നവഗ്രഹക്ഷേത്രദർശനത്തിനിടയിലാണ് മുകുന്ദനെന്നോടാചോദ്യം ചോദിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹനിർമ്മിതമായ നടരാജവിഗ്രഹമെവിടെയാണ് എന്നായിരുന്നു ആ ചോദ്യം.ചിദംബരം നടരാജനല്ല എന്ന് ചിദംബരദർശനത്തോടെ മനസ്സിലായിരുന്നു.അതുകൊണ്ട് തന്നെ അറിയില്ല എന്ന് പറയേണ്ടിവന്നു. ചിരിച്ചുകൊണ്ട് മുകുന്ദൻ ഡ്രൈവർ ആരോഗ്യരാജിനോട് എന്തോ പറഞ്ഞു.തിരക്കേറിയ നിരത്തിലൂടെ നീങ്ങിയ കാർ വളരെപെട്ടെന്നാണ് വിജനതയിലേക്ക് വലിച്ചെറിയപ്പെട്ടത്..ടാറിട്ട റോഡിൽ നിന്നും ചെമ്മൺ നിറഞ്ഞ പാതയായി വഴി പരിണമിച്ചിരുന്നു.തമിഴ് നാടിന്റെ ഗ്രാമീണത തുളുമ്പുന്ന നെൽപ്പാടങ്ങളും കരിമ്പിൻ തോട്ടങ്ങളും നിറഞ്ഞ വഴിത്താര.കുംഭകോണത്തുനിന്നും പത്തു കിലോമീറ്റർ അകലെയുള്ള കോനേരിരാജപുരമെന്ന ഗ്രാമമായിരുന്നു ലക്ഷ്യം.നെൽപ്പാടങ്ങളുടേയും കരിമ്പനകളുടേയും മധ്യത്തിലുള്ള ചെറുഗ്രാമമാണ് കോനേരിരാജപുരം.
|
കൊനേരിരാജപുരം ക്ഷേത്രം |
ശൂന്യമായ വഴികൾ വളഞ്ഞുപുളഞ്ഞ് കരിമ്പനകളിൽ അപ്രത്യക്ഷമാകുന്നു. ആരോഗ്യരാജിൽ വിശ്വാസമർപ്പിച്ച് ഞങ്ങൾ കാറിലിരുന്നു.വഴിമാറിപ്പോയോ എന്ന സംശയം വേറെ. ആരോടെങ്കിലും വഴിചോദിക്കാമെന്നുവച്ചാൽ തന്നെ ആരുമില്ലാതാനും.അല്പനേരത്തെ യാത്രയ്ക്ക് ശേഷം ദൂരെ ചെറിയ ഗോപുരം കാണാനായി.അടുക്കുന്തോറും അത് തകർന്നടിഞ്ഞ ക്ഷേത്രമായി രൂപാന്തരം പ്രാപിച്ചു. ക്ഷേത്രത്തിനുമുന്നിൽ കാർ നിർത്തി ഞങ്ങളിറങ്ങി. ക്ഷേത്രദർശനത്തിനായി ഞങ്ങളെക്കൂടാതെ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഞങ്ങളാ ശിവക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. ഉമാമഹേശ്വരനാണിവിടെ പ്രതിഷ്ഠ. ഇവിടുത്തെ പാർവ്വതിപ്രതിഷ്ഠയുടെ പേര് ദേഹസുന്ദരിയെന്നാണ്.അംഗവലനായകിയെന്നും പാർവ്വതിദേവി അറിയപ്പെടുന്നു.പ്രധാന കവാടത്തിൽ നിന്നു തന്നെ ശിവലിംഗം കാണാം.ശിവപ്രതിഷ്ഠയിൽ തൊഴുതുവന്നപ്പോൾ ഇടതുവശത്തായി ഞങ്ങളാശില്പം കണ്ടു.എട്ടരയടിയോളമുയരമുള്ള പഞ്ചലോഹനിർമ്മിതമായ നടരാജ വിഗ്രഹം.അത്ഭുതം തോന്നി.
|
നടരാജ വിഗ്രഹം (കടപ്പാട്:ഗൂഗിൾ) |
ഇത്രയേറെ വലിപ്പമുള്ള നടരാജവിഗ്രഹം ആദ്യമായിട്ടായിരുന്നു ഞങ്ങൾ കാണുന്നത്.ലോകത്തിലേക്കും തന്നെ ഏറ്റവും വലിയ പഞ്ചലോഹനടരാജ ശില്പമാണിത്.
