹരമായ തങ്ക പെയിന്റിംഗ് കാണാന്‍ ചുവരുകളില്‍ കണ്ണോടിച്ചു.എല്ലാ പെയിന്റിംഗ്കളും അതിസുന്ദരം,വളരെ സൂക്ഷ്മമായി ഗുരു റിംപോചെയുടെ ജീവിതം വരച്ചു ചേര്‍ത്തിരിക്കുന്നു.ചില പെയിന്റിംഗ് സ്വര്‍ണ വരകള്‍ കൊണ്ട് മാത്രം തീര്‍ത്തതും മറ്റു ചിലത് വിവിധ വര്‍ണങ്ങളില്‍ തീര്‍ത്തിരിക്കുന്നു.
അല്പ സമയത്തിന് ശേഷം ഞങ്ങള്‍ മൊണാസ്ട്രിയുടെ മറ്റൊരു വഴിയിലൂടെ പുറത്തു കടന്നു.അവിടെ കുറെ മണികള്‍ കറങ്ങുന്നുണ്ടായിരുന്നു.അവയിലെല്ലാം തന്നെ "ഓം മണി പദ്മേ ഹും"എന്ന് ആലേഖനം ചെയ്തിരിക്കുന്നു.ഈ മണികള്‍ ക്ലോക്കിന്റെ വിപരീത ദിശയില്‍ തിരിച്ചു കൊണ്ടിരുന്നാല്‍ സമാധാനവും സന്തോഷവും വരുമെന്നാണ് ബുദ്ധ മത വിശ്വാസം.കുറച്ചകലെ ലാമമാര്‍ ഫുട്ബോള്‍ കളിക്കുന്നത് കണ്ടു.
പിന്നീട് ഞങ്ങള്‍ തിബത്തന്‍ ബുദ്ധ വിഹാരത്തിന്റെ മുന്‍ ഭാഗത്ത് വന്നു.ബുദ്ധമതത്തിന്റെ തനിമ ചോരാതെ നില്ക്കുന്ന പദ്മസംഭവ ബുദ്ധ വിഹാരത്തോട് ഞങ്ങള്‍ വിടപറഞ്ഞു.