ഈ ശിവക്ഷേത്രത്തിന്റെ നിർമ്മാണവും ഈ വിഗ്രഹവുമായുള്ള ബന്ധം അഭേദ്യമാണ്.ചോളരാജാവായ കന്ദരാദിത്യചോളന്റെ കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചത്.നടരാജ ശില്പം സ്വയംഭൂവാണെന്നാണിവിടുത്തെ വിശ്വാസം. നടരാജ വിഗ്രഹത്തിനുമുന്നിൽ നിന്നുകൊണ്ട് പൂജാരി ഞങ്ങൾക്കാ ഐതിഹ്യം പറഞ്ഞുതന്നു.
അതീവ ശൈവഭക്തരായിരുന്നു ചോളരാജാക്കന്മാർ,ചോളരാജ്യത്തിന്റെ അഭിവൃദിയ്ക്കും ഐശ്വര്യത്തിനും വേണ്ടി നാടുമുഴുവൻ അവർ ശിവക്ഷേത്രങ്ങൾ പണിതു.ഇതിനു പിന്തുടർച്ചയെന്നോണം ചോളരാജാവായിരുന്ന കന്ദരാദിത്യചോളൻ ഒരു ശില്പിയെ വിളിച്ച് ആറടി ഉയരമുള്ള നടരാജശില്പമുണ്ടാക്കാൻ കല്പിച്ചു. മൂന്ന് തവണ ശ്രമിച്ചിട്ടും വിഗ്രഹം പൂർത്തിയാക്കാൻ ശില്പിയ്ക്ക് കഴിഞ്ഞില്ല.ഓരോ ശ്രമത്തിലും വിഗ്രഹം തകർന്നടിഞ്ഞു. ഒടുവിൽ ക്ഷമകെട്ട രാജാവ് അവസാനമായി ഒരവസരം കൂടി ശില്പിയ്ക്ക് നൽകി. അതിൽ പരാജയപ്പെട്ടാൽ ശില്പിയുടെ തലവെട്ടാൻ കല്പിക്കുകയും ചെയ്തു.
|
നടരാജ ശില്പം (കടപ്പാട്:ഗൂഗിൾ) |
വളരെ ദു:ഖത്തോടെ ശില്പി നാലാമത് ശില്പമുണ്ടാക്കാൻ തുടങ്ങി.ഉരുക്കിയ ലോഹം അച്ചിലേക്കൊഴിക്കാൻ തുടങ്ങുമ്പോൾ ദാഹിച്ചുവലഞ്ഞ വൃദ്ധ ദമ്പതികൾ ശില്പിയുടെ മുന്നിലെത്തി.ദാഹം മാറ്റാൻ വെള്ളം ചോദിച്ച ദമ്പതികൾക്ക് ശില്പി ഉരുക്കിയ ലോഹം കാണിച്ചുകൊടുത്തു.ദമ്പതികളാ ലോഹം കുടിക്കുകയും നടരാജനും ശിവകാമസുന്ദരിയുമായ് രൂപാന്തരം പ്രാപിക്കുകയും ചെയ്തു. തഥവസരത്തിൽ ശില്പം കാണാനെത്തിയ രാജാവ് ശില്പ ചാരുത കണ്ട് ശില്പിയെ അഭിനന്ദിച്ചു.ശില്പി നടന്ന സത്യം രാജാവിനെ ധരിപ്പിച്ചു. പക്ഷേ ശില്പി നുണപറയുകയാണെന്ന് ധരിച്ച രാജാവ് ഉടവാളെടുത്ത് ശില്പത്തിന്റെ കാലിൽ വെട്ടുകയും ആ മുറിവിൽ നിന്നും രക്തപ്രവാഹമുണ്ടാകുകയും ചെയ്തു.തുടർന്ന് ഋഷഭാരൂഡ്ഡനായ് ശിവൻ പ്രത്യക്ഷപ്പെട്ട് വൈദ്യനാഥസങ്കല്പത്തിൽ ശിവലിംഗമായ് നിലകൊണ്ടുവത്രേ..പാശ്ചാത്താപ വിവശനായ കന്ദരാതിത്യ ചോളനിവിടെ ദീർഘകാലം ശിവപൂജനടത്തിയിരുന്നത്രേ..
|
ചുവർ ചിത്രം (കടപ്പാട്:ഗൂഗിൾ) |
ഐതിഹ്യവിവരണത്തിനു ശേഷം പൂജാരി കന്ദരാതിത്യനാൽ വെട്ടേറ്റ നടരാജ പാദം കാണിച്ചു തന്നു.രക്തം കട്ടപിടിച്ചപോലെ തോന്നി ആ മുറിവിൽ..തുടർന്ന് കാലിലെയും കൈകളിലെയും ഞരമ്പുകളും ഇടതുകൈയുടെ അടിയിലെ മറുകും പൂജാരി കാണിച്ചുതന്നു. ശ്വാസമടക്കിപ്പിടിച്ചാണ് അവയൊക്കെ ഞങ്ങൾ കണ്ടത്..അത്രയേറെ സൂക്ഷ്മമായിരുന്നു ആ ശില്പത്തിന്റെ നിർമ്മൃതി.അത് മനുഷ്യനാൽ നിർമ്മിക്കപ്പെട്ട ശില്പമാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്.കാലിലെ നീലഞരമ്പുകൾ പോലും വ്യക്തമായിക്കാണാം..വാരിയെല്ലിനു കീഴെയുള്ള നനുത്ത രോമങ്ങളും പൂജാരി കാണിച്ചുതന്നതോടെ ഞാനും മുകുന്ദനും മിഴിച്ചുനിന്നു പോയി.ഇത്രയേറെ പൂർണ്ണതയോടെ പണിത ശില്പം മറ്റെവിടെയും കാണാൻ സാധിക്കുകയില്ല.തിരുവാതിര നാളിലെ അഭിഷേകത്തിൽ ചെറുരോമങ്ങൾ പൊഴിയുമത്രേ..തൊട്ടടുത്തു തന്നെയുള്ള ശിവകാമി പ്രതിഷ്ഠയും ഒട്ടും വ്യത്യസ്തമല്ല.
|
ചുവർ ചിത്രം (കടപ്പാട്:ഗൂഗിൾ) |
നടരാജ ശില്പത്തിനടുത്തു തന്നെ ശില്പി പണിത മൂന്ന് ശില്പങ്ങൾ കാണാനാകും. മറ്റ് ശില്പങ്ങളുടെ കൂട്ടത്തിൽ കല്യാണ മൂർത്തിയായ ശിവന്റെ ശില്പവും കാത്യായനിയായ പാർവ്വതി ശില്പവും കാണാം.പിന്നീട് ഞങ്ങൾ ഷഡ് മുഖരൂപനായ സുബ്രഹ്മണ്യപ്രതിഷ്ഠ കണ്ടു. ഇതും ഒരത്ഭുതമായിരുന്നു.ആദ്യമായിട്ടായിരുന്നു ആറുമുഖമുള്ള സുബ്രഹ്മണ്യ പ്രതിഷ്ഠ ഞങ്ങൾ കാണുന്നത്. സുബ്രഹ്മണ്യ സന്നിധിയിലും തൊഴുത് ഞങ്ങൾ ക്ഷേത്രത്തിനു പുറത്തേക്കിറങ്ങി.
|
ചുവർ ചിത്രം (കടപ്പാട്:ഗൂഗിൾ) |
അപ്പോഴും മനസ്സിൽ നിറയെ എട്ടരയടി ഉയരമുള്ള നടരാജ വിഗ്രഹമായിരുന്നു. ശില്പകലയുടെ പൂർണ്ണത കാണണമെങ്കിൽ ചോളരാജ്യത്തേക്ക് വരണമെന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ആ ശില്പം. ഞങ്ങൾ കുംഭകോണത്തേക്ക് യാത്ര തിരിച്ചപ്പോഴും പറയാനുണ്ടായിരുന്നത് ആ ശില്പത്തെക്കുറിച്ച് മാത്രമായിരുന്നു. രോമങ്ങൾ വളരുന്ന,പൊഴിയുന്ന നീലഞരമ്പോടുന്ന എട്ടരയടി ഉയരമുള്ള പഞ്ചലോഹനിർമ്മിത നടരാജശില്പം